1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2024

സ്വന്തം ലേഖകൻ: 17 സംസ്ഥാനങ്ങള്‍. നാല് കേന്ദ്രഭരണ പ്രദേശങ്ങള്‍. ആകെ 102 സീറ്റുകള്‍. ഏപ്രില്‍ 19 ന് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ ജനം വിധിയെഴുതുമ്പോള്‍ അത് എന്‍ഡിഎയ്ക്കും ഇന്ത്യ സഖ്യത്തിനും ഒരുപോലെ നിര്‍ണായകമാണ്. 39 സീറ്റുകളുള്ള തമിഴ്‌നാട് ഇന്ത്യ സഖ്യത്തിന് ഏറ്റവും പ്രതീക്ഷയുള്ള സംസ്ഥാനവും സീറ്റുകളുമാണ്.

ഇന്ത്യ മുന്നണി ഏറ്റവും സൗഹാര്‍ദപരമായി സീറ്റ് വിഭജനം പൂര്‍ത്തീകരിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. കഴിഞ്ഞ തവണ 39-ല്‍ കൈവിട്ട ഏകസീറ്റുംകൂടി പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ഇത്തവണ മുന്നണിയുള്ളത്. 2019-ല്‍ ഒന്നിച്ച് മത്സരിച്ച മുഖ്യപ്രതിപക്ഷമായ എഐഡിഎംകെയും ബിജെപിയും വേറിട്ട് മത്സരിച്ച് കരുത്ത് കാണിക്കാനിറങ്ങിയതോടെ ഇത്തവണ ത്രികോണ മത്സരമാണ് തമിഴകത്ത്. തേനി സീറ്റില്‍ മാത്രമാണ് 2019-ല്‍ എഐഎഡിഎംകെയ്ക്ക് വിജയിക്കാനായത്.

എഐഎഡിഎംകെയും ബിജെപിയും വേറിട്ട് മത്സരിക്കുന്നത് പ്രതിപക്ഷവോട്ടുകള്‍ ഭിന്നിക്കുകയും അതിലൂടെ തങ്ങള്‍ക്ക് കാര്യങ്ങള്‍ കൂറേക്കൂടി എളുപ്പമാകുമെന്നും ഡിഎംകെ കരുതുന്നു. എന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതിലൂടെ ദക്ഷിണേന്ത്യയിലെ അടിത്തറ വിപുലീകരിക്കുന്നതിനൊപ്പം അണ്ണാമലൈ തരംഗത്തിലൂടെ വന്‍നേട്ടം ഉണ്ടാക്കുമെന്നും ബിജെപി പ്രതീക്ഷപുലര്‍ത്തുന്നുണ്ട്.

മറുവശത്ത് എന്‍ഡിഎയുടെ 400 സീറ്റെന്ന സ്വപ്നത്തിന് എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ തമിഴ്‌നാട്ടില്‍ അക്കൗണ്ട് തുറന്നേ മതിയാകൂ. കഴിഞ്ഞ തവണ 100 ശതമാനം വിജയം കൈവരിച്ച ഉത്തരാഖണ്ഡിലെ അഞ്ച് സീറ്റുകള്‍ക്കൊപ്പം, രാജസ്ഥാനിലെ 12 സീറ്റുകളും ഉറപ്പിച്ചാണ് ബി.ജെ.പി. നീക്കം. രാജസ്ഥാനില്‍ മികച്ച സഖ്യമുണ്ടാക്കാന്‍ സാധിച്ചതിനാല്‍ ചില അട്ടിമറികള്‍ നടക്കുമെന്നാണ് ഇന്ത്യസഖ്യം വിലയിരുത്തുന്നത്.

മണിപ്പൂരിന്റെ വിലാപം മറ്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും അലയടിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അസമിലെ അഞ്ച് സീറ്റുകള്‍ കൂടാതെ ഈ മേഖലയിലെ 9 സീറ്റുകളില്‍ ആദ്യ ഘട്ടത്തിലാണ് പോളിങ്. മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാടി സഖ്യമായി മത്സരിച്ചേക്കുമെന്നത് എട്ട് സീറ്റുകളില്‍ പ്രതിപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നു.

എന്നാല്‍, മധ്യപ്രദേശില്‍ ഈ ഘട്ടത്തില്‍ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ചിന്ത്വാര ഒഴിച്ചാല്‍ കോണ്‍ഗ്രസ് വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.