1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2022

സ്വന്തം ലേഖകൻ: സൗരയൂഥം ഉള്‍പ്പെടുന്ന ഗാലക്ശിയായ ക്ഷീരപഥത്തിൻ്റെ കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭീമൻ തമോഗര്‍ത്തത്തിൻ്റെ ചിത്രം ആദ്യമായി പകര്‍ത്തി ശാസ്ത്രജ്ഞര്‍. സൂര്യൻ്റെ 40 ലക്ഷം ഇരട്ടി വലുപ്പമുള്ള സജിറ്റേറിയസ് എ എന്ന അതിഭീമൻ തമോഗര്‍ത്തമാണ് ചരിത്രത്തിലാദ്യമായി ടെലിസ്കോപ്പുകളിൽ പതിഞ്ഞത്.

മുൻപ് സൗരയൂഥത്തിനു പുറത്തുള്ള ഗാലക്സിയിലെ തമോഗര്‍ത്തത്തിന്‍റെ ചിത്രം പകര്‍ത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് നമ്മുടെ സ്വന്തം ഗാലക്സിയിൽ ഒരു തമോഗര്‍ത്തത്തിൻ്റെ ചിത്രം പകര്‍ത്താൻ സാധിച്ചിട്ടുള്ളത്. ചിത്രത്തിൻ്റെ നടുവിലെ കറുത്ത ഭാഗമാണ് യഥാര്‍ഥത്തിൽ തമോഗര്‍ത്തം. തമോഗര്‍ത്തത്തിൻ്റെ ശക്തമായ ഗുരുത്വാകര്‍ഷണം മൂലം ആകര്‍ഷിക്കപ്പെടുന്ന ചൂടേറിയ വാതകങ്ങളാണ് ചുറ്റും കാണുന്ന വലയം.

സൂര്യനു ചുറ്റുമുള്ള ബുധൻ്റെ ഭ്രമണപഥത്തോളം വലുപ്പമുണ്ട് ഈ പ്രകാശവലയത്തിന്. ഈ പ്രകാശവലയം ഉള്‍പ്പെടെ സജിറ്റേറിയസ് എ തമോഗര്‍ത്തത്തിന് ആറു കോടി മൈൽ വ്യാസമുണ്ട്. എന്നാൽ ഭൂമിയിൽ നിന്ന് 26,000 പ്രകാശവര്‍ഷം അകലെയാണ് തമോഗര്‍ത്തത്തിൻ്റെ സ്ഥാനം എന്നതിനാൽ സൗരയൂഥം സുരക്ഷിതമാണ്.

ഇവന്‍റ് ഹൊറൈസൺ ടെലസ്കോപ്പ് കൊളാബറേഷൻ എന്ന അന്താരാഷ്ട്ര സഖ്യമാണ് ചിത്രം പുറത്തു വിട്ടത്. മുൻപ് 2019ലും മെസിയര്‍ 87 എന്ന ഗാലക്സിയുടെ കേന്ദ്രത്തിലുള്ള വമ്പൻ തമോഗര്‍ത്തത്തിന്‍റെ ചിത്രം ഇവര്‍ പുറത്തു വിട്ടിപരുന്നു.

വളരെയധികം ദൂരത്തു സ്ഥിതി ചെയ്യുന്ന തമോഗര്‍ത്തങ്ങളുടെ ചിത്രങ്ങള്‍ പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ടെലസ്കോപ്പ് ഉപയോഗിച്ചാണ് പകര്‍ത്തുന്നത്. ഭൂമിയിൽ പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന എട്ട് റേഡിയോ ടെലസ്കോപ്പുകള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്.

ഊര്‍ജസൃഷ്ടിയ്ക്കുള്ള ശേഷി പൂര്‍ണമായും വിനിയോഗിച്ച ശേഷമാണ് ചില നക്ഷത്രങ്ങളും തമോഗര്‍ത്തങ്ങളായി മാറുന്നത്. വളരെ കുറഞ്ഞ സ്ഥലത്ത് വളരെയേറെ ദ്രവ്യം കേന്ദ്രീകരിക്കപ്പെട്ട നിലയിലായിരിക്കും തമോഗര്‍ത്തങ്ങളുടെ അവസ്ഥ. ഉയര്‍ത്ത ഗുരുത്വാകര്‍ഷണം മൂലം തമോഗര്‍ത്തത്തിൻ്റെ ഉള്ളിൽ അകപ്പെടുന്ന പ്രകാശം ഉള്‍പ്പെടെ ഒന്നിനും പുറത്തുകടക്കാനാകില്ല.

പല തമോഗര്‍ത്തങ്ങള്‍ക്കും സൂര്യൻ അടക്കമുള്ള നക്ഷത്രങ്ങളുടെ കോടിക്കണക്കിന് മടങ്ങ് വലുപ്പമുണ്ടാകും. എന്നാൽ ഗാലക്സികളുടെ കേന്ദ്രത്തിലുള്ള അതിഭീമൻ തമോഗര്‍ത്തങ്ങള്‍ എങ്ങനെയാണ് രൂപപ്പെട്ടതെന്ന കാര്യത്തിൽ ഇരുവരെ ശാസ്ത്രലോകത്തിന് വ്യക്തതയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.