സ്വന്തം ലേഖകന്‍: സൗദിയിലെ ആദ്യ സിനിമ തിയറ്റര്‍ ഏപ്രില്‍ 18 ന് റിയാദില്‍ തുറക്കും. അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബുധനാഴ്ച ലോസ് ആഞ്ചലസില്‍ അമേരിക്കന്‍ മള്‍ട്ടി സിനിമ (എ.എം.സി) കമ്പനിയുമായി കരാര്‍ ഒപ്പിട്ടതിന് പിന്നാലെയാണ് തിയറ്റര്‍ തുറക്കുന്ന തിയതി പുറത്തുവിട്ടത്.
അടുത്ത അഞ്ചു വര്‍ഷത്തിനകം രാജ്യത്തെ 15 നഗരങ്ങളിലായി 40 തിയറ്ററുകള്‍ ആരംഭിക്കാനാണ് എ.എം.സിയുമായുള്ള കരാര്‍. സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ തിയറ്റര്‍ ലൈസന്‍സ് ലഭിക്കുന്ന ആദ്യ കമ്പനിയായി ഇതുവഴി എ.എം.സി മാറി. 1920 ല്‍ സ്ഥാപിതമായ വാന്‍ഡ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ് തിയറ്റര്‍ ശൃംഖലയായ എ.എം.സി.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11 നാണ് സിനിമ തിയറ്ററുകള്‍ക്ക് അനുമതി സൗദി തീരുമാനിച്ചത്. തിയറ്ററുകള്‍ മാര്‍ച്ചില്‍ തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സാംസ്‌കാരിക, വാര്‍ത്താവിതരണ വകുപ്പ് മന്ത്രി അവ്വാധ് ബിന്‍ സാലിഹ് അല്‍അവ്വാധ് വ്യക്തമാക്കിയിരുന്നു. 2030 നകം സൗദിയില്‍ 300 ഓളം തിയറ്ററുകളിലായി 2,000 ലേറെ സ്‌ക്രീനുകള്‍ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല