1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2022

സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പിനെത്തുന്ന കാണികളെ വരവേല്‍ക്കാന്‍ ഒരുങ്ങി ഖത്തറിലെ വിമാനത്താവളങ്ങള്‍. ലോകകപ്പിനെ മികച്ച പ്രൊഫഷനലിസത്തോടെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇതിനകം പൂര്‍ത്തിയാക്കിയതായി ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ നാവിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ അഹ്മദ് അല്‍ ഇസ്ഹാഖ് അറിയിച്ചു. ഖത്തര്‍ എയര്‍സ്‌പേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍, വിമാന നീക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, എയര്‍ കണ്‍ട്രോള്‍ സംവിധാനം എന്നിവ ഇതിനകം പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു.

ലോകകപ്പ് വേളയില്‍ പ്രതിദിനം 1600 വിമാന സര്‍വീസുകള്‍ നടത്താനുള്ള ഒരുക്കങ്ങളാണ് ഖത്തര്‍ വിമാനത്താവളങ്ങളില്‍ പൂര്‍ത്തിയായിരിക്കുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് പതുക്കെ കരകയറിയ ഖത്തര്‍ വ്യോമയാന രംഗം, നിലവില്‍ മിഡിലീസ്റ്റിലെ തിരക്കേറിയ രണ്ടാമത്തെ വ്യോമയാന മേഖലയായി ഖത്തറിലേത് മാറിയതായും അദ്ദേഹം പറഞ്ഞു. നിലവില്‍ പ്രതിദിനം 800 വരെ വിമാന സര്‍വീസുകളാണ് ഖത്തര്‍ വിമാനത്താവളങ്ങളില്‍ നടക്കുന്നത്. ലോകകപ്പ് വേളയിലെത്തുന്ന കൂടുതല്‍ വിമാനങ്ങളെ സ്വീകരിക്കുന്നതിനായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ശേഷി വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

അത്യാധുനിക എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനമായ വെര്‍ച്വല്‍ ടവര്‍ സിസ്റ്റം ആഗസ്ത് അവസാനത്തോടെ ദോഹയില്‍ സജ്ജമാവും. മിഡിലീസ്റ്റിലെ ആദ്യത്തെ വെര്‍ച്വല്‍ ടവറാണ് ദോഹയില്‍ സജ്ജമാകുന്നത്. പരമ്പരാഗത കണ്‍ട്രോള്‍ ടവറുകളില്‍ നിന്ന് വ്യത്യസ്തമായി എവിടെയും ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാമെന്നതാണ് വെര്‍ച്വല്‍ ടവറിന്റെ പ്രത്യേകത.

സ്‌ക്രീനുകള്‍ വഴി എവിടെ ഇരുന്നും വിമാനങ്ങളെ നിയന്ത്രിക്കുവാന്‍ ഇതുവഴി കഴിയും. ദോഹ വിമാനത്താവളത്തിലും ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിലും നിരവധി അത്യാധുനിക റഡാറുകള്‍ ഇതിനകം സ്ഥാപിച്ചതായും അദ്ദേഹം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.