1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2024

സ്വന്തം ലേഖകൻ: മുന്‍കാലങ്ങളിലൊക്കെ മരുഭൂമിയില്‍ നനവറിയിക്കാന്‍ മാത്രമായി എത്തിയിരുന്ന മഴ ഒറ്റ ദിവസം നിര്‍ത്താതെ പെയ്തപ്പോഴേക്കും യുഎഇ പ്രളയസമാനമായി. വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറുകയും അത് മൂലം പലരും വഴിയില്‍ കുടുങ്ങി നില്‍ക്കുകയും ചെയ്യുന്ന കാഴ്ചകള്‍ നമ്മള്‍ വാര്‍ത്തകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടേയും കണ്ടതാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ അടക്കം എന്തു ചെയ്യണമെന്നറിയാതെ പകച്ച് നിന്നപ്പോള്‍ രക്ഷാ പ്രവര്‍ത്തനവുമായി മുന്നിട്ടിറങ്ങിയത് മലയാളികളായിരുന്നു.

ഫ്‌ലാറ്റുകള്‍, കെട്ടിടങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിങ്ങനെ നിരവധി ഇടങ്ങളിലും വെള്ളം കയറിയിരുന്നു. കഴുത്തറ്റം വെള്ളം നിറഞ്ഞ് കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ ആളുകള്‍ അകപ്പെട്ടിരുന്ന അവസ്ഥയില്‍ സഹായവുമായെത്തിയ മലയാളി കൂട്ടം പലര്‍ക്കും രക്ഷയായി. വെള്ളം കയറി വീടുകളിലും കെട്ടിടങ്ങളും കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനായി മലയാളികള്‍ സംഘങ്ങളായി തിരിഞ്ഞാണ് എത്തിയത്. വലിയവാഹനങ്ങളും ഫൈബര്‍ ബോട്ടുകളും ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനങ്ങള്‍ മുന്നേറി.

റോഡുകളില്‍ കെട്ടികിടക്കുന്ന വെള്ളം ഒഴുകിപ്പോകുന്നതിനായി നിറഞ്ഞുകവിഞ്ഞ ഓടകള്‍ വ്യത്തിയാക്കി. വാഹനങ്ങളിലും മറ്റും അകപ്പെട്ടുകിടന്നവരെ കൃത്യമായ ഇടപെടലുകളോടെ രക്ഷിച്ചു. വൈദ്യുത ബന്ധം നഷ്ടപ്പെട്ട് കുടുങ്ങി കിടന്നവര്‍ക്കിടയിലേക്ക് കുടിവെള്ളവും ഭക്ഷണവും അവശ്യവസ്തുക്കളുമായി എത്തിയ മലയാളികളെ ഒരു രാജ്യക്കാര്‍ക്കും മറക്കാനാവില്ല. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ദുരിതത്തില്‍ അകപെട്ടവരുടെ ഓരോ വിളികള്‍ക്കും മുന്നിലേക്ക് മലയാളികള്‍ സഹായവുമായി എത്തിയ കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.

റോഡില്‍ വെള്ളം നിറഞ്ഞ് വാഹനങ്ങള്‍ തടസപ്പെട്ടിടങ്ങളിലേക്ക് അതിസാഹസികമായും മലയാളികള്‍ എത്തി. പ്രളയത്തിലകപ്പെട്ട നൂറുകണക്കിന് ആളുകള്‍ക്ക് മലയാളിയായ ബസ് ഡ്രൈവര്‍ ആശ്വാസമായത് നമ്മള്‍ വായിച്ചതാണ്. മലമുകളില്‍ നിന്ന് വെള്ളം കുത്തിയൊലിച്ച് പ്രദേശത്തെ മൂന്ന് വാദികള്‍ നിറഞ്ഞു കവിഞ്ഞതോടെ നിമിഷ നേരംകൊണ്ട് കല്‍ബ പ്രദേശം വെള്ളക്കെട്ടിലായി. കാറും മറ്റു വാഹനങ്ങളും വെള്ളത്തില്‍ മുങ്ങിപോയപ്പോള്‍, തന്റെ ബസ് ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തിയത് വടകര സ്വദേശിയായ സഫാദ് എന്ന ചെറുപ്പക്കാരനായിരുന്നു.

ഇത്തരത്തില്‍ നിരവധി മലയാളി യുവാക്കള്‍ യുഎഇയിലെ രക്ഷാ പ്രവര്‍ത്തന രംഗത്തുണ്ട്. പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മലയാളികള്‍ തുടങ്ങിയ റെയിന്‍ സപ്പോര്‍ട്ട് എന്ന ഗ്രൂപ്പ് വഴി മഴയില്‍ ഒറ്റപ്പെട്ടവര്‍ക്ക് താമസവും ഭക്ഷണവുമെത്തിക്കുന്നുമുണ്ട്. സഹായം ആവശ്യമുള്ളവരും സഹായം നല്‍കാന്‍ കഴിയുന്നവരും ഈ ഗ്രൂപ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. മെസ്സേജുകള്‍ ലഭിച്ച് താമസിയാതെ തന്നെ കൈത്താങ്ങായി മലയാളികള്‍ എത്തുമായിരുന്നു. സൗജന്യ ഭക്ഷണമെത്തിക്കാനുള്ള മറ്റൊരു വാട്‌സാപ്പ് ഗ്രൂപ്പും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ബുദ്ധിമുട്ടുന്നവരെ ഒപ്പം താമസിപ്പിച്ചും ഭക്ഷണം എത്തിച്ചും ചേര്‍ത്തുപിടിക്കുന്ന മലയാളികള്‍ ഇപ്പോഴും രക്ഷാ പ്രവര്‍ത്തനവുമായി രംഗത്തുണ്ട്.

വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് യാത്ര മുടങ്ങി ഒരു ദിവസത്തിലധികം നേരം അവിടെ കഴിയേണ്ടിവന്നവര്‍ക്ക് കൈത്താങ്ങായതും മലയാളികളുടെ സ്‌നേഹമായിരുന്നു. വിമാനത്താവളത്തില്‍ കുടുങ്ങി ഭക്ഷണത്തിന് പ്രയാസപ്പെട്ടവര്‍ക്കിടയിലേക്കാണ് കോഴിക്കോട്ടു നിന്നുള്ള മലയാളി യാത്രക്കാര്‍ എത്തിയത്. അവരുടെ പെട്ടിയില്‍ നിന്നും ആഹാരപൊതികള്‍ തുറന്ന് വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് വീതംവെച്ചു. ഭാഷയോ ദേശമോ ഒന്നും നോക്കാതെ ഒരുമയോടെ ഭക്ഷണം വിളമ്പിയ മലയാളികള്‍, വിമാനത്താവളത്തിന്റെ തറയിലും മറ്റും എല്ലാവരും ഒന്നിച്ച് കരങ്ങള്‍കോര്‍ത്തിരുന്ന കാഴ്ച, മനുഷ്യര്‍ ഒന്നിച്ചാല്‍ അതിജീവിക്കാനാവാത്തതായി ഒന്നുമില്ലെന്ന് തെളിയിക്കുന്നത് തന്നെയായിരുന്നു.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഒന്നിലധികം മലയാളി സംഘടനകള്‍ എപ്പോഴും ഗള്‍ഫ് രാജ്യങ്ങളില്‍ സജീവമാണ്. കെഎംസിസി പോലുള്ള സംഘടനകള്‍ സഹായവുമായി മുന്നില്‍ തന്നെയുണ്ട്. വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടപ്പോള്‍ സഹായാഭ്യര്‍ത്ഥനയുമായി കെഎംസിസി പ്രവര്‍ത്തകര്‍ക്ക് വിളികളും എത്തിത്തുടങ്ങിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഹെല്‍പ് ഡെസ്‌കുകള്‍ രൂപീകരിച്ചു. വെള്ളം കയറിയ ഭാഗങ്ങളില്‍ എത്തി അവിടത്തെ കുടുംബങ്ങള്‍ക്ക് ഹോട്ടലുകളിലും കെഎംസിസി പ്രവര്‍ത്തകരുടെ ഭവനങ്ങളിലുമായി താമസ സൗകര്യം ഏര്‍പ്പെടുത്തി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫ്‌ലാറ്റുകളിലും മറ്റും കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും മറ്റ് അവശ്യ സാധനങ്ങളുമായി കെഎംസിസിയുടെ വിവിധ ജില്ലാ മണ്ഡലം കമ്മറ്റികളും പ്രവത്തനരംഗത്തേക്ക് ഇറങ്ങി. വലിയ വാഹനങ്ങളിലും ഫൈബര്‍ ബോട്ടുകളിലുമായാണ് സാധനങ്ങള്‍ എത്തിച്ചത്. രാജ്യത്തെ അധികൃതരോടൊപ്പം നിന്നും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മലയാളികള്‍ ഉണ്ടായിരുന്നു. നഷ്ടങ്ങൾ നേരിട്ടിട്ടും സ്വയം സന്നദ്ധരായി ദുരിതാശ്വാസ പ്രവർത്തന രംഗത്ത് സജീവമായി തന്നെയുണ്ട് മലയാളി പ്രവാസികൾ.

ലോകത്തിന്റെ ഏത് കോണിലായാലും മലയാളികള്‍ തങ്ങളുടെ മിടുക്ക് കാണിക്കുന്നത് അസാധാരണമായ ഒരു കാര്യമല്ല. പ്രതിസന്ധികളില്‍ സംഘടിതമായി നിന്ന് അതിജീവിക്കാന്‍ ശീലിച്ചവരാണ് മലയാളികള്‍. 2018 ലെ മഹാമാരിയായിരുന്നു അതിന്റെ ഏറ്റവും വലിയ ഉദാഹരണം. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് കേരളം സാക്ഷ്യം വഹിച്ചപ്പോള്‍ ഗ്രാമനഗര ഭേദമന്യേ സംസ്ഥാനത്തെ ബഹുഭൂരിപക്ഷ പ്രദേശങ്ങളും വെള്ളത്തിനടിയിലായി.

കെട്ടിടങ്ങളും റോഡുകളും പാലങ്ങളുമെല്ലാം വെള്ളത്തില്‍ മുങ്ങി. വൈദ്യുതി വിതരണം കൂടി നിലച്ചതോടെ രാത്രി കാലങ്ങളിലുള്‍പ്പടെ രക്ഷാപ്രവര്‍ത്തനം അതിസാഹസികമായിരുന്നു. സര്‍വവും മറന്ന് മലയാളികള്‍ ഒന്നിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളിലൂടെയാണ് കേരളം അന്ന് അതിജീവിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.