1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 27, 2020

സ്വന്തം ലേഖകൻ: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിസംബർ 31 വരെ നീട്ടാനുള്ള ഇന്ത്യൻ സർക്കാറി​െൻറ തീരുമാനത്തിൽ പ്രവാസികൾ നിരാശയിൽ. നിലവിൽ ഒമാനിൽ നിന്ന്​ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക്​ ഉയർന്ന ടിക്കറ്റ്​ നിരക്കുകളാണ്​ ഉള്ളത്​. സാധാരണ വിമാന സർവീസുകൾ പുനരാരംഭിക്കുന്ന കാര്യം ഇനി ജനുവരിയിലേ പരിഗണിക്കുകയുള്ളൂ. അതുവരെ എയർ ബബ്​ൾ ധാരണ പ്രകാരമുള്ള സർവീസുകളും ഉയർന്ന ടിക്കറ്റ്​ നിരക്കുകളും ഡിസംബർ അവസാനം വരെ തുടരാനാണ്​ സാധ്യത.

ഒക്​ടോബർ ആദ്യത്തിലാണ്​ എയർ ബബ്​ൾ ധാരണ പ്രകാരം ഇന്ത്യക്കും ഒമാനുമിടയിൽ വിമാന സർവീസുകൾ തുടങ്ങിയത്​. ഒരു വശത്തേക്ക്​ ആഴ്​ചയിൽ പതിനായിരം സീറ്റ്​ എന്നതായിരുന്നു ധാരണ. എന്നാൽ ഒമാനിലേക്ക്​ എത്തിയ യാത്രക്കാരിൽ കോവിഡ്​ ബാധിതർ കൂടിയതിനെ തുടർന്ന്​ പ്രതിവാര സീറ്റുകളുടെ എണ്ണം അയ്യായിരമായി കുറച്ചു. ഇതേ തുടർന്ന്​ സ്വകാര്യ വിമാന കമ്പനികളോട്​ സർവീസ്​ നിർത്തിവെക്കാൻ ഇന്ത്യൻ വ്യോമയാന മന്ത്രാലയം നിർദേശിച്ചു. ദേശീയ വിമാന കമ്പനികൾ മാത്രമാണ്​ നവംബർ രണ്ടാം വാരം മുതൽ സർവീസ്​ നടത്തുന്നത്​. ഇതിന്​ ശേഷമാണ്​ വിമാന ടിക്കറ്റ്​ നിരക്കുകൾ കുത്തനെ ഉയർന്നത്​.

ഡിസംബറിലും ഉയർന്ന നിരക്കുകളാണ്​ ഉള്ളതെന്ന്​ ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഇനി ജനുവരിയിലേക്ക്​ മാത്രം പ്രതീക്ഷിച്ചാൽ മതി. രോഗികളുടെ എണ്ണം കുറയുന്ന പക്ഷം എയർ ബബ്​ൾ സീറ്റുകൾ ഇരട്ടിയാക്കാനുള്ള വിദൂര സാധ്യത മാത്രമാണ്​ ഉള്ളതെന്നും ഇവർ പറയുന്നു. ഉയർന്ന ടിക്കറ്റ്​ നിരക്കിന്​ ഒപ്പം ക്വാറ​ൻറീൻ, കോവിഡ്​ പരിശോധനാ മാനദണ്ഡങ്ങൾ കൂടി കണക്കിലെടുത്ത്​ നാട്ടിലേക്ക്​ പോക്ക്​ നീട്ടിവെക്കാൻ പലരും തീരുമാനമെടുത്തുകഴിഞ്ഞു.

ഉയർന്ന ടിക്കറ്റ്​ നിരക്ക്​ മൂലം കേരളത്തിലേക്കുള്ള പല വിമാനങ്ങളിലും ആളുകൾ കുറവാണെന്ന്​ ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. ആഴ്​ചയിൽ ഒന്നും രണ്ടും സർവീസുകൾ മാത്രമാണ്​ ഉള്ളത്​. അതിനാൽ, അടിയന്തര ആവശ്യങ്ങൾക്ക്​ പോകേണ്ടിവരുന്നവർക്ക്​ ഉയർന്ന ടിക്കറ്റ്​ നിരക്ക്​ നൽകാൻ തയാറാണെങ്കിൽ പോലും വിമാനം കിട്ടാത്ത അവസ്​ഥയുമുണ്ട്​.

നിരക്ക്​ കുറവായതിനാൽ എയർ അറേബ്യയുടെ ഷാർജ വഴിയുള്ള കണക്​ഷൻ വിമാനത്തിൽ നാട്ടിലേക്ക്​ പോകുന്നവരുമുണ്ട്​. ഷാർജ വിമാനത്താവളത്തിലെ കാത്തിരിപ്പ്​ സമയമടക്കം എട്ട്​, 13 മണിക്കൂറുകളെടുത്താണ്​ ഇവർ നാട്ടിലെത്തുന്നത്​. വിദേശത്തുനിന്ന്​ എത്തുന്നവർക്ക്​ കോവിഡ്​ പരിശോധന സർട്ടിഫിക്കറ്റ്​ ഉണ്ടെങ്കിൽ ക്വാറ​ൻറീൻ നിബന്ധന ഒഴിവാക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനം കേരളത്തിലും നടപ്പിലാക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.