1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2024

സ്വന്തം ലേഖകൻ: 102 മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ വൈകിട്ട് അഞ്ച് വരെ 62.19 % പോളിംഗ് രേഖപ്പെടുത്തി. അതിനിടെ തൃണമൂൽ കോൺഗ്രസ് -ബിജെപി സംഘർഷങ്ങൾക്കിടയിലും പശ്ചിമ ബംഗാളിൽ കനത്ത പോളിങ്. ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം ബംഗാളിൽ 50.96 ശതമാനം വോട്ടുകളാണ് പോൾ ചെയ്തിരിക്കുന്നത്.

ത്രിപുരയിലാണ് ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 53.04 ശതമാനം വോട്ടുകളാണ് ത്രിപുരയിൽ പോൾ ചെയ്തത്. തമിഴ് നാട്ടിൽ 39.43 ശതമാനമാണ് പോളിങ് നടന്നിരിക്കുന്നത്. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലാണ് ഉച്ചവരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കുറഞ്ഞ പോളിങ് നടന്നിരിക്കുന്നത്. 29 ശതമാനമാണ് ദ്വീപിലെ പോളിങ്.

തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മുൻ കേന്ദ്രമന്ത്രി പി.ചിദംബരം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ, ചലച്ചിത്ര താരങ്ങളായ രജനികാന്ത്, അജിത്ത്, കമൽ ഹാസൻ, ഖുഷ്ബു, ശിവകാർത്തികേയൻ സംഗീത സംവിധായകൻ ഇളയരാജ തുടങ്ങിയ പ്രമുഖരെല്ലാം പോളിങ് ബൂത്തിൽ രാവിലെ തന്നെയെത്തി തിരഞ്ഞെടുപ്പിൽ പങ്കാളികളായി.

അതിനിടെ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളിലും മണിപ്പൂരിലും സംഘ‍ർഷമുണ്ടായി. മണിപ്പൂരില്‍ ആയുധധാരികളായ സംഘം പോളിങ്ബൂത്തില്‍ അതിക്രമിച്ച് കയറി വോട്ടിങ് യന്ത്രങ്ങള്‍ അടിച്ച് തകർത്തതായാണ് റിപ്പോർട്ട്. ബൂത്ത് പിടിക്കാനുള്ള ശ്രമത്തിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ബംഗാളില്‍ കൂച്ച്ബിഹാറിലും അലിപൂർദ്വാറിലും ബിജെപി ടിഎംസി പ്രവർത്തകർ ഏറ്റുമുട്ടി. ബംഗാളിൽ തങ്ങളുടെ ബൂത്ത് കമ്മിറ്റി ഓഫീസ് ബിജെപി പ്രവർത്തകർ തീയിട്ടതായി തൃണമൂൽ ആരോപിച്ചു. ആദ്യഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന 102 മണ്ഡലങ്ങളിൽ 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

തിരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങളിൽ ഏറ്റവുമധികം മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്കെത്തുന്ന ഘട്ടമാണിത്. 21 സംസ്ഥാനങ്ങളിലും വിവിധ കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടർമാരാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുതുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം 6 മണി വരെ തുടരും.

ആദ്യ ഘട്ടത്തിൽ പതിനൊന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പൂർണ്ണമായും വിധിയെഴുതും. ഇതിൽ തമിഴ്‌നാട്ടിലെ 39 സീറ്റുകളും ഉത്തരാഖണ്ഡിലെ അഞ്ച് സീറ്റുകളും ആറ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഴുവൻ സീറ്റുകളും ഉൾപ്പെടുന്നു. അരുണാചൽ പ്രദേശിലെയും സിക്കിമിലെയും 92 നിയമസഭാ സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, 542-ൽ 303 സീറ്റുകൾ നേടി റെക്കോർഡ് നേട്ടം ഉണ്ടാക്കിയ ബിജെപി ആ ചരിത്രവും തിരുത്തി 400 സീറ്റെന്ന ലക്ഷ്യത്തിലാണ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേസമയം പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് പാർട്ടി കഴിഞ്ഞ തവണത്തെ 52 സീറ്റെന്നത് ഇത്തവണ ഭരണത്തിലേക്കെത്താനുള്ള സംഖ്യയിലേക്കെത്തിക്കാനാണ് ഇന്ത്യാ മുന്നണിയുടെ ഭാഗമായി നിന്നുകൊണ്ട് ശ്രമിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോൺഗ്രസ് ഇത്തവണ കുറവ് സീറ്റുകളിലാണ് മത്സരിക്കുന്നത്.

നാഗാലാന്‍ഡിലെ ആറ് കിഴക്കന്‍ ജില്ലകളില്‍ ബന്ദ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഒരാള്‍ പോലും വോട്ട് രേഖപ്പെടുത്താനെത്തിയില്ല. നാല് ലക്ഷത്തോളം വോട്ടര്‍മാരുള്ള ഇവിടെ ഒരാള്‍ പോലും വോട്ട് ചെയ്യാന്‍ എത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. ‘ഫ്രോണ്ടിയര്‍ നാഗാലാന്‍ഡ് ടെറിട്ടറി’ക്ക് വേണ്ടിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.