1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2018

സ്വന്തം ലേഖകന്‍: തിരുവനന്തപുരം മണ്‍വിളയിലെ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഓക്‌സിജന്റെ അളവു കുറയാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം. മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക്‌സിന്റെ ഫാക്ടറിയിലുണ്ടായ വന്‍ അഗ്‌നിബാധ നിയന്ത്രണവിധേയമാക്കി. ഏഴു മണിക്കൂറുകള്‍ നീണ്ടുനിന്ന തീപിടിത്തത്തില്‍ രണ്ട് കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. രണ്ടാമത്തെ കെട്ടിടത്തില്‍ ഇപ്പോഴും തീ കത്തുന്നുണ്ട്. ആളപായമില്ല. വിഷപ്പുക ശ്വസിച്ച് ബോധരഹിതരായ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീപിടിത്തം അന്വേഷിക്കാന്‍ അഗ്‌നിശമന സേനാ മേധാവി ഉത്തരവിറക്കി. ഫയര്‍ഫോഴ്‌സ് മേധാവി എ. ഹേമചന്ദ്രനാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഫയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ വിഭാഗം ഡയറക്ടര്‍ പ്രസാദിനാണ് അന്വേഷണച്ചുമതല. സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കേരളാ പൊലീസും പ്രത്യേക അന്വേഷണം നടത്തും.

ഫാക്ടറിയുടെ രണ്ടുകിലോമീറ്റര്‍ ചുറ്റളവിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്നും ഇന്നത്തെ ഇന്ത്യവിന്‍ഡീസ് മല്‍സരത്തെ പ്രശ്‌നം ബാധിക്കില്ലെന്നും കലക്ടര്‍ കെ.വാസുകി അറിയിച്ചു. രണ്ടാമത്തെ കെട്ടിടത്തില്‍ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്ന തീ ആളളിപ്പടരാതെ നിയന്ത്രിച്ചുനിര്‍ത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. തിരുവനന്തപുരം കൊല്ലം ജില്ലകളില്‍നിന്നായി 30 ഫയര്‍ എന്‍ജിനുകളാണ് തീയണയ്ക്കുന്നത്. പുലര്‍ച്ചയോളം രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.

ഇന്നലെ രാത്രി ഏഴുമണിയോടെയാരംഭിച്ച തീ പൂര്‍ണമായും നിയന്ത്രവിധേയമായത് ഇന്ന് പുലര്‍ച്ചയോടെയാണ്. കൂടുതല്‍ കെട്ടിടങ്ങളിലേക്ക് തീപടരാതെ നിയന്ത്രിക്കാനായത് വന്‍ അപകടം ഒഴിവാക്കി. ഫാക്ടറിയുടെ രണ്ടുകിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ ഒഴിപ്പിച്ചു. അട്ടിമറി സാധ്യതയുണ്ടെന്നാണ് കമ്പനി അധികൃതരുടെ പ്രതികരണം. സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു

വൈകീട്ട് 7.15ഓട് കൂടിയാണ് കാര്യവട്ടത്തിന് സമീപമുള്ള മണ്‍വിളയിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ അഗ്‌നിബാധയുണ്ടായത്. ഫാക്ടറിയിലുണ്ടായിരുന്ന ജീവനക്കാര്‍ കഠിനമായി ശ്രമിച്ചിട്ടും തീയണഞ്ഞില്ല. 7.45–ഓടെ ഫയര്‍ എഞ്ചിന്‍ എത്തിയപ്പോഴേക്കും തീ നിയന്ത്രണാതീതമായി കഴിഞ്ഞിരുന്നു. കസേരയും, മേശയും പ്ലാസ്റ്റിക് ഗൃഹോപകരണങ്ങളും ഗോഡൗണ്‍ നിറയെയുണ്ടായിരുന്നു. ഇതെല്ലാം കത്തിയതോടെയാണ് തീ നിയന്ത്രണം വിട്ടുപോയത്. 500 കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി ജില്ലകളില്‍ നിന്നുള്ള 45 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി. വിഷപ്പുക ശ്വസിച്ച് രണ്ട് പേര്‍ ആശുപത്രിയിലായതോടെ അപകട സ്ഥലത്തുനിന്ന് ആളുകളെ കൂട്ടത്തോടെ ഒഴിപ്പിച്ചു. ആളപായം ഇല്ലെങ്കിലും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഓക്‌സിജന്റെ അളവു കുറയാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. പ്ലാസ്റ്റിക് കത്തിയതില്‍നിന്ന് ഉയരുന്ന പുകയിലുള്ള കാര്‍ബണ്‍ മോണോക്‌സൈഡ്, കാര്‍ബണ്‍ ഡൈഓക്‌സൈഡ്, സള്‍ഫര്‍ ഡൈ ഓക്‌സൈഡ് എന്നിവ അന്തരീക്ഷത്തില്‍ ഓക്‌സിജന്റെ അളവു കുറയ്ക്കുമെന്നതിലാണ് ഇത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.