1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 24, 2019

സ്വന്തം ലേഖകന്‍: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം; കൊച്ചിയില്‍ പുകശല്യം രൂക്ഷം; പുക നിയന്ത്രിക്കാന്‍ ശ്രമം തുടരുന്നു; അട്ടിമറി സാധ്യത സംശയിക്കുന്നതായി അഗ്‌നിശമന സേന; വീടുകളില്‍ എ.സി. ഉപയോഗിക്കരുതെന്ന് കളക്ടര്‍; സര്‍ക്കാര്‍ സഹായം തേടി കൊച്ചി കോര്‍പ്പറേഷന്‍. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക നിയന്ത്രിക്കാന്‍ വൈകും. ഇതിനായി ഒരു ദിവസം കൂടി വേണ്ടി വരുമെന്നാണ് അധികാരികള്‍ അറിയിച്ചു.

വെളിച്ചക്കുറവുമൂലം എട്ടര മണിയോടെ പുക നിയന്ത്രിക്കാനുള്ള നടപടികള്‍ നിര്‍ത്തിവെച്ച ശേഷം ഞായറാഴ്ച പുനരാരംഭിക്കും. പുകയുള്ള പ്രദേശങ്ങളിലെ വീടുകളില്‍ എ.സി ഉപയോഗിക്കരുതെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുക കലര്‍ന്ന മലിനവായു എ.സി.വഴി വീടുകളുടെ അടച്ചിട്ട മുറികളിലേക്ക് എത്തും എന്നതിനാലാണിത്.

വൈറ്റില, തൈക്കുടം, തൃപ്പുണിത്തുറ മേഖലയില്‍ പുകശല്യം രൂക്ഷമാണ്. പുകയോടൊപ്പം പ്ലാസ്റ്റിക് കത്തിയ ദുര്‍ഗന്ധവും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കലക്ടര്‍ പ്ലാന്റിലെത്തി പരിശോധന നടത്തി. പുക ഒഴിവാക്കാനുള്ള നടപടികള്‍ പുനരാരംഭിച്ചു. വൈകുന്നേരത്തോടെ പുക മുഴുവന്‍ ഒഴിവാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടം.

അതേസമയം,സംസ്ഥാനത്ത് ഈയിടെ ഉണ്ടായ വലിയ തീപിടിത്തങ്ങളില്‍ അട്ടിമറി സാധ്യതയുള്ളതായി സംശയമെന്ന് അഗ്‌നിശമന സേന അറിയിച്ചു. ഇക്കാര്യങ്ങളില്‍ പൊലീസ് സമഗ്ര അന്വേഷണം നടത്തണം. സുരക്ഷ സംവിധാനങ്ങളില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഫയര്‍ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

അതേയമയം, തീപ്പിടിത്തതില്‍ അട്ടിമറി സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗം വിളിക്കണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടു. തീപ്പിടിത്തത്തെ തുടര്‍ന്ന് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ സുരക്ഷ ശക്തമാക്കാനും കോര്‍പ്പറേഷന്‍ തീരുമാനിച്ചു. രണ്ട് മാസത്തിനിടെ ചെറുതും വലുതുമായ നാല് തീപ്പിടുത്തങ്ങളാണ് ഈ മേഖലയില്‍ ഉണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.