1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2024

സ്വന്തം ലേഖകൻ: പൊതു തിരഞ്ഞെടുപ്പിന്റെ സാമ്പിള്‍ വെടിക്കെട്ട് എന്ന് വിശേഷിപ്പിക്കുന്ന ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രതീക്ഷിച്ചതുപോലെ ലേബറിന് വലിയ നേട്ടമാണ് സമ്മാനിച്ചത്. 107 അതോറിറ്റികളിലേക്കും, 11 മേയര്‍ തെരഞ്ഞെടുപ്പുകളും നടന്ന ബ്രിട്ടീഷ് ലോക്കല്‍ ഇലക്ഷന്‍ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ ലേബര്‍ പാര്‍ട്ടി അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ അധികാരത്തിലേക്ക് എത്തുന്നതിന്റെ പ്രാഥമിക സൂചനകള്‍ പുറത്തുവരുന്നു. കണ്‍സര്‍വേറ്റീവ് ശക്തികേന്ദ്രങ്ങളില്‍ വെന്നിക്കൊടി പാറിക്കാന്‍ കീര്‍ സ്റ്റാര്‍മറിന് അവസരം ലഭിക്കുമ്പോള്‍ തന്റെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് ആശങ്കയിലാണ് പ്രധാനമന്ത്രി റിഷി സുനാക്.

അതേസമയം, പ്രധാന കൗണ്‍സില്‍ തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കി വെസ്റ്റ്മിന്‍സ്റ്ററില്‍ അധികാരത്തിലെത്താനുള്ള വഴി വെട്ടിയെടുക്കുമെന്നാണ് ലേബറിന്റെ ആത്മവിശ്വാസം. ആദ്യ ഘട്ടത്തില്‍ ഹാര്‍ട്ടില്‍പൂളിലും, തുറോക്കിലും വിജയം കരസ്ഥമാക്കി ഈ ആത്മവിശ്വാസം ഉറപ്പിക്കാന്‍ കീര്‍ സ്റ്റാര്‍മറിന്റെ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്.

ഇതിന് പുറമെ കാല്‍നൂറ്റാണ്ടായി കണ്‍സര്‍വേറ്റീവ് നിയന്ത്രണത്തിലുള്ള റഷ്മൂര്‍ നേരിട്ട് പിടിച്ചെടുത്തത് ചരിത്രനേട്ടമായി. നോര്‍ത്ത് ഈസ്റ്റ് ലിങ്കണ്‍ഷയറിലും ടോറികളുടെ പിടിവിട്ടതായി ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ പ്രധാനമന്ത്രി സുനാകിനും ഇത് നിര്‍ണ്ണായകമാണ്. പുതിയ പാര്‍ട്ടിയായ റിഫോം യുകെയുടെ പ്രകടനവും ടോറികള്‍ക്ക് കനത്ത തിരിച്ചടിയാണ്.

സണ്ടര്‍ലാന്‍ഡിലെ 25 സീറ്റില്‍ 16 ഇടത്താണ് റിഫോം ടോറികളെ പരാജയപ്പെടുത്തിയത്. ചെങ്കോട്ട മേഖലകളില്‍ ലേബറിന്റെ യഥാര്‍ത്ഥ പ്രതിപക്ഷം തങ്ങളാണ് നേതാവ് റിച്ചാര്‍ഡ് ടൈസ് അവകാശപ്പെട്ടു. 107 ലോക്കല്‍ അതോറിറ്റികളിലെ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ സുനാകിനെ കൊത്താന്‍ കാത്തിരിക്കുന്ന ടോറി വിമതര്‍ക്ക് ഇതിനുള്ള വഴി തുറന്ന് കിട്ടുമെന്നാണ് കരുതുന്നത്.

ഏകദേശം 4 കോടിയോളം പേര്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അവസാനിച്ചത്. 107 ലോക്കല്‍ അഥോറിറ്റികളിലായി 2,600 കൗണ്‍സില്‍ സീറ്റുകളിലേക്കാണ് മത്സരം നടന്നത്. അതിനോടൊപ്പം പ്രധാനപ്പെട്ട മേയര്‍ സ്ഥാനങ്ങളിലേക്കും പോലീസ്, ക്രൈം കമ്മീഷണര്‍ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടന്നു.

അതിനൊപ്പം ബ്ലാക്ക്പൂള്‍ സൗത്തിലും ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 3,690 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിന് ജയിച്ച ഈ മണ്ഡലം പിടിച്ചെടുക്കാന്‍ കഴിയും എന്നാണ് ലേബര്‍ പാര്‍ട്ടിയും, നേതാവ് കീര്‍ സ്റ്റാര്‍മറും കരുതുന്നത്. പൊതു തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍, ഈ ജയം തീര്‍ച്ചയായും ലേബര്‍ പാര്‍ട്ടിക്ക് കൂടുതല്‍ ആറ്റ്മവിശ്വാസം പകരും എന്നതില്‍ സംശയമില്ല. പാര്‍ട്ടിയുടെ പ്രകടനം തീരെ മോശമായാല്‍ സുനകിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഒരു കലാപത്തിനും സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.