1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2024

സ്വന്തം ലേഖകൻ: മഴക്കെടുതിയിൽ ആയിരക്കണക്കിന് വാഹനങ്ങളും വീടുകൾക്കും നാശനഷ്ടം. ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് രേഖകൾ കൃത്യമായി സമർപ്പിച്ചാൽ നഷ്ടപരിഹാരം ലഭിക്കും. പൂർണ ഇൻഷുറൻസ് എടുത്തിട്ടുള്ളവർക്കാണ് പ്രകൃതി ദുരന്തത്തിൽ പരിരക്ഷ ലഭിക്കുക. കെട്ടിടത്തിന്റെ ബേസ്മെന്റ് പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് അടക്കം ഇൻഷുറൻസ് ലഭിക്കും.

എന്നാൽ, പ്രകൃതി ക്ഷോഭം ഉണ്ടെന്നു ബോധ്യപ്പെട്ടിട്ടും വാഹനം വെള്ളത്തിലിറക്കി കേടുപാടുണ്ടായാൽ ഇത്തരം പോളിസികളിൽ കമ്പനികൾക്കാണ് അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം. വെള്ളം കയറി വാഹനങ്ങൾക്കു കേടുപാടുണ്ടായാൽ, ദുബായ് റജിസ്റ്റേഡ് വാഹനങ്ങൾക്ക് ദുബായ് പൊലീസിന്റെ ആപ്പിലോ വെബ്സൈറ്റിലോ നിശ്ചിത ഫീസ് അടച്ചാൽ ടു ഹും മേ കൺസേൺ സർട്ടിഫിക്കറ്റ് ലഭിക്കും. സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഇൻഷുറൻസ് ബ്രോക്കറെ ബന്ധപ്പെടാം. വാഹനങ്ങളുടെ കേടുപാടുകൾ കൃത്യമായ രേഖപ്പെടുത്തുകയും വിഡിയോ, ഫോട്ടോ എന്നിവ സൂക്ഷിക്കുകയും വേണം.

ഇതിനു ശേഷം വാഹനത്തിന്റെ മുൽക്കി, ഡ്രൈവിങ് ലൈസൻസ് എന്നിവ നൽകി പൊലീസിന്റെ അസ്സൽ റിപ്പോർട്ട് നേരിട്ടു വാങ്ങാം. വാഹനം ഇൻഷുറൻസ് കമ്പനി പ്രതിനിധി പരിശോധിക്കും. തുടർന്ന് ഗാരിജിലേക്കു മാറ്റും. ക്ലെയിം ലഭിക്കുന്നതു വരെ മുടങ്ങാതെ കാര്യങ്ങൾ അന്വേഷിക്കണം. വീടുകളും കെട്ടിടങ്ങളും ഇൻഷുർ ചെയ്തിട്ടുള്ളർക്കും നഷ്ടപരിഹാരം ലഭിക്കും.

തീ, മോഷണം, പ്രകൃതി ദുരന്തങ്ങൾ എന്നിവയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഭിത്തികൾ, മേൽക്കൂര, അടിത്തറ,കെട്ടിടത്തിൽ ഘടിപ്പിച്ചിട്ടുളള വീട്ടുപകരണങ്ങൾ എന്നിവയും ഇൻഷുറൻസ് പരിധിയിൽ വരും. വീടുകൾക്കും കെട്ടിടങ്ങൾക്കും നാശമുണ്ടായാൽ തെളിവു സഹിതം ഇൻഷുറൻസിനായി റിപ്പോർട്ട് നൽകാം.

ഇൻഷുറൻസ് കമ്പനി നാശനഷ്ടത്തിന്റെ മൂല്യനിർണം നടത്തും. ഇതിന് ആവശ്യമായ രേഖകൾ: പോളിസി നമ്പർ, പൊലീസ് റിപ്പോർട്ട് (ബാധകമെങ്കിൽ), സംഭവം നടന്ന സമയം, തീയതി, സ്ഥലം, സംഭവിച്ചതിന്റെ വിവരണം, നഷ്ടങ്ങളുടെ മൂല്യം (നഷ്ടത്തിന്റെ അടിസ്ഥാനത്തിൽ അധിക ഡോക്യുമെന്റേഷൻ ആവശ്യമായി വന്നേക്കാം) ക്ലെയിം ഫോം എന്നിവയാണ് ആവശ്യമായ രേഖകൾ. ഇൻഷുറൻസ് കമ്പനിയുടെ ഓൺലൈൻ, ആപ്, ഇമെയിൽ മുഖേന ക്ലെയിം സമർപ്പിക്കാം.

യുഎഇയില്‍ ചൊവ്വാഴ്ച പെയ്ത കനത്തമഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉണ്ടായത് കോടികളുടെ നഷ്ടം. റിപ്പോർട്ടുകൾ പ്രകാരം 75 വര്‍ഷത്തിനിടയിൽ ഏറ്റവും വലിയ മഴയാണ് 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പെയ്തത്. അബുദാബി അല്‍ഐന്‍ മേഖലയില്‍മാത്രം ഒറ്റദിവസം 254.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ശക്തമായ മഴയും കാറ്റും മൂലം കോടികളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് കണക്കാക്കുന്നത്.

മലയാളികളുടെ ഉടമസ്ഥതയിലുള്ള ചില ഫാമുകൾ വെള്ളത്തിനടിയിലായി. എട്ടടിയോളം ഉയരത്തിലാണ് ചില ഫാമുകളില്‍ വെള്ളം പൊങ്ങിയത്. ഫാമുകളില്‍ വെള്ളം കയറി വളർത്തുമൃഗങ്ങൾക്കു ജീവൻ നഷ്ടപ്പെട്ടു. വെള്ളക്കെട്ടു നീക്കാൻ വലിയ പമ്പുകൾ ഉപയോഗിച്ചു വെള്ളം ടാങ്കറുകളിൽ ശേഖരിച്ചു മാറ്റുകയാണ്. വീടുകളിലും വാഹനങ്ങളിലും വെള്ളം കയറി പലര്‍ക്കും വിലപ്പെട്ട രേഖകള്‍ നഷ്ടമായിട്ടുണ്ട്. ഒട്ടേറെ പേരാണ് രാജ്യത്തിന്റെ പല ഭാഗത്തും ഒറ്റപ്പെട്ടുകിടക്കുന്നത്.

ചൊവ്വാഴ്ച നിർത്തിവച്ച വിമാന സർവീസുകൾ ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് പുനരാരംഭിച്ചത്. അടുത്ത 5 ദിവസത്തേക്കു മഴയ്ക്കു സാധ്യതയില്ലെന്നാണ് അറിയിപ്പ്. ഇന്നു മുതൽ താപനില വർധിക്കും. കേരളത്തിൽനിന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള ഒട്ടേറെ വിമാനസർവീസുകൾ റദ്ദാക്കിയിരുന്നു. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ടിക്കറ്റ് റദ്ദാക്കി പണം മടക്കി നൽകണമെന്നു യാത്രക്കാരിൽ ചിലർ ആവശ്യപ്പെട്ടത് സംഘർഷത്തിനിടയാക്കി.

അതേസമയം കൊച്ചിയിൽ നിന്ന് ദുബായിലേയ്ക്ക് പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്നു. ഇന്നലെ രാത്രി 10.15ന് പുറപ്പെടേണ്ട വിമാനം ഇനിയും പുറപ്പെട്ടില്ല. ഈ വിമാനം ഇന്ന് ഉച്ചക്ക് 12.15ന് പുറപ്പെടുമെന്നാണ് അധികൃതർ അറിയിക്കുന്നത്. രാവിലെ 10.30ന് പുറപ്പെടേണ്ട എമിറേറ്റ് വിമാനവും വൈകും. ഈ വിമാനം 12.30ന് യാത്ര ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഇന്ന് പുലർച്ചെ 2.45ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനം റദ്ദാക്കി. രാവിലെ 3.15 ന് എത്തേണ്ട എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കി. ഇന്നലെ വൈകിട്ട് ദുബായിൽ നിന്നെത്തേണ്ട ഇൻഡിഗോ വിമാനവും റദ്ദാക്കിയിരുന്നു.

കഴിഞ്ഞ ഒരാഴ്ച്ചയായി ദുബായിൽ കനത്ത മഴ തുടരുകയാണ്. പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയാണിത്. കൃത്രിമ മഴയിലൂടെ രാജ്യത്തെ ജലപ്രതിസന്ധി മറികടക്കാൻ ഭരണകൂടം ക്ലൗഡ് സീഡിംഗ് ഉപയോഗിച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന വിലയിരുത്തലിലാണ് ഇപ്പോൾ കാലാവസ്ഥ വിദഗ്ധർ ഉള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.