
സ്വന്തം ലേഖകൻ: മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പിതാവ്. ഫാത്തിമയുടെ മരണത്തില്‍ തമിഴ്‌നാട് പൊലീസ് നിരുത്തരവാദപരമായാണ് പെരുമാറിയതെന്നും ലത്തീഫ് ആരോപിച്ചു.
‘ആദ്യ ദിവസം ഫാത്തിമയുടെ മൃതദേഹം കാണാന്‍ പൊലീസ് അനുവദിച്ചിരുന്നില്ല. തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു. പൊലീസിന്റെ കയ്യിലുള്ളത് മാറ്റം വരുത്തിയ സി.സി.ടി.വി ദൃശ്യങ്ങളാണെന്നും’ ലത്തീഫ് പറഞ്ഞു. കോട്ടൂര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് മോശം അനുഭവങ്ങളാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്നതെന്നും ഫാത്തിമയുടെ മൃതദേഹം വേണ്ട വിധത്തിലല്ല സൂക്ഷിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായുള്ള കൂടികാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ലത്തീഫ്.
“മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ ഐ.ഐ.ടി ഏജന്‍സിയെ ഏല്‍പ്പിച്ചു. മൃതദേഹം അയക്കാന്‍ അവര്‍ തിടുക്കം കാട്ടുകയായിരുന്നു. നടന്നത് കൊലപാതകമാണോയെന്ന് അന്വേഷിക്കണമെന്നും ലത്തീഫ് ആവശ്യപ്പെട്ടു. മുറിയില്‍ മുട്ടുകാലില്‍ നില്‍ക്കുന്ന വിധത്തിലായിരുന്നു മൃതദേഹമെന്ന് ഹോസ്റ്റലിലെ കുട്ടികള്‍ പറഞ്ഞിരുന്നുവെന്നും,” അദ്ദേഹം പറഞ്ഞു.
“ഏഴ് വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും ഫാത്തിമയോട് പ്രശ്‌നങ്ങളുണ്ടായിരുന്നു. അവരുടെ പേരുകള്‍ ഫാത്തിമ എഴുതിവെച്ചിട്ടുണ്ട്,” ഈ തെളിവുകള്‍ സംബന്ധിച്ച വിവരങ്ങളെല്ലാം കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ലത്തീഫ് മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല