1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2022

സ്വന്തം ലേഖകൻ: നവംബർ 1 മുതൽ റോഡ് മാർഗമെത്തുന്ന ലോകകപ്പ് ആരാധകരെ സ്വീകരിക്കാൻ സൗദി അറേബ്യയുമായുള്ള ഖത്തറിന്റെ കര അതിർത്തിയായ അബു സമ്രയിൽ ഒരുക്കങ്ങൾ പൂർണം. പ്രവേശനത്തിന്റെ നടപടി ക്രമങ്ങൾ വിശദീകരിച്ച് അധികൃതർ.

നവംബർ 1 മുതൽ ഡിസംബർ 23 വരെയാണ് ലോകകപ്പ് ആരാധകർക്കു റോഡ് മാർഗമുള്ള പ്രവേശനം. ഖത്തറിലേക്കു വരുന്നവരുടെ കൈവശം ഹയാ പോർട്ടലിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന പാസ്‌പോർട്ട് ഉണ്ടായിരിക്കണം. ആരാധകരുടെ പ്രവേശന നടപടികൾ സുഗമമാക്കാൻ അബു സമ്ര അതിർത്തിയിലെ പാസ്‌പോർട്ട് പരിശോധനാ കൗണ്ടറുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ലോകകപ്പ് ആരാധകർ, ഖത്തരി പൗരന്മാർ, പ്രവാസി താമസക്കാർ എന്നിവർക്കുൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഇവിടെയുള്ളത്.

മണിക്കൂറിൽ 4,000 പേരെ സ്വീകരിക്കാൻ പര്യാപ്തമായ വലിയ കൂടാരവും സജ്ജമാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെയും ലോകകപ്പ് ടൂർണമെന്റ് സെക്യൂരിറ്റിയുടെയും ഔദ്യോഗിക വക്താവ് കേണൽ.ഡോ.ജാബർ ഹമൗദ് അൽ നുഐമി, ലോകകപ്പ് ടൂർണമെന്റ് സെക്യൂരിറ്റി കമാൻഡർ ഓഫിസ് എക്‌സിക്യൂട്ടിവ് ഡയറക്ടർ കേണൽ ജാസിം അൽ ബൗഹസെം അൽ സെയ്ദ് എന്നിവർ വാർത്താസമ്മേളനത്തിൽ വിശദമാക്കി.

വാണിജ്യാവശ്യങ്ങൾക്കുള്ള ട്രക്കുകൾക്ക് അബു സമ്ര അതിർത്തിയിലൂടെ നവംബർ 15 മുതൽ ഡിസംബർ 22 വരെ രാത്രി 11.00 മുതൽ പുലർച്ചെ 6.00 വരെ മാത്രമേ പ്രവേശനമുള്ളൂ. അബു സമ്ര ചെക്ക് പോയിന്റിൽ എത്തുന്നവർക്ക് സെൻട്രൽ ദോഹയിലെ അൽ മെസില്ല, അൽ ഖലായെല്ലിലെ ഫാമിലി ആൻഡ് ഫ്രണ്ട്‌സ് മീറ്റ് ആൻഡ് ഗ്രീറ്റ് ഏരിയ എന്നിവിടങ്ങളിലേക്ക് പോകാൻ സൗജന്യ ബസ് യാത്രയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്നു ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഇവരെ താമസ സ്ഥലത്തേക്കു കൊണ്ടു പോകാം. അല്ലെങ്കിൽ സ്വന്തമായി ടാക്‌സിയെടുത്തും പോകാം. 5 വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചാണ് അതിർത്തിയിൽ പ്രവേശനം ഏർപ്പെടുത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.