
സ്വന്തം ലേഖകൻ: ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്കായി ഖത്തറിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്ന യുഎഇ സന്ദര്‍ശകര്‍ക്ക് വിവിധ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭ്യം. യുഎഇയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ ദമാന്‍ ആണ് യുഎഇ വഴി ഖത്തറിലേക്ക് ലോകകപ്പിനായി പോവുകയും തിരികെ എത്തുകയും ചെയ്യുന്ന യാത്രക്കാര്‍ക്ക് ചെലവ് കുറഞ്ഞ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഖത്തറിനും യുഎഇക്കുമിടയില്‍ ഒന്നേറെ തവണ യാത്ര ചെയ്യുന്ന മള്‍ട്ടി എന്‍ട്രി യാത്രക്കാര്‍ക്കു കൂടി കവറേജ് ലഭിക്കുന്നവയാണ് പുതിയ ഇന്‍ഷൂറന്‍സ് പ്ലാനുകള്‍ ദമാന്‍ അവതരിപ്പിച്ചരിക്കുന്നത്. മള്‍ട്ടി ട്രിപ്പ് വേള്‍ഡ് കപ്പ് ട്രാവല്‍ ഇന്‍ഷൂറന്‍സ് പ്ലാനുകള്‍ 14 ദിവസത്തേക്കുള്ളതും 40 ദിവസത്തേക്കുള്ളതും തയ്യാറാക്കിയിട്ടുണ്ട്. സമഗ്രമായ കോവിഡ്-19 ഇന്‍ഷുറന്‍സ് കവറേജ് ഓപ്ഷനോടുകൂടിയതും അല്ലാത്തതുമായ പ്ലാനുകളും ലഭ്യമാണ്. കോവിഡ്-19 കവറേജ് ഇല്ലാതെയുള്ള 14 ദിവസത്തെ ഇന്‍ഷൂറന്‍സ് പോളിസിക്ക് വെറും 20 ദിര്‍ഹമാണ് വില.
ലോകകപ്പ് ട്രാവല്‍ ഇന്‍ഷൂറന്‍സ് പ്ലാന്‍ പോളിസികള്‍ യുഎഇ സന്ദര്‍ശിക്കുന്ന ആളുകള്‍ക്ക് മാത്രമേ ലഭ്യമാകൂ എന്ന് അധികൃതര്‍ അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് യുഎഇ വഴി ഖത്തറിലേക്ക് പോകുന്ന യാത്രക്കാര്‍ക്കും പുറമെ, ലോകകപ്പിനായി ഖത്തറിലേക്ക് പോകുന്ന യുഎഇ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള ഇന്‍ഷൂറന്‍സ് ഉല്‍പ്പന്നങ്ങളും ദമാന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ ഭാഗമായി യുഎഇയില്‍ താമസിക്കുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഈ ഇന്‍ഷൂറന്‍സ് പദ്ധതികള്‍ ഏറെ ഗുണകരമാണ്.
ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ ആസ്വദിക്കുന്നതിനായി ലക്ഷക്കണക്കിന് ആളുകള്‍ വരുംദിനങ്ങളില്‍ ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമെന്ന കണക്കുകൂട്ടിലിലാണ് അധികൃതര്‍. യുഎഇക്കും ഖത്തറിനും ഇടയില്‍ പല വട്ടം യാത്ര ചെയ്യുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് മനസ്സമാധാനത്തോടെ യാത്ര ചെയ്യാന്‍ ദമാന്റെ ഈ പോളിസികള്‍ സഹായിക്കുമെന്ന് യുഎഇയുടെ ദേശീയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയിലെ ചീഫ് കൊമേഴ്സ്യല്‍ ബിസിനസ് ഓഫീസര്‍ സ്റ്റുവര്‍ട്ട് ലെതര്‍ബി പറഞ്ഞു.
ഖത്തറില്‍ നടക്കുന്ന ലോകകപ്പ് സന്ദര്‍ശകരുടെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഫ്‌ളെക്‌സിബിള്‍ ഇന്‍ഷൂറന്‍സ് ഉല്‍പ്പന്നങ്ങളുടെ ഒരു നീണ്ട നിര തന്നെ വാഗ്ദാനം ചെയ്യുന്ന മിഡില്‍ ഈസ്റ്റ് മേഖലയിലെ ആദ്യത്തെ ഇന്‍ഷൂറന്‍സ് കമ്പനികളില്‍ ഒന്നാണ് ദാമന്‍. യുഎഇ ഗവണ്‍മെന്റിന്റെ വിശ്വസ്ത പങ്കാളി എന്ന നിലയില്‍, എല്ലാ യുഎഇ യാത്രക്കാര്‍ക്കും രാജ്യത്തെ ലോകോത്തര മെഡിക്കല്‍ സൗകര്യങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം നല്‍കാനും മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ലെതര്‍ബി കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല