
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധിക്കു രണ്ടാം യു.പി.എ സര്‍ക്കാരിനെ പഴിചാരി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് എല്ലാവര്‍ക്കും വാണിജ്യ ബാങ്കുകള്‍ വായ്പ നല്‍കിയെന്നായിരുന്നു നിര്‍മല രാജ്യസഭയില്‍ നടത്തിയ ആരോപണം.
എല്ലാ ടോമിനും ഡിക്കിനും ഹാരിക്കും അളിയനും അനന്തരവനും വാണിജ്യ ബാങ്കുകള്‍ വായ്പ നല്‍കിയെന്നും അതാണ് അടുത്ത സര്‍ക്കാരിനു മേല്‍ ബാധ്യത വന്നതെന്നും അവര്‍ പറഞ്ഞു. നികുതി നിയമ ഭേദഗതി ബില്ലില്‍ സഭാംഗങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയവെയായിരുന്നു ധനമന്ത്രി ഇക്കാര്യം പറഞ്ഞത്.
എണ്ണക്കമ്പനികള്‍ക്കു ലഭിക്കാനുള്ള 1.4 ലക്ഷം കോടി രൂപയെക്കുറിച്ച് യു.പി.എ സര്‍ക്കാര്‍ ഒരിടത്തും പരാമര്‍ശിച്ചിരുന്നില്ലെന്നും ഇത് മോദിസര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ വലിയ ബാധ്യതയായെന്നും നിര്‍മല പറഞ്ഞു. വിവാദമായ ഉള്ളി പ്രസ്താവനയ്ക്കു ശേഷമായിരുന്നു നിര്‍മല ഇക്കാര്യം പറഞ്ഞത്.
“ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ട് ഒരു പ്രശ്‌നവുമില്ല. ഉള്ളി അധികം കഴിക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണു ഞാന്‍ വരുന്നത്,” നിര്‍മല പറഞ്ഞു.
ഉള്ളിയുടെ വിലക്കയറ്റത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രതികരണം. വിലക്കയറ്റം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുകയായിരുന്നു നിര്‍മലാ സീതാരാമന്‍. നിലവില്‍ ഉള്ളിയുടെ വില 110 മുതല്‍ 160 രൂപവരെയാണ്. ഉള്ളി സംബന്ധമായ ഇടപാടുകളില്‍ നിന്ന് ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കിയെന്നും നേരിട്ടുള്ള ഇടപെടലുകളാണ് നടത്തുകയെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല