1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2022

സ്വന്തം ലേഖകൻ: വിമാനത്തിൽ വച്ച് ഒരാൾക്ക് കോവിഡ്-19 പിടിപെടാനുള്ള സാധ്യത എത്രത്തോളമാണെന്ന് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളുമായി പുതിയ പഠനം. മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) ഗവേഷക വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് പഠനം നടന്നത്. 2020 ജൂൺ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിൽ യുഎസിലെ ആഭ്യന്തര വിമാനങ്ങളിലെ യാത്രക്കാരുടെ കോവിഡ് കണക്കുകളാണ് പഠനത്തിൽ വിശകലനം ചെയ്തത്. പഠനം പറയുന്നത് അനുസരിച്ച് വിമാനത്തിൽ വച്ച് ഒരാൾക്ക് കോവിഡ്-19 പിടിപെടാനുള്ള സാധ്യത ഇങ്ങനെയാണ്.

2020 ഡിസംബറിലും 2021 ജനുവരിയിലും കോവിഡ്-19 ന്റെ ആദ്യഘട്ടത്തിൽ രണ്ട് മണിക്കൂർ നീണ്ട വിമാനയാത്രയിൽ കോവിഡ് ബാധിച്ചത് 1,000-ൽ ഒന്നിൽ കൂടുതൽ പേർക്ക്. 2020-ലെ വേനൽക്കാലത്ത്, കോവിഡ് ഏറ്റവും രൂക്ഷമായിരിക്കുമ്പോൾ, രണ്ട് മണിക്കൂർ നീണ്ട വിമാനയാത്രയിൽ കോവിഡ് ബാധിച്ചത് 6,000-ൽ ഒരാൾക്ക്, 2020 ജൂൺ മുതൽ 2021 ഫെബ്രുവരി വരെ ഏകദേശം 2,000-ൽ ഒരാൾക്ക് എന്നിങ്ങനെയാണ് കണക്കുകൾ.

അതേസമയം, നിലവിലെ സാഹചര്യങ്ങൾ പഠനത്തിൽ നിന്ന് വ്യത്യസ്തമാണെന്ന് എംഐടി സമ്മതിച്ചു. പഠന കാലയളവിൽനിന്നും വ്യത്യസ്തമായി യുഎസ് ആഭ്യന്തര യാത്രക്കാർക്ക് ഇനി മാസ്ക് ആവശ്യമില്ല; എയർലൈനുകൾ നടുവിലുള്ള സീറ്റുകൾ ഒഴിച്ചിട്ടിരുന്നു, ഇപ്പോൾ അത് ചെയ്യുന്നില്ല; കൂടാതെ പുതിയ കോവിഡ്-19 വകഭേദങ്ങൾ പഠനകാലത്തുണ്ടായിരുന്ന വൈറസിനേക്കാൾ കൂടുതൽ പകരുന്നവയാണ്. ഈ ഘടകങ്ങൾ നിലവിലെ അപകടസാധ്യത വർധിപ്പിക്കുമെങ്കിലും, 2021 ഫെബ്രുവരി മുതൽ മിക്ക ആളുകൾക്കും കോവിഡ് -19 വാക്സിനേഷനുകൾ ലഭിച്ചിട്ടുണ്ട്, ഇത് ഇന്നത്തെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് വാർത്താ കുറിപ്പിൽ പറയുന്നു.

കോവിഡ് -19 വ്യാപനത്തെക്കുറിച്ചുള്ള പൊതുജനാരോഗ്യ സ്ഥിതിവിവരക്കണക്കുകൾ, കോവിഡ് -19 പകർച്ചവ്യാധി സംവിധാനങ്ങളെക്കുറിച്ചുള്ള മറ്റു അവലോകന പഠനങ്ങളിൽ നിന്നുള്ള വിവരങ്ങൾ, വിമാനങ്ങളിലെ വൈറസുകളുടെ വ്യാപനത്തെക്കുറിച്ചും രാജ്യാന്തര വിമാന സവീസുകളിൽ കോവിഡ്-19 വ്യാപനത്തെക്കുറിച്ചുമുള്ള വിവരങ്ങൾ, യുഎസ് ആഭ്യന്തര ജെറ്റ് ഫ്ലൈറ്റുകളിലെ സീറ്റ്-ഒക്യുപ്പൻസി നിരക്കുകളെക്കുറിച്ചുള്ള ലഭ്യമായ ചില വിവരങ്ങൾ എന്നിവയും ഗവേഷകർ പഠനത്തിനായി ഉപയോഗിച്ചു. വിപുലമായ മാതൃകയിലൂടെ അവർ യുഎസ് ആഭ്യന്തര വിമാനക്കമ്പനികളിൽ ട്രാൻസ്മിഷൻ അപകടസാധ്യതകൾ കണക്കാക്കി.

ഗവേഷകർ അവരുടെ വിശകലനങ്ങൾക്കായി രണ്ട് മണിക്കൂർ വിമാന യാത്രാ സമയമാണ് കണക്കാക്കിയത്, കാരണം യുഎസിലെ ഒരു ആഭ്യന്തര വിമാനത്തിന്റെ ശരാശരി യാത്രാ ദൈർഘ്യമാണ് ഇത്. ഒരൊറ്റ ഇടനാഴിയും ഇരുവശത്തും മൂന്ന് സീറ്റുകളും ഏകദേശം 175 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737, എയർബസ് A320 വിമാനങ്ങളാണ് ഗവേഷകർ പഠനത്തിൽ ഉൾപ്പെടുത്തിയത്. അത്തരം മിക്ക വിമാനങ്ങളിലും ഉയർന്ന പ്രവർത്തനക്ഷമതയുള്ള HEPA വായു ശുദ്ധീകരണ സംവിധാനങ്ങളുണ്ട്, ഇത് വായുവിലൂടെയുള്ള രോഗങ്ങളുടെ സംക്രമണ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.