1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2018

സ്വന്തം ലേഖകന്‍: അഗ്‌നിപര്‍വതം പോലെ ആളിക്കത്തുന്ന മഞ്ഞു തടാകം; സമൂഹമാധ്യമങ്ങളില്‍ വൈറലായി അലാസ്‌കയില്‍ നിന്നുള്ള അത്ഭുത വീഡിയോ. വടക്കന്‍ അലാസ്‌കയില്‍ നിന്നാണ് മഞ്ഞില്‍ തീ പടരുന്ന ഈ കാഴ്ച. എസിയ തടാകത്തില്‍ കെട്ടിക്കിടക്കുന്ന മീഥെയ്ന്‍ വാതകമാണ് തീപ്പിടിത്തത്തിന് കാരണം.

ഹരിതഗൃഹ വാതകമായ മീഥെയ്ന്‍ എങ്ങനെയാണ് തണുത്തുറഞ്ഞ എസിയ തടാകത്തിനടിയില്‍ എത്തിയതെന്നായിരുന്നു ഗവേഷകരുടെ മുന്നിലെ ചോദ്യം. ‘പെര്‍മഫ്രോസ്റ്റ്’ എന്ന വസ്തുവാണ് അതിനു കാരണമെന്നും പിന്നീട് കണ്ടെത്തി.

ആര്‍ട്ടിക് പ്രദേശങ്ങളിലാണ് ഇതു പ്രധാനമായും കാണാനാകുക. മണ്ണ്, ചരല്‍, എന്നിവയെല്ലാം മഞ്ഞിനാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട നിലയിലായിരിക്കും ഇവിടം. ഇങ്ങനെ ഏകദേശം രണ്ടു വര്‍ഷമെങ്കിലും ജലത്തിന്റെ ഖരാങ്കത്തില്‍ താഴെ ഊഷ്മാവില്‍ സ്ഥിതി ചെയ്യുന്ന മണ്ണാണ് പെര്‍മഫ്രോസ്റ്റ്. ഇലകള്‍ വീണും മറ്റും ചീഞ്ഞളിഞ്ഞ് മീഥെയ്‌നും കാര്‍ബണും ഉല്‍പാദിപ്പിക്കപ്പെടാറുണ്ട്.

ലോകത്തിലെ എല്ലാ പെര്‍മഫ്രോസ്റ്റുകളിലുമായി ഏകദേശം 1500 ബില്യന്‍ ടണ്‍ കാര്‍ബണ്‍ ‘അടക്കി വയ്ക്കപ്പെട്ട’ നിലയിലുണ്ടെന്നാണു കരുതുന്നത്. എസിയ തടാകത്തിന്റെ പല ഭാഗത്തും പെര്‍മഫ്രോസ്റ്റുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ചുറ്റിലുമുള്ള മരങ്ങളുടെ ഇലകളും മറ്റും വീണ് ജീര്‍ണിച്ച് ഇവയില്‍ മീഥെയ്ന്‍ വാതകവും വന്‍തോതില്‍ രൂപപ്പെട്ടിരിക്കുന്നു.

എന്നാല്‍ അടിത്തട്ടില്‍ നിന്നു മുകളിലേക്കു വരാന്‍ ഇവയ്ക്കു വഴിയില്ല.വേനല്‍ക്കാലത്തു മഞ്ഞുരുകുമ്പോള്‍ മീഥെയ്ന്‍ കുമിളകളായി മുകളിലേക്കു വരും. അതിനു തീകൊടുത്താലും കത്തിപ്പിടിക്കും. ശീതകാലത്ത് ഈ കുമിളകളിലേക്കു മഞ്ഞ് നിറയും. പെര്‍മഫ്രോസ്റ്റ് പ്രദേശങ്ങളില്‍ നോക്കിയാല്‍ ഇത്തരത്തില്‍ ഫംഗസ് പിടിച്ചതു പോലെ മഞ്ഞിന്‍പാളികളില്‍ മീഥെയ്ന്‍ കുമിളകള്‍ കാണാനാകും.

ഈ കുമിളകളെ വടി കൊണ്ടോ മറ്റോ കുത്തിപ്പൊട്ടിച്ചാല്‍ അതില്‍ നിന്നു പുറത്തു ചാടുക മീഥെയ്‌നായിരിക്കും. ഇതാണ് തീപ്പൊരിയെ ആളിക്കത്തിക്കുന്നത്. മഞ്ഞിനടിയില്‍ ‘ഒളിച്ചിരുന്ന’ മീഥെയ്ന്‍ ഇത്തരത്തില്‍ പുറത്തു ചാടുന്നതാണ് എസിയയിലെ കത്തുന്ന മഞ്ഞു തടാകത്തിലെ പിന്നിലെ രഹസ്യമെന്ന് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.