1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2017

സ്വന്തം ലേഖകന്‍: സിറിയയില്‍ എത്തിയത് എഫ്ബിഐയുടെ പരിഭാഷകയായി, എന്നാല്‍ വിവാഹം കഴിച്ചതോ, ഐഎസ് ഭീകരനെ! യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയെ കണ്ണുവെട്ടിച്ച അമേരിക്കന്‍ യുവതിയുടെ കഥ. എഫ്.ബി.ഐയില്‍ പരിഭാഷകയായി ജോലി നോക്കിയിരുന്ന ഡാനിയേല ഗ്രീനാണ് സിറിയയിലെത്തി ഐ.എസ് ഭീകരനായ ഡെനിസ് കുസ്‌പെര്‍ട്ടിനെ വിവാഹം കഴിച്ചത്. 2014 ല്‍ നടന്ന വിവാഹ വാര്‍ത്ത സി.എന്‍.എന്‍ ആണ് പുറത്തുവിട്ടത്.

2011 ലാണ് ജര്‍മന്‍ വംശജയായ ഡാനിയേല ഗ്രീനെ എഫ്.ബി.ഐയില്‍ പരിഭാഷകയായി കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കു കയറിയത്. കുസ്‌പെര്‍ട്ടിനെക്കുറിച്ച് അന്വേഷണം നടത്താന്‍ ഡാനിയേലയെയാണ് എഫ്ബിഐ ഏല്‍പിച്ചിരുന്നത്. 2014 ജനുവരിയില്‍ ഡെട്രോയിറ്റിലെ ഓഫിസില്‍ ജോലിചെയ്യവെയാണ് കുസ്‌പെര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാനുള്ള ചുമതല ലഭിക്കുന്നത്.
അബു തല്‍ഹ അല്‍അല്‍മാനി എന്ന പേരിലാണ് കുസ്‌പെര്‍ട്ട് അറിയപ്പെടുന്നത്.

ഐഎസ് പുറത്തുവിട്ട തലയറുക്കല്‍ വീഡിയോകളില്‍ പല തവണ പ്രത്യക്ഷപ്പെട്ടയാളാണ് അല്‍മാനി. ഇയാള്‍ക്ക് ‘ഇന്‍ഡിവിഡ്വല്‍ എ’ എന്ന മറ്റൊരു പേരുമുണ്ട്. 2014 ജൂണ്‍ 11ന് കുടുംബത്തെ കാണാനെന്ന പേരില്‍ ഗ്രീനെ ഇസ്തംബൂളിലേക്കു വിമാനം കയറി. തുടര്‍ന്ന് സിറിയയിലെത്തി കുസ്‌പെര്‍ട്ടിനെ വിവാഹം കഴിക്കുകയായിരുന്നുവെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, കുറച്ചുനാളുകള്‍ കഴിഞ്ഞതോടെ കുറ്റബോധം തോന്നിയ ഗ്രീനെ സിറിയയില്‍നിന്നു രക്ഷപ്പെട്ട് യു.എസിലെത്തി.

ഒസാമാ ബിന്‍ലാദനെ പുകഴ്ത്തുന്നതും ഒബാമയെ ഭീഷണിപ്പെടുത്തുന്നതുമായ ഗാനങ്ങള്‍ തൊണ്ടപൊട്ടുമാറുച്ചത്തില്‍ പാടുന്നത് അല്‍മാനിയുടെ വിനോദമായിരുന്നു. ഈ സത്യം മനസിലാക്കിയതോടെയാണ് ഡാനിയേല ആ വിവാഹം ഒരു തെറ്റായിരുന്നുവെന്ന് മനസിലാക്കുകയും അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തത്. പക്ഷേ അധികം വൈകാതെ തന്നെ പോലീസ് പിടിയിലായ അവര്‍ രണ്ട് വര്‍ഷം തടവും അനുഭവിച്ചു.

രണ്ട് വര്‍ഷം തടവ് അനുഭവിച്ച ശേഷം 2016 ഡിസംബറില്‍ ജയിലില്‍നിന്നും പുറത്തിറങ്ങി. 2015 ഒക്ടോബറില്‍ ഡാനിയേല വിവാഹം ചെയ്ത ഐഎസ് തീവ്രവാദി സിറിയയിലെ റഖയില്‍ വ്യോമാക്രമണത്തില്‍ വച്ച് കൊല്ലപ്പെട്ടതായിട്ടാണു പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഒന്‍പത് മാസങ്ങള്‍ക്കു ശേഷം പെന്റഗണ്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ഇയാള്‍ ജീവിച്ചിരിക്കുന്നതായും വ്യക്തമാക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.