1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2022

സ്വന്തം ലേഖകൻ: ഏറെ കാലമായി കാത്തിരിക്കുന്ന ഖത്തര്‍ ലോകകപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പിനായി ദോഹയിലേക്ക് വരുന്നവര്‍ 2022 ഓഗസ്റ്റ് 31ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച കോവിഡ്19 യാത്രാ നയങ്ങള്‍ പാലിച്ചിരിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതുപ്രകാരം ലോകകപ്പ് കാണാന്‍ ഖത്തറിലേക്ക് വരുന്നവര്‍ കോവിഡ് വാക്‌സിന്‍ എടുത്തവര്‍ ആയിരിക്കണമെന്ന് നിര്‍ബന്ധമില്ല. കോവിഡ് വാക്സിന്‍ എടുത്തവരാണെങ്കിലും ഇല്ലെങ്കിലും ഹയ്യാ കാര്‍ഡുള്ളവര്‍ക്ക് ഖത്തറിലേക്ക് വരാം.

അതേസമയം, ഖത്തറിലേക്ക് വരുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന് നിബന്ധനിയുണ്ട്. ഖത്തറിലേക്ക് പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പുള്ള ഔദ്യോഗിക ആന്റിജന്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ആണ് ഹാജരാക്കേണ്ടത്. ആറു വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്കാണ് ഈ നിബന്ധന ബാധകം. ഖത്തറില്‍ എത്തിയാലുടന്‍ പരിശോധനാ ഫലം എയര്‍പോര്‍ട്ട് ചെക്ക്ഇന്‍ കൗണ്ടറില്‍ സമര്‍പ്പിക്കണം.

പുറപ്പെടുന്ന രാജ്യത്തെ ഒരു ഔദ്യോഗിക മെഡിക്കല്‍ സെന്ററില്‍ ആണ് ടെസ്റ്റ് നടത്തേണ്ടത്. റാപ്പിഡ് ആന്റിജന്‍ സ്വയം ചെയതതാണെങ്കില്‍ അതിന്റെ നെഗറ്റീവ് ഫലം മതിയാവില്ല. ആറ് വയസ്സിന് താഴെയുള്ള കുട്ടികളെ ഖത്തറിലേക്ക് പുറപ്പെടുന്നതിന് മുമ്പ് നെഗറ്റീവ് കോവിഡ് 19 ടെസ്റ്റ് സമര്‍പ്പിക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഖത്തറില്‍ എത്തിയ ശേഷം കൊവിഡ് ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഖത്തറില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഒരു യാത്രക്കാരനും കോവിഡ്19 ടെസ്റ്റ് നടത്തേണ്ട ആവശ്യമില്ല. എന്നാല്‍ യാത്രക്കാര്‍ പോകുന്ന രാജ്യത്ത് പ്രവേശിക്കുന്നതിന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ അത് പാലിക്കാന്‍ ബാധ്യസ്ഥരാണ്.

വാക്‌സിന്‍ എടുക്കാത്തവരാണെങ്കിലും കോവിഡ് നിരക്ക് കൂടിയ രാജ്യത്തു നിന്ന് വരുന്നവരാണെങ്കിലും ഖത്തറില്‍ എത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ ക്വാറന്റൈനില്‍ പോകേണ്ടി വരില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഖത്തറിലായിരിക്കുമ്പോള്‍ കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിക്കുന്നവരെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഐസൊലേറ്റ് ചെയ്യണം. ആരോഗ്യ കേന്ദ്രങ്ങള്‍ക്കകത്തും പൊതു ഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും മാസ്‌ക് നിര്‍ബന്ധമായിരിക്കും. എന്നാല്‍ പൊതു ഇടങ്ങളില്‍ മാസ്‌ക്ക് ധരിക്കണമെന്ന് വ്യവസ്ഥയില്ല.

18 വയസും അതില്‍ കൂടുതലുമുള്ള എല്ലാ സന്ദര്‍ശകരും രാജ്യത്തേക്ക് എത്തുമ്പോള്‍ അവരുടെ മൊബൈല്‍ ഫോണുകളില്‍ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. അടച്ചിട്ടിരിക്കുന്ന ഏതെങ്കിലും പൊതു ഇടങ്ങളില്‍ പ്രവേശിക്കുന്നതിന് ഇഹ്തിറാസ് ആപ്പിലെ കോവിഡ് സ്റ്റാറ്റസ് പച്ചയായിരിക്കണം. ഉപയോക്താവിന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല എന്നാണ് ഇത് കാണിക്കുന്നത്. ഗ്രീന്‍ സ്റ്റാറ്റസില്ലാത്തവര്‍ക്ക് ഇവിടങ്ങളില്‍ പ്രവേശനം അനുവദിക്കില്ല.

ലോകകപ്പിനായി ഖത്തറില്‍ എത്തുന്നവര്‍ക്ക് രാജ്യത്തെ പൊതു, സ്വകാര്യ ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍ എന്നിവയില്‍ നിന്ന് വൈദ്യസഹായം ലഭിക്കും. ലോകകപ്പിന്റെ ഫാന്‍ ഐഡിയായ ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് പൊതു ആശുപത്രികളില്‍ അടിയന്തര ആരോഗ്യ സേവനങ്ങള്‍ സൗജന്യമായും ലഭ്യമാക്കുമെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. എന്നിരുന്നാലും ഖത്തറില്‍ താമസിക്കുന്ന കാലയളവിലേക്ക് ആരോഗ്യ ആവശ്യങ്ങള്‍ക്കായുള്ള ചെലവുകള്‍ കവര്‍ ചെയ്യുന്ന ഇന്‍ഷൂറന്‍സ് എടുക്കുന്നത് അഭികാമ്യമാണെന്നാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പക്ഷം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.