1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 4, 2021

സ്വന്തം ലേഖകൻ: ഇന്ത്യയിലെ കർഷക പ്രക്ഷോഭത്തിന്​ പിന്തുണയുമായി പോപ്​ ഗായിക രിഹാനയും പരിസ്​ഥിതി പ്രക്ഷോഭങ്ങളിലെ കൗമാര മുഖം ​ഗ്രെറ്റ തു​ൻബെർഗും രംഗത്തെത്തി. ​കടുത്ത പ്രതിഷേധമറിയിച്ച്​ കാനഡ ഉൾപെടെ രാജ്യങ്ങൾ നേരത്തെ രംഗത്തുവന്നിരുന്നുവെങ്കിലും അതുനൽകാത്ത ആവേശമാണിപ്പോൾ സമൂഹ മാധ്യമങ്ങളിലും പുറത്തും പടരുന്നത്​.

കേന്ദ്രം പുതുതായി അംഗീകാരം നൽകിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന പതിനായിരക്കണക്കിന്​ കർഷകരെ കുറിച്ച്​ എന്തുകൊണ്ടാണ്​ ഇനിയും മൗനം പാലിക്കുന്നതെന്നായിരുന്നു പോപ്​ ഗായിക രിഹാനയുടെ. ഇന്ത്യയിലെ കർഷകസമരത്തിനൊപ്പം നിൽക്കുന്നുവെന്ന്​ ​സ്വീഡിഷ്​ ആക്​ടിവിസ്റ്റ്​ ഗ്രെറ്റയും ട്വീറ്റ്​ ചെയ്​തു. ഇരുവരെയും തള്ളി വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പുമായി രംഗത്തെത്തിയെങ്കിലും ആഗോളതലത്തിൽ പ്രതിഷേധം പടരുകയാണ്​.

യു.എസ്​ വൈസ്​ പ്രസിഡന്‍റ്​ കമല ഹാരിസിന്‍റെ അടുത്ത ബന്ധുവും യു.എസ്​ അഭിഭാഷകയുമായ മീന ഹാരിസ്​ കടുത്ത ഭാഷയിലാണ്​ പ്രതിഷേധമറിയിച്ചത്​. ഇന്‍റർനെറ്റ്​ മുടക്കിയും സൈനികരെ ഇറക്കി കർഷക സമരക്കാ​ർക്കെതിരെ അതിക്രമം നടത്തിയും മുന്നോട്ടുപോകുന്നത്​ നമ്മെ രോഷാകുലരാക്കേണ്ടതുണ്ടെന്ന്​ മീന പ്രതികരിക്കുന്നു.

ചൊവ്വാഴ്ച രിഹാന ട്വിറ്ററിൽ പരസ്യ പ്രതിഷേധവുമായി എത്തിയതോടെ അവരെ പിന്തുടരുന്ന 11 കോടിയോളം ആരാധകർ മാത്രമല്ല, മറ്റുള്ളവരും കർഷക സമര​ത്തിന്​ പിന്തുണയുമായി രംഗത്തെത്തി. മണിക്കൂറുകൾക്കിടെ ലക്ഷങ്ങളാണ്​ ട്വീറ്റിന്​ ലൈക്​ നൽകിയത്​. ഒരു ലക്ഷത്തിലേറെ തവണ റീട്വീറ്റ്​ ചെയ്യപ്പെടുകയും ചെയ്​തു. ഡൽഹിയിലും ഹരിയാനയിലും സമരമുഖത്തുള്ള കിസാൻ ഏക്​ത മോർച്ചയുടെ ട്വിറ്റർ ഹാൻഡ്​ലും രിഹാനക്ക്​ നന്ദിയുമായി രംഗത്തെത്തി.
അതിനിടെ കര്‍ഷക സമരത്ത പിന്തുണച്ച പോപ് ഗായിക റിഹാനയ്‌ക്കെതിരെ വിമര്‍ശനവുമായി ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

റിഹാനയുടെ ട്വീറ്റിന് പിന്നാലെ അവരെ ആക്രമിച്ച മുന്‍പങ്കാളി ക്രിസ് ബ്രൗണ്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു. 2009ലാണ് ക്രിസ് ബ്രൗണ്‍ റിഹാനയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചത് അന്താരാഷ്ട്രതലത്തില്‍ വാര്‍ത്തയായത്. ഈ ഗാര്‍ഹിക പീഡനങ്ങളെ ന്യായീകരിച്ചും ട്വിറ്ററില്‍ നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്ക്കെതിരെ രംഗത്തെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ക്കെതിരെ വിമര്‍ശനവുമായി നടി തപ്‌സി പന്നു. പ്രൊപ്പഗാണ്ട ടീച്ചറാകരുത് എന്ന് തപ്‌സി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

കര്‍ഷകസമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്‌ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരിക്കെ വിഷയത്തില്‍ പ്രതികരണവുമായി ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി. വിയോജിപ്പുകളുടെ കാലത്ത് നാം ഒന്നിച്ചുനില്‍ക്കുകയാണ് വേണ്ടതെന്ന് കോഹ്‌ലി പറഞ്ഞു. റിഹാനയ്‌ക്കെതിരെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രൂക്ഷവിമര്‍ശമുയര്‍ത്തിയ പശ്ചാത്തലത്തിലാണ് കോഹ്‌ലിയുടെ പ്രതികരണം.

കർഷകരും കേന്ദ്ര സർക്കാറും തമ്മിലുള്ള ​സംഘർഷം തുടരവേ വിഷയത്തിൽ മധ്യമ നിലപാട്​ സ്വീകരിച്ച ക്രിക്കറ്റ്​ താരങ്ങളെ രൂക്ഷമായി വിമർശിച്ച്​ ബോളിവുഡ്​ താരം കങ്കണ റണാവത്ത്​.

”ഈ ക്രിക്കറ്റ്​ താരങ്ങളെല്ലാം എന്താണ്​ ‘ധോബി കാ കുത്താ നാ ഗർ കാ നാ ഗഠ്​കാ’ എന്ന പോലെ പെരുമാറുന്നത്​. സ്വന്തം നന്മക്കായുള്ള വിപ്ലവകരമായ നിയമങ്ങളെ കർഷകർ എന്തിന്​​ എതിർക്കണം​?. പ്രശ്​നങ്ങളുണ്ടാക്കുന്നത്​ തീവ്രവാദികളാണ്​. അതുപറയാൻ ഇത്ര പേടിയാണോ?” -രോഹിത്​ ശർമയുടെ ട്വീറ്റ്​ ഷെയർ ചെയ്​ത്​ കങ്കണ ചോദിച്ചു. വീട്ടിലും അലക്കുസ്ഥലത്തുമല്ലാത്ത അലക്കുകാരന്‍റെ നായയോടാണ്​ ​കങ്കണ താരങ്ങളെ ഉപമിച്ചത്​.

കർഷക സമരവുമായ ബന്ധപ്പെട്ട ചില ട്വീറ്റുകൾ കങ്കണയുടെ പേജിൽ നിന്ന് ട്വിറ്റർ നീക്കം ചെയ്തു. വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട ട്വിറ്ററിന്റെ മാർഗനിർദേശങ്ങൾ ലംഘിച്ചെന്നു കാട്ടിയാണ് നടപടിയെന്ന് ട്വിറ്റർ അറിയിച്ചു. കർഷക സമരത്തിന് പിന്തുണ അറിയിച്ച റിയാനയെ ‘വിഡ്ഢി ’എന്നും കങ്കണ അഭിസംബോധന ചെയ്തു. നേരത്തെ താണ്ഡവ് വെബ് സീരിസുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണം നടത്തിയതിന് കങ്കണയുടെ അക്കൗണ്ടിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ആഴ്ചകൾക്ക്​ മുമ്പുതന്നെ കാനഡ ഉൾപെടെ രാജ്യങ്ങൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കാനഡയിലെ മോ​ൺട്രിയാൽ, ടോറ​േന്‍റാ തുടങ്ങി മുൻനിര നഗരങ്ങളിൽ നടന്ന സമരങ്ങളിൽ ആയിരങ്ങൾ പ​ങ്കെടുത്തതും വാർത്തയായി. കാനഡയിൽ രണ്ടു ശതമാനത്തിൽ താഴെയാണ്​ സിഖ്​ ജനസംഖ്യയെങ്കിലും കുടിയേറ്റ സമൂഹങ്ങളിൽ സ്വാധീനവും ശക്​തിയും ട്രൂഡോ മന്ത്രിസഭയിൽ വരെ പ്രകടമാണ്​.

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശവും ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് വിവരങ്ങള്‍ തടസ്സമില്ലാതെ അറിയാനുള്ള അവകാശവും ഏതൊരു ജനാധിപത്യത്തിന്റെയും മുഖമുദ്രയാണെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തെക്കുറിച്ചായിരുന്നു യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതികരണം. സമാധാനപരമായ പ്രതിഷേധം അഭിവൃദ്ധി പ്രാപിക്കുന്ന ഏതൊരു ജനാധിപത്യത്തിന്റെയും ലക്ഷണമാണെന്നാണ് തങ്ങള്‍ കരുതുന്നതെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. കര്‍ഷക സമരത്തിന് അന്താരാഷ്ട്രതലത്തില്‍ നിന്ന് പിന്തുണ ഏറിവരുന്ന വരുന്ന സാഹചര്യത്തിലാണ് യു.എസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രതികരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.