1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2019

സ്വന്തം ലേഖകൻ: ഫിൻലണ്ടിൽ ഭരണപക്ഷസഖ്യത്തിന്റെ ഭാഗമായ അഞ്ചുപാർട്ടികളുടെയും തലപ്പത്ത് ഇപ്പോൾ സ്ത്രീകളാണുള്ളത്. അഞ്ചിൽ നാലുപേരുടെയും പ്രായം മുപ്പതുകളിലാണ്. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ്, മുപ്പത്തിനാലുകാരിയായ സന മറിൻ അടുത്തയാഴ്ചയോടെ ലോകത്തിലെ ഏറ്റവും ചെറുപ്പക്കാരിയായ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുക്കും.

ഇടതുപക്ഷ സഖ്യത്തിന്റെ നേതാവാണ് മുപ്പത്തിരണ്ടുകാരിയായ ലി ആൻഡേഴ്സൺ. ഗ്രീൻ ലീഗ് എന്ന പാർട്ടിയുടെ നേതൃത്വം മുപ്പത്തിനാലുകാരിയായ മരിയാ ഒഹിസലോയിൽ നിക്ഷിപ്തമാണ്. അനാ മായാ ഹെൻറിക്സൺ എന്ന അമ്പത്തഞ്ചുകാരിയാണ് സ്വീഡിഷ് പീപ്പിൾസ് പാർട്ടി ഓഫ് ഫിൻലണ്ടിന്റെ അമരത്ത്. സെന്റർ പാർട്ടി എന്ന പ്രബലകക്ഷിയുടെ തലപ്പത്തുള്ളതോ മുപ്പത്തിരണ്ടുകാരിയായ കാത്രി കുൽമുനിയും.

ആന്റി റിന്നെ എന്ന ട്രേഡ് യൂണിയൻ നേതാവിന് കഴിഞ്ഞയാഴ്ചയാണ് പോസ്റ്റൽ സമരത്തെ തുടർന്ന് നടന്ന അവിശ്വാസവോട്ടെടുപ്പിൽ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാനാകാതെ പ്രധാനമന്ത്രി പദം രാജിവെച്ച് പുറത്തുപോകേണ്ടിവന്നത്. അതോടെയാണ് നിലവിലെ ട്രാൻസ്‌പോർട്ട് മന്ത്രിയായ മാരിന് പ്രധാനമന്ത്രിപദത്തിലേക്കുള്ള വഴി അവിചാരിതമായി തെളിഞ്ഞത്.

താനൊരിക്കലും തന്റെ പ്രായത്തെപ്പറ്റിയോ, സ്ത്രീ എന്ന നിലയിലെ സ്വത്വത്തെപ്പറ്റിയോ ആലോചിച്ചിരുന്നില്ലെന്നു മാരിൻ പറഞ്ഞു. താൻ രാഷ്ട്രീയത്തിൽ ഇറങ്ങാൻ കാരണമായ വിഷയങ്ങളെ മുൻനിർത്തിക്കൊണ്ടു തന്നെയാണ് പോരാടിയത് എന്നും അതിനെ ജനങ്ങൾ സ്വീകരിച്ചു എന്നതാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ കാണുന്നതെന്നും അവർ പറഞ്ഞു. ജൂണിൽ പ്രഖ്യാപിച്ച നയരേഖ നടപ്പിലാക്കാൻ ഈ അഞ്ചു പാർട്ടികളും ഒന്നിച്ചുനിൽക്കും എന്ന് അവർ പറഞ്ഞു.

ന്യൂസിലൻഡിന്റെ ജസ്സീന്താ ആർഡേൻ(39), ഉക്രെയിന്റെ ഓലെക്സി ഹോൺ ചാരുക്(35) എന്നിവരാണ് ചെറുപ്പക്കാരികളായ മറ്റുലോക പ്രധാനമന്ത്രിമാർ. ആര്‍ഡേൻ നയപരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഭരണമികവ് കൊണ്ടും ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സന്നായുടെ കൂടുതല്‍ പ്രവര്‍ത്തങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ഫിന്‍ലൻഡ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.