1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2022

സ്വന്തം ലേഖകൻ: ഫിൻലൻഡിലെ ശിശു പരിപാലനവും മാതാപിതാക്കളുടെ അവധി സംബന്ധിച്ച നിയമങ്ങളും കാലങ്ങളായി പ്രശംസ നേടുന്നതാണ്. ഇപ്പോൾ കുടുംബ അവധി സംബന്ധിച്ച പുതിയ പരിഷ്‌കാരങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. നവീകരിച്ച നിയമപ്രകാരം ശിശു സംരക്ഷണ ചുമതലകളുടെ വിഭജനം രക്ഷിതാക്കൾക്ക് തിരഞ്ഞെടുക്കുവാൻ കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു.

കൂടാതെ മാതാവിന്റെയും പിതാവിന്റെയും അവധികൾ തമ്മിൽ ഇനി വേർതിരിക്കപ്പെടില്ല. ഓരോ രക്ഷിതാവിനും 160 രക്ഷാകർതൃ അവധി ദിവസങ്ങൾ അനുവദിച്ചുകൊണ്ട്, തങ്ങളിൽ ആരാണ് അവധി എടുക്കുന്നതെന്ന് തിരഞ്ഞെടുക്കാൻ പുതിയ നിയമം മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു.

സ്ത്രീകളുടെ ശമ്പള നിലവാരത്തെയും തൊഴിൽ സാധ്യതകളെയും ദീർഘകാല മാതൃഅവധിക്കാലം, പൊതുവെ പ്രതികൂലമായി ബാധിക്കുന്നുവെന്ന അഭിപ്രായമുണ്ട്. രക്ഷിതാക്കൾക്കിടയിൽ തുല്യത പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ, ജോലിസ്ഥലത്ത് തുല്യത വർധിപ്പിക്കാനും ഈ പരിഷ്കരണം ലക്ഷ്യമിടുന്നു.

സെപ്റ്റംബർ നാലിനോ അതിനു ശേഷമോ ജനിച്ച കുട്ടികളുള്ള കുടുംബങ്ങളെ പുതിയ നിയമം ബാധിക്കും. ദത്തെടുക്കുന്ന കുടുംബങ്ങളുടെ കാര്യത്തിൽ, ജൂലൈ 31-നോ അതിനു ശേഷമോ പുതിയ കുട്ടിയെ സ്വാഗതം ചെയ്യുന്ന കുടുംബങ്ങൾക്ക് ഈ നിയമം പ്രാബല്യത്തിൽ വരും.

പ്രധാനമന്ത്രി യുഹ സിപിലയുടെ കാലത്ത് കുടുംബ അവധി സംബന്ധിച്ച നിയമം പരിഷ്കരിക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ 2018ലെ ആഭ്യന്തര സർക്കാർ തർക്കങ്ങൾ കാരണം ആ ശ്രമം പരാജയപ്പെട്ടു. കൂടാതെ ഇതിനിടയിൽ അപ്രതീക്ഷിതമായിവന്ന കൊറോണ വ്യാപനവും പരിഷ്കരണം നടപ്പാക്കുന്നത് വൈകിപ്പിച്ചു.

മറ്റ് നോർഡിക് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഫിൻലൻഡിലെ അച്ഛന്മാർ രക്ഷാകർതൃ അവധി ദിനങ്ങൾ എടുക്കുന്നത് പൊതുവെ കുറവാണെന്നാണ് കണ്ടെത്തൽ. ഫിൻലൻഡിലെ സോഷ്യൽ ഇൻഷുറൻസ് സ്ഥാപനമായ കേലയുടെ അഭിപ്രായ പ്രകാരം 2020ൽ രക്ഷാകർതൃ അവധി എടുത്തത് 10 ശതമാനം പിതാക്കന്മാർ മാത്രമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.