1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2019

സ്വന്തം ലേഖകൻ: അമേരിക്കയിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പുറത്തിറക്കിയ ടോപ് ടെൻ പിടികിട്ടാപ്പുള്ളി ലിസ്റ്റിലെ ഏക ഇന്ത്യൻ സാന്നിധ്യമാണ് ഭദ്രേഷ്‌ കുമാർ ചേതനാ ഭായ് പട്ടേൽ. എഫ്ബിഐ തലയ്ക്ക് എഴുപത്തഞ്ചു ലക്ഷം രൂപ വിലയിട്ടിരിക്കുന്ന ഒരു കൊലയാളിയാണ് പട്ടേൽ.

കഴിഞ്ഞ നാലുവർഷമായി അമേരിക്കൻ പൊലീസ് ഡിപ്പാർട്ടുമെന്റുകളും എഫ്ബിഐയും ഒരുപോലെ തിരഞ്ഞുകൊണ്ടിരിക്കുന്ന പിടികിട്ടാപ്പുള്ളിയാണ് ഇയാൾ. ഇപ്പോൾ ഇന്ത്യൻ പൊലീസും എഫ്ബിഐയും ചേർന്ന് തുടക്കമിട്ടിരിക്കുന്നത്, ഒരൊറ്റ കുറ്റവാളിക്കുവേണ്ടിയുള്ള ഒരു പക്ഷേ, ലോകത്തെ ഏറ്റവും വലിയ, ഏറ്റവും ചെലവേറിയ തിരച്ചിലുകളിൽ ഒന്നാണ്.

മേരിലാൻഡിലെ ഹാനോവറിൽ വെച്ച് സ്വന്തം ഭാര്യയെ കൊന്നുകളഞ്ഞു എന്നതാണ് ഗുജറാത്തിലെ വിരംഗം സ്വദേശിയായ പട്ടേലിന്റെ പേരിലുള്ള കുറ്റം. സ്വന്തം ഭാര്യയെ ഭദ്രേഷ് അതി ക്രൂരമായ രീതിയിൽ വധിക്കുമ്പോൾ നന്നേ ചെറുപ്പമായിരുന്നു ഇരുവരും. പട്ടേലിന് ഇരുപതിനാലും, ഭാര്യ പലക്കിന് ഇരുപത്തൊന്നും വയസ്സുമാത്രം പ്രായം. ഹാനോവറിലെ ഡങ്കിൻ ഡോണറ്റ്സിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്.

പൊലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ ഭദ്രേഷും പലക്കും ഒരുമിച്ച് അടുക്കളയിലേക്ക് കയറുന്നതും, റാക്കുകൾക്ക് പിന്നിലേക്ക് പോവുന്നതും കാണാം. അൽപനേരം കഴിഞ്ഞ് യാതൊന്നും സംഭവിക്കാത്ത മട്ടിൽ പട്ടേൽ തിരികെ വരുന്നു. തീർത്തും സ്വാഭാവികമായ ഭാവഹാവങ്ങളോടെ പട്ടേൽ കടയ്ക്ക് പുറത്തിറങ്ങി, അപ്രത്യക്ഷനാകുന്നു.

എന്നാൽ അടുക്കളയിലെ റാക്കിനു പിന്നിലിട്ട് സ്വന്തം ഭാര്യ പലക്കിനെ ക്രൂരമായി മർദ്ദിച്ചും, കുത്തിയും കൊലപ്പെടുത്തി ഭദ്രേഷ്. അതിനു ശേഷം, സ്റ്റോറിൽ നിന്ന് അധികം ദൂരെയല്ലാതെയുള്ള അപ്പാർമെന്റിൽ ചെന്ന് അത്യാവശ്യത്തിനുള്ള വസ്ത്രങ്ങളും മറ്റും ഒരു ബാഗിലെടുത്ത്, പുറത്തിറങ്ങി ഒരു ടാക്സി പിടിച്ച് നെവാർക്ക് വിമാനത്താവളത്തിന് സമീപത്തുള്ള ഒരു മോട്ടലിൽ ചെന്നിറങ്ങി. കാറിനുള്ളിലെ പട്ടേലിന്റെ പെരുമാറ്റത്തിൽ സംശയാസ്പദമായി യാതൊന്നും തന്നെ കണ്ടിരുന്നില്ലെന്ന് ഡ്രൈവർ പിന്നീട് പൊലീസിന് മൊഴിനൽകി.

അവിടെ ഒരു മുറിയെടുത്ത്, പട്ടേൽ ആ രാത്രി അവിടെ ചെലവിട്ടു. ഹോട്ടലിന്റെ റിസപ്‌ഷനിൽ ബുദ്ധിപൂർവം, മുറിവാടക കാഷായി നൽകി. രാത്രി അവിടെക്കിടന്നുറങ്ങിയ ശേഷം രാവിലെ മുറി ചെക്ക് ഔട്ട് ചെയ്ത് അയാൾ പുറത്തിറങ്ങി. വീണ്ടും ഒരു ടാക്‌സിയിൽ കയറി അടുത്തുള്ള റെയിൽവേ സ്റ്റേഷനിലേക്ക് പോയി. ആ ടാക്സിയിൽ നിന്ന് പുറത്തിറങ്ങിയതിൽ പിന്നെ അമേരിക്കയിൽ ആരും തന്നെ ഭദ്രേഷ് പട്ടേലിനെ കണ്ടിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.