1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2019

സ്വന്തം ലേഖകൻ: ഫിഫയുടെ മികച്ച ലോക ഫുട്‌ബോളറായി ബാഴ്സയുടെ സൂപ്പർ താരം ലയണല്‍ മെസി തിരഞ്ഞെടുക്കപ്പെട്ടു. ആറാം തവണയാണ് മെസ്സിക്ക് ഈ പുരസ്കാരം ലഭിക്കുന്നത്. റൊണാൾഡോ, വാൻഡെയ്ക്ക് എന്നിവരെ മറികടന്നാണ് നേട്ടം. ആറാം തവണയാണ് മെസി മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്കയുടെ മേഗൻ റാപിനോയ് മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ലിവർപൂളിന്‍റെ അലിസൺ ബക്കറാണ് മികച്ച ഗോൾ കീപ്പർ.

മികച്ച വനിതാ താരമായി തിരഞ്ഞെടക്കപ്പെട്ട മേഗൻ റാപിനോയ് വനിതാ ലോകകപ്പില്‍ ഗോള്‍ഡന്‍ ബോളും ഗോള്‍ഡന്‍ ഷൂവും നേടിയ താരമാണ്. ലൂസി ബ്രോൻസ്, അലക്‌സ് മോര്‍ഗന്‍ എന്നിവരെ പിന്തള്ളിയാണ് റാപിനോയ് പുരസ്‌കാരം നേടിയത്. മികച്ച പുരുഷ – വനിതാ താരങ്ങൾ ഉൾപ്പടെ പത്ത് വിഭാഗങ്ങളിലാണു പുരസ്കാരങ്ങൾ സമ്മാനിച്ചത്. ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന ഫിഫയുടെ ചടങ്ങിലാണ് വിവിധ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനമുണ്ടായത്.

2019ലെ ഫിഫയുടെ ഏറ്റവും മികച്ച ഗോളിനുള്ള പുഷ്കാസ് അവാര്‍ഡ് ഹംഗേറിയന്‍ താരം ഡാനിയേല്‍ സോറി സ്വന്തമാക്കി. ലയണല്‍ മെസിയേയും ക്വിന്‍റേറോയെയും മറികടന്നാണ് സോറി സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. നെയ്മര്‍ ഇല്ലാതെയാണ് ഫിഫയുടെ ലോക ഇലവൻ പ്രഖ്യാപിച്ചത്. അലിസൺ, ഡി ലിറ്റ്, റാമോസ്, വാൻഡെയ്ക്ക്, മാർസലോ, ലൂക്കാ മോഡ്രിച്ച്, ഡിജോങ്, എംബാപ്പെ, മെസ്സി, ഹസാർഡ് അടക്കമുള്ളവര്‍ ഇലവനില്‍ ഇടം നേടി.

ലിവർപൂളിന്‍റെ യുർഗൻ ക്ലോപ്പാണ് മികച്ച പരിശീലകൻ. ഗാർഡിയോള, പൊച്ചറ്റിനോ എന്നിവരെ മറികടന്നാണ് നേട്ടം. ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയ പരിശീലകനാണ് ക്ലോപ്പ്. അമേരിക്കയെ വനിതാ ലോകകപ്പ് ചാന്പ്യന്മാരാക്കിയ പരിശീലക ജിൽ എലിസാണ് മികച്ച വനിതാ പരിശീലക.

ഇക്കൊല്ലത്തെ ഫിഫയുടെ ബെസ്റ്റ് ഫാൻ അവാർഡ് നേടിയ സിൽവിയയും മകൻ നിക്കോളാസുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. സാവോപോളോക്കാരിയയ സിൽ‌വിയ ശ്വസിക്കുന്നത് പോലും ഫുട്ബോളാണ്. ഗർഭം ധരിച്ചപ്പോൾ മിക്ക സാവോപോൾ പെൺകിടാങ്ങളേയും പോലെ ലോകോത്തര ഫുട്ബോൾ കളിക്കാനയായ ഒരു മകനുണ്ടാകണേ എന്നാണ് സിൽ‌വിയയും പ്രാർഥിച്ചിട്ടുണ്ടാവുക.

എന്നാൽ പ്രായം തികയും മുമ്പ് കുഞ്ഞ് നിക്കോളാസ് പിറന്നു വീണത് അന്ധതയിലേക്കും ഒപ്പം നിരവധി പരാധീനതകളിലേക്കുമാണ്. എന്നാൽ ഫുട്ബോളിനോട് അഗാധ പ്രണയത്തിലായിരുന്ന സിൽ‌വിയ അങ്ങനെ തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല. സാവോപോളോയിലെ ക്ലബ്ബായ പാൽമിറാസിന്റെ കടുത്ത ആരാധികയായ അവർ സ്റ്റേഡിയത്തിലേക്ക് നിക്കോളാസിനെയും കൂട്ടും. ആദ്യമൊന്നും നിക്കോളാസിന് കാല്പന്തുകളി ഇഷ്ടമേയല്ലായിരുന്നു. അത് കണ്ടറിഞ്ഞ് സിൽവിയ അവനൊരു റേഡിയോ വാങ്ങി നൽകിയിരുന്നു.

റേഡിയോയുടെ ഹെഡ് സെറ്റ് ചെവിയിൽ വച്ച് അവൻ കളിതീരും വരെ ശാന്തനായി പാട്ടും കേട്ട് സിൽവിയയ്ക്കൊപ്പം ഇരിക്കുമായിരുന്നു ഗാലറിയിൽ. എന്നാൽ, ഇടയ്ക്കിടെ തന്റെ ഹെഡ് സെറ്റ് നീക്കി കാണികളുടെ ആരവങ്ങൾക്ക് നിക്കോളാസ് കാതോർക്കുന്നുണ്ട് എന്ന് സിൽവിയ ഒരു ദിവസം തിരിച്ചറിഞ്ഞു. അതോടെ അവളുടെ ഹൃദയമിടിപ്പുകൾക്ക് വേഗം കൂടി. തന്നെപ്പോലെ ഒരു സോക്കർ പ്രേമിയാണോ തന്റെ മകനും ? അതിന്റെ ഉത്തരമറിയാൻ അവളുടെ മനസ്സുവെമ്പി. എന്തായാലും ഒരു പരീക്ഷണം നടത്താൻ സിൽവിയ ഉറച്ചു.

അടുത്ത തവണ പാൽമിറാസിന്റെ മത്സരം കാണാൻ പോയപ്പോൾ സിൽവിയ തൊട്ടടുത്തിരുന്ന നിക്കോളാസിന്റെ കാതിൽ മത്സരത്തിന്റെ ദൃക്‌സാക്ഷി വിവരണം നടത്തി. മകന് വിവരിച്ചുനൽകാൻ വേണ്ടി സിൽവിയ ടീമിനെപ്പറ്റി ഗവേഷണങ്ങൾ നടത്തി. ഓരോ കളിക്കാരന്റെയും ശരീരപ്രകൃതി വിശദമായി മനസ്സിലാക്കി. ഓരോ സൂക്ഷ്മാംശങ്ങളും മകന് വർണ്ണിച്ചുനൽകി. സ്വന്തം ടീമിനെപ്പറ്റിയും, സോക്കറിനെപ്പറ്റിയും ഉള്ള എല്ലാ വിവരങ്ങളും നിക്കോളാസിന് മനഃപാഠമാണ്.

ഒരു ബ്രസീലിയന്‍ മാധ്യമപ്രവര്‍ത്തകന്‍റെ സൂക്ഷ്മ വീക്ഷണമാണ് സില്‍വിയ ഗ്രികോക്കിനെ ലോകം ശ്രദ്ധിക്കാന്‍ കാരണം. അന്ധനായ തന്‍റെ മകന്‍ നിക്കോള്‍സിന് ഗാലറിയിലിരുന്ന് കളി വിവരിച്ചുകൊടുക്കുന്ന സില്‍വിയയുടെ ദൃശ്യങ്ങള്‍ ആ ക്യാമറാമാന്‍ പകര്‍ത്തി. ഗാലറിയില്‍ നിന്ന് സില്‍വിയയും മകനും പോയെങ്കിലും മകന് കളി വിവരിച്ചുകൊടുക്കുന്ന ആ അമ്മയുടെ ദൃശ്യങ്ങള്‍ പിന്നീട് ഫുട്ബോള്‍ പ്രേമികളുടെ മനസില്‍ നിന്നും പോയില്ല. ആ അമ്മ ഇന്ന് ഫിഫയുടെ മികച്ച ആരാധികക്കുള്ള പുരസ്കാരത്തിന് അര്‍ഹയാകുകയും ചെയ്തു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.