1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 20, 2022

സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പിനായി വൊളന്റിയർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഊർജിതം. ലോകകപ്പിനായി തിരഞ്ഞെടുക്കുന്നത് 20,000 പേരെ. അപേക്ഷകരുമായുള്ള നേരിട്ടുള്ള അഭിമുഖങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. അൽ ഖ്വാസറിലാണ് അഭിമുഖം നടക്കുന്നത്. അപേക്ഷ നൽകി അഭിമുഖത്തിനുള്ള അധികൃതരുടെ ക്ഷണം അല്ലെങ്കിൽ അഭിമുഖം കഴിഞ്ഞ് ഫലം കാത്തിരിക്കുന്നവരും ധാരാളം.

ദോഹയിലെ പ്രവാസി മലയാളികളിൽ വനിതകൾ ഉൾപ്പെടെ വൊളന്റിയർ ആകാൻ സന്നദ്ധത അറിയിച്ചു കാത്തിരിക്കുന്നവർ ഏറെപ്പേരുണ്ട്. നേരത്തെ ഖത്തറിൽ നടന്ന ഫിഫ ക്ലബ് ലോകകപ്പ്, ഫിഫ അറബ് കപ്പ് എന്നിവയ്ക്ക് പുറമെ പ്രാദേശിക ടൂർണമെന്റായ അമീർ കപ്പിലും വൊളന്റിയർ ആയി പ്രവർത്തിച്ചതിന്റെ അനുഭവ പരിചയമുള്ളവരാണ് മിക്കവരും. ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങി പ്രൊഫഷനൽ മേഖലയിലുള്ളവർ മുതൽ വീട്ടമ്മമാർ വരെ രംഗത്തുണ്ട്.

ഇക്കഴിഞ്ഞ മാർച്ച് 21നാണ് ഫിഫ ലോകകപ്പ് ഖത്തർ വൊളന്റിയർ പ്രോഗ്രാമിന് ഔദ്യോഗിക തുടക്കമായത്. പ്രോഗ്രാമിന് തുടക്കമിട്ട് ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ 187 രാജ്യങ്ങളിൽ നിന്നായി 1,15,000 അപേക്ഷകളാണ് അധികൃതർക്ക് ലഭിച്ചത്.അത്രയേറെ ആളുകളാണ് വൊളന്റിയർമാരാകാൻ സന്നദ്ധത അറിയിച്ചിരിക്കുന്നത്. സ്റ്റേഡിയം, ഹോട്ടലുകൾ, പരിശീലന സൈറ്റുകൾ, വിമാനത്താവളം തുടങ്ങി 45 മേഖലകളിലേക്കാണ് വൊളന്റിയർമാരുടെ സേവനം ഉറപ്പാക്കുന്നത്.

നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിലെ 8 സ്റ്റേഡിയങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പിൽ 20,000 വൊളന്റിയർമാരുടെ സേവനം ഉണ്ടായിരിക്കുമെന്നാണ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ 96 മനുഷ്യാവകാശ വൊളന്റിയർമാരുടെ സേവനവും ഫിഫ ലോകകപ്പിൽ ഉണ്ടാകും.

ലോകത്തിലെ ഏറ്റവും വലിയ ഫുട്‌ബോൾ മാമാങ്കത്തിന്റെ ഭാഗമാകാൻ താൽപര്യമുള്ളവർക്ക് ഏതാനും ആഴ്ചകൾ കൂടി അപേക്ഷ നൽകാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനത്തിന് പുറമെ അഡിഡാസിന്റെ ലിമിറ്റഡ് എഡിഷൻ യൂണിഫോം, ജോലിക്കിടെയുള്ള ഭക്ഷണം, പൊതു ഗതാഗത സൗകര്യങ്ങളിൽ സൗജന്യ യാത്ര എന്നിവ ലഭിക്കും. നവംബറിലാണ് ലോകകപ്പ് നടക്കുന്നതെങ്കിലും വൊളന്റിയർമാരുടെ ജോലികൾ ഒക്‌ടോബർ ഒന്നിന് തുടങ്ങും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.