
സ്വന്തം ലേഖകൻ: വിമാന യാത്രയ്ക്കിടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച 15 യാത്രക്കാര്‍ക്ക് മൂന്നു മാസത്തേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദേശം. ഈ മാസം മൂന്ന് ആഭ്യന്തര സര്‍വീസുകളിലാണ് യാത്രക്കാര്‍ മാനദണ്ഡം ലംഘിച്ചത്. ഇന്നലെയാണ് ഡിജിസിഎ വിമാന കമ്പനികള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
നിര്‍ദേശം നല്‍കിയിട്ടും ശരിയായ വിധത്തില്‍ മാസ്ക് ധരിക്കാന്‍ തയ്യാറാകാത്ത യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്താക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കാന്‍ മാര്‍ച്ച് 13ന് ഡിജിസിഎ നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം ലംഘിക്കുന്നത് ആവര്‍ത്തിച്ചാല്‍ അത്തരം യാത്രക്കാരെ മൂന്നു മാസം മുതല്‍ 24 മാസം വരെ യാത്രാ പട്ടികയില്‍ നിന്ന് ഒഴിവാക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ഇന്ഡോയിലെ ഒന്‍പത് യാത്രക്കാരും അലയന്‍സ് എയറിലെ നാല് യാത്രക്കാരും എയര്‍ ഏഷ്യയിലെ രണ്ട് യാത്രക്കാരുമാണ് നടപടി നേരിടുന്നത്. ഈ മാസം 15നും 23നുമിടയിലാണ് ഇവര്‍ യാത്ര ചെയ്തത്. മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുക മാത്രമല്ല, മിഡില്‍ സീറ്റില്‍ ഇരുന്ന ഇവര്‍ പിപിഇ കിറ്റ് ധരിക്കാനും തയ്യാറായില്ലെന്നും ഡിജിസിഎ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല