സ്വന്തം ലേഖകന്‍: 2022 ലെ ലോകകപ്പ് വേദിയായ ഖത്തറിനെ ഒഴിവാക്കുകയാണെങ്കില്‍ ടൂര്‍ണമെന്റ് നടത്താന്‍ തയ്യാറാണെന്ന് ഇംഗ്ലണ്ട് വ്യക്തമാക്കി. ബ്രിട്ടീഷ് കായിക സെക്രട്ടറി ജോണ്‍ വിറ്റ്ങ്‌ഡെലാണ് ലോക ഫുട്‌ബോള്‍ മാമാങ്കം ഏറ്റെടുത്ത് നടത്താനുള്ള സന്നദ്ധത പ്രഖ്യാപിച്ചത്.
2018, 2022 ലോകകപ്പ് വേദികള്‍ നിശ്ചയിച്ചതില്‍ വ്യാപക അഴിമതി നടന്നുവെന്ന ആരോപണങ്ങള്‍ ഫിഫക്കകത്തും പുറത്തും വ്യാപകമായി ഉയര്‍ന്നതോടെയാണ് ഈ ലോകകപ്പുകള്‍ അനിശ്ചിതത്വത്തിലായത്. മുന്‍ ഫിഫ ഉദ്യോഗസ്ഥരുടെ അഴിമതിയും കൈക്കൂലിയും സംബന്ധിച്ച ചില പെളിപ്പെടുത്തലുകളും ഫിഫയെ പ്രതിക്കൂട്ടിലാക്കി.
ലോകകപ്പ് വേദികള്‍ അനുവദിച്ചതിന് പകരമായി താനും മറ്റ് കമ്മിറ്റി അംഗങ്ങളും കൈക്കൂലി കൈപ്പറ്റിയെന്ന മുന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ചക് ബ്ലേസറുടെ രഹസ്യ മൊഴി കഴിഞ്ഞ ദിവസം പുറത്തായിരുന്നു. 1998, 2010 ലോകകപ്പ് വേദികള്‍ അനുവദിച്ചതിന് പകരമായി കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നാണ് ചക് ബ്ലേസറുടെ കുറ്റസമ്മതം.
2010 ലോകകപ്പ് വേദി കിട്ടുന്നതിനായി ദക്ഷിണാഫ്രിക്ക 100 ലക്ഷം ഡോളര്‍ കൈക്കൂലി തന്നിട്ടുണ്ടെന്നും ബ്ലേസര്‍ ആരോപിക്കുന്നു. എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ മറ്റംഗങ്ങളും കൈക്കൂലി വാങ്ങിയിട്ടുണ്ട്. തുടര്‍ച്ചയായുണ്ടാകുന്ന അഴിമതി ആരോപണങ്ങളില്‍ മനം മടുത്ത് പുതുതായി സ്ഥാനമേറ്റ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ തന്റെ സ്ഥാനം രാജി വച്ചിരുന്നു.
ഇതോടെ വരാനിരിക്കുന്ന ലോകകപ്പുകളും ആശങ്കയുടെ നിഴലിലാണ്. ഈ സാഹചര്യത്തിലാണ് ഖത്തറിനെ ഒഴിവാക്കിയാല്‍ തങ്ങള്‍ ലോകകപ്പ് നടത്താമെന്ന പ്രഖ്യാപനവുമായി ഇംഗ്ലണ്ട് രംഗത്തെത്തിയിരിക്കുന്നത്. ലോകകപ്പ് നടത്താന്‍ തങ്ങള്‍ സുസജ്ജമാണെന്നും ഫിഫ ആവശ്യപ്പെട്ടാല്‍ ലോകകപ്പിന് ആതിഥ്യമരുളാന്‍ തയ്യാറാണെന്നും വിറ്റ്ങ്‌ഡെല്‍ പറഞ്ഞു.
സെക്രട്ടറിയുടെ പരാമര്‍ശത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പിന്തുണച്ചെങ്കിലും അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ഫിഫയെ അടിയന്തിരമായി ശുദ്ധീകരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല