1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2022

സ്വന്തം ലേഖകൻ: ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ(എ.ഐ.എഫ്.എഫ്)സസ്പെന്‍ഡ് ചെയ്ത് ഫിഫ വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഇന്ത്യ നിയമങ്ങള്‍ ലംഘിച്ചതിനാണ് നടപടിയെന്ന് ഒഫീഷ്യല്‍ വെബ്സൈറ്റിലെ വാര്‍ത്താക്കുറിപ്പില്‍ ഫിഫ അറിയിച്ചു.

ഇതോടെ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടപ്പെടുമെന്നും പത്രക്കുറിപ്പിലൂടെ ഫിഫ അറിയിച്ചു. അസോസിയേഷനില്‍ പുറത്തുനിന്നുള്ള കൈകടത്തലുണ്ടായെന്നും ഫിഫ പത്രക്കുറിപ്പില്‍ പറഞ്ഞിരുന്നു.

ഈ സസ്‌പെന്‍ഷനിലൂടെ വൻ നഷ്ടമാണ് ഇന്ത്യന്‍ ഫുട്‌ബോളിന് ഉണ്ടാകാൻ പോകുന്നത്. അണ്ടര്‍ 17 ലോകകപ്പും ഏഷ്യന്‍ കപ്പുമൊക്കെ ഇന്ത്യക്ക് നടത്താന്‍ പറ്റാത്ത അവസ്ഥയാകും മുന്നിലുള്ളത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിലും ഇന്ത്യക്ക് വിലക്കുണ്ടാകും.

എന്നാല്‍ ഇന്ത്യയിലെ രണ്ട് പ്രധാന ലീഗുകള്‍ നടത്തുന്നതിന് തടസമൊന്നുമുണ്ടാകില്ല. ഐ.എസ്.എല്ലും ഐ ലീഗും എ.ഐ.എഫ്.ഫിന്റെ കീഴിലായതുകൊണ്ട് ഫിഫ വിലക്ക് ഈ ലീഗുകളെ ബാധിക്കില്ല.

റിലിയന്‍സിന്റെ കീഴിലായത് കാരണം അതിന്റെ പിന്‍ബലത്തില്‍ ഐ.എസ്.എല്‍ നടക്കുമെന്നുറപ്പാണ്. എന്നാല്‍ എ.ഐ.എഫ്.എഫിന്റെ കീഴിലായത് കാരണം ഐ ലീഗ് നടക്കുമോ എന്ന് കണ്ടറിയണം. ഫിഫ എ.ഐ. എഫ്.എഫിന് നല്‍കി കൊണ്ടിരുന്ന വലിയ ഗ്രാന്റ് ഇനി കിട്ടില്ല എന്നത് എ.ഐ.എഫ്.എഫിന്റെ പ്രവര്‍ത്തനങ്ങളെ ഗ്രാസ് റൂട്ട് മുതല്‍ ബാധിക്കും.

ഐ.എസ്.എല്‍ നടക്കുമെങ്കിലും ടൂര്‍ണമെന്റിന് ലഭിച്ചുകൊണ്ടിരുന്ന എ.എഫ്.സി ചാമ്പ്യന്‍ഷിപ്പ് യോഗ്യതയും എ.എഫ്.സി കപ്പ് യോഗ്യതയും ഇനി ലഭിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ വിദേശ താരങ്ങളുടെ രജിസ്‌ട്രേഷനും ഐ.എസ്.എല്‍ ക്ലബ്ബുകള്‍ക്ക് വിനയാകും. ഫിഫ വിലക്ക് ഉള്ളതിനാല്‍ പുതിയ വിദേശ താരങ്ങളുടെ രജിസ്‌ട്രേഷന്‍ നടക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

നിലവില്‍ ടീമില്‍ സൈന്‍ ചെയ്തിട്ടുള്ള താരങ്ങള്‍ക്ക് പക്ഷെ ഈ വിലക്ക് ബാധകമല്ല. ബ്ലാസ്റ്റേഴ്‌സില്‍ നിലവില്‍ സൈന്‍ ചെയ്തിട്ടുള്ള അഞ്ച് താരങ്ങള്‍ക്കും ടീമില്‍ തുടരാം.

താരങ്ങളെ സൈന്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും രജിസ്‌ട്രേഷന്‍ നടക്കില്ല. വിലക്ക് തീര്‍ന്നാല്‍ മാത്രമെ വിദേശ കളിക്കാരുടെ രജിസ്‌ട്രേഷന്‍ സാധ്യമാവുകയുള്ളൂ. ഓഗസ്റ്റ് 31ന് ട്രാന്‍സ്ഫര്‍ വിന്‍ഡോ അടക്കുമെന്നതിനാല്‍ ഇതിനകം വിദേശ താരങ്ങളെ സൈന്‍ ചെയ്യുക ഇനി ബുദ്ധിമുട്ടാകും. വിലക്ക് മാറിയാല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടച്ചാലും ഫ്രീ ഏജന്റായി നില്‍ക്കുന്ന താരങ്ങളെ ക്ലബുകള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.