1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2024

സ്വന്തം ലേഖകൻ: കഴിഞ്ഞയാഴ്ചയിലെ അതിശക്തമായ മഴയെയും അസ്ഥിര കാലാവസ്ഥയും പരിഗണിച്ച് ഷാർജയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ ഗതാഗത നിയമലംഘനങ്ങളും റദ്ദാക്കാൻ ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് സറി അൽ ഷംസി ഉത്തരവിട്ടു. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴയെ തുടർന്ന് എമിറേറ്റ് അസാധാരണമായ സാഹചര്യങ്ങൾ നേരിട്ടിരുന്നു. മഴയെത്തുടർന്ന് റോഡുകളിലും പാർക്കിങ് സ്ഥലങ്ങളിലും വെള്ളം കയറി വൻ നാശനഷ്ടങ്ങൾ സംഭവിച്ചു.

റോഡരികുകളിലും മറ്റും ദിവസങ്ങളോളം നിരവധി വാഹനങ്ങളാണ് കുടുങ്ങിയത്.
എമിറേറ്റിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും നാശനഷ്ടം സംബന്ധമായ സർട്ടിഫിക്കറ്റുകൾ സൗജന്യമായി നൽകുമെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് സറി അൽ ഷംസി അറിയിച്ചു. പൊലീസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ്, സ്മാർട്ട് ആപ്പ്, ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി അപേക്ഷകൾ സമർപ്പിക്കാം.

പ്രളയബാധിതരുടെ ഭാരം ലഘൂകരിക്കാനുള്ള സർക്കാർ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതാണ് ഈ നീക്കം. ഫീൽഡ് വർക്കർമാരുമായും എല്ലാ പങ്കാളികളുമായും സഹകരിച്ച് താമസ സൗകര്യം ഉറപ്പാക്കുന്നതിനും എമിറേറ്റിലെ എല്ലാ നഗരങ്ങളിലും ദുരിതബാധിതരായ കുടുംബങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയുന്ന പരമാവധി സഹായം നൽകുന്നതിനും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

ദേശീയ, സാമൂഹിക, മാനുഷിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനായി പൊലീസ് എല്ലാ പങ്കാളികളുമായും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും മേജർ ജനറൽ അൽ ഷംസി വ്യക്തമാക്കി. ഭരണ നേതൃത്വത്തിന്‍റെ നിർദ്ദേശങ്ങളും പ്രതിബദ്ധതയും നടപ്പിലാക്കുകയാണ്.

ഷാർജയിലെയും അജ്മാനിലെയും സ്വകാര്യ സ്കൂളുകളിൽ ഇന്നും വിദൂര പഠനം തുടരുമെന്ന് ഷാർജ പ്രാദേശിക എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്‍റ് ടീം അറിയിച്ചു. വിദ്യാർഥികളെയും അധ്യാപകരെയും സുരക്ഷിതമായി സ്വീകരിക്കാൻ സ്കൂളുകളും പരിസര പ്രദേശങ്ങളും തയ്യാറാക്കുന്നതിനാണ് ഈ തീരുമാനം. കഴിഞ്ഞയാഴ്ച റെക്കോർഡ് മഴ പെയ്തതിനെ തുടർന്നാണ് സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയത്.

അതിനിടെ വെള്ളക്കെട്ടുമൂലം ഗതാഗതം നിർത്തിവച്ച് അബുദാബി–ദുബായ് ഹൈവേ (ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് – ഇ11) തുറന്നു. ഇരു എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.