1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2020

സ്വന്തം ലേഖകൻ: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്ക്ക് മോചനം.

ജമ്മു കശ്മീര്‍ ഭരണകൂടമാണ് ഫാറൂഖ് അബ്ദുള്ളയെ എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഉത്തരവിട്ടത്. അതേസമയം അദ്ദേഹത്തിന്റെ മകനും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുള്ളയും പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടേയും വീട്ടുതടങ്കല്‍ ഇനിയും നീളും. ഇരുവരും ആഗസ്റ്റ് 5 മുതല്‍ വീട്ടുതടങ്കലിലാണ്.

സ്വതന്ത്രനായിരിക്കുന്നെന്നും ഇനി ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കാനാവുമെന്നും വീട്ടുതടങ്കലില്‍നിന്നും മോചിപ്പിക്കപ്പെട്ട ശേഷം ഫാറൂഖ് അബ്ദുള്ള. ദല്‍ഹിയിലെത്തി പാര്‍ലമെന്റില്‍ കശ്മീരിനുവേണ്ടി ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

“എനിക്കിന്ന് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഞാന്‍ ഇന്ന് സ്വതന്ത്രനായി. ഇപ്പോള്‍ എനിക്ക് ദല്‍ഹിയിലേക്ക് പോയി പാര്‍ലമെന്റില്‍ നിങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാനാവും,” ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

തന്റെ സ്വാതന്ത്രത്തിന് വേണ്ടി നിലകൊണ്ട ജമ്മുകശ്മീരിലെ എല്ലാ ജനങ്ങള്‍ക്കും രാജ്യമൊട്ടാകെയുള്ള നേതാക്കള്‍ക്കും നന്ദി അറിയിക്കുന്നെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
“എല്ലാ നേതാക്കളെയും വിട്ടയക്കുന്നതിലൂടെ മാത്രമേ ഈ മോചനം പൂര്‍ണമാകൂ. എല്ലാവരെയും വിട്ടയക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നായിരുന്നു ഫാറൂഖ് അബ്ദുള്ള അടക്കമുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. ജമ്മു കശ്മീര്‍ ഭരണകൂടമാണ് ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.

പൊതുസുരക്ഷാ നിയമപ്രകാരം ഫാറൂഖ് അബ്ദുള്ളയുടെ വീട്ടു തടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു. ഒരു വ്യക്തിയെ വിചാരണ കൂടാതെ രണ്ട് വര്‍ഷം വരെ തടങ്കലില്‍ വയ്ക്കാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നതാണ് പൊതുസുരക്ഷാ നിയമം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.