1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2021

സ്വന്തം ലേഖകൻ: വിമാന യാത്രക്കിടെ കോവിഡ് പകരുന്നത് പരമാവധി കുറക്കാനാണ് പിന്നില്‍ സീറ്റുള്ള യാത്രികരെ ആദ്യം കടത്തിവിടുന്ന രീതി പല വ്യോമയാന കമ്പനികളും സ്വീകരിച്ചത്. പ്രത്യേകിച്ച് നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ യാത്രികര്‍ കയറുന്ന രീതിയെ അപേക്ഷിച്ച് കോവിഡിനെ നിയന്ത്രിക്കാന്‍ ഇത് സഹായിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, അതുകൊണ്ട് ഗുണമുണ്ടായില്ലെന്ന് മാത്രമല്ല കോവിഡ് പകരുന്നത് ഇരട്ടിയാവുകയും ചെയ്തുവെന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്.

വിമാനത്തിലേക്ക് കയറുന്ന യാത്രികര്‍ക്ക് പരമാവധി കുറവ് പേരുമായി മാത്രം സമ്പര്‍ക്കം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തിലാണ് പിന്നില്‍ നിന്നും മുന്നിലേക്കുള്ള സീറ്റുകളിലെ യാത്രക്കാരെ കടത്തിവിട്ടുകൊണ്ടിരുന്നത്. വെസ്റ്റ് ഫ്‌ളോറിഡ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ വിശദപഠനത്തിലാണ് ഈ രീതിയുടെ പാളിച്ചകള്‍ തിരിച്ചറിഞ്ഞത്. ഒരേ നിരയില്‍ പെട്ട യാത്രക്കാര്‍ തമ്മില്‍ വളരെ അടുത്ത സമ്പര്‍ക്കം ഈ രീതികൊണ്ട് ഉണ്ടാവുന്നുവെന്നാണ് കണ്ടെത്തിയത്.

പ്രത്യേകിച്ചും യാത്രക്കാരുടെ സീറ്റുകള്‍ക്ക് മുകളിലുള്ള ലഗേജ് ബിന്നുകളില്‍ തങ്ങളുടെ സാധനങ്ങള്‍ വയ്ക്കാനായി ശ്രമിക്കുന്ന സമയത്താണ് സഹയാത്രികരുമായി അടുത്ത സമ്പര്‍ക്കമുണ്ടാവുന്നത്. ചെറുസംഘങ്ങളായി വിമാനങ്ങളിലേക്ക് പലയിടത്ത് സീറ്റുകളുള്ള യാത്രികര്‍ കയറുന്നതിനെ അപേക്ഷിച്ച് പുതിയ മാറ്റം കൂടുതല്‍ കോവിഡ് 19 പകരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. റോയല്‍ ഓപ്പൺ സൊസൈറ്റി സയന്‍സിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുതിയ രീതിയില്‍ വിമാനത്തില്‍ യാത്രികര്‍ ചെല്ലുന്ന രീതിയുടെ 16000ത്തില്‍ പരം വ്യത്യസ്ത സാധ്യതകള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്. പിന്നില്‍ നിന്നു യാത്രികരെ നിറക്കുന്ന മാര്‍ഗം സ്വീകരിക്കുന്നതിലൂടെ കോവിഡ് പകരാനുള്ള സാധ്യത ഇരട്ടിയാവുന്നുവെന്നാണ് കണ്ടെത്തല്‍.

എബോള വൈറസിന്റെ വ്യാപന സമയത്തും വിമാന യാത്രികരില്‍ രോഗം പകരുന്നതിനെക്കുറിച്ച് സമാനമായ പഠനം നടന്നിരുന്നു. യാത്രികര്‍ മറ്റാര്‍ക്കെങ്കിലും വേണ്ടി കാത്തു നില്‍ക്കുമ്പോഴോ വിമാനത്തില്‍ തങ്ങളുടെ സാധനങ്ങള്‍ വയ്ക്കാനായി ശ്രമിക്കുന്നതിനിടെ കൂട്ടമാകുമ്പോഴോ ആണ് പ്രധാനമായും വിമാനത്തിലൂടെ എബോള പകര്‍ന്നിരുന്നതെന്നായിരുന്നു കണ്ടെത്തൽ.

ഈ പഠനഫലം പുറത്തുവന്നതിനു പിന്നാലെ യുണൈറ്റഡ് എയര്‍ലൈന്‍സ് പിന്നില്‍ നിന്നും മുന്നിലേക്ക് യാത്രികരെ കയറ്റുന്ന രീതി നിര്‍ത്തിവച്ചിട്ടുണ്ട്. ഇവര്‍ രണ്ട് നിരയായി അഞ്ച് വീതം സംഘങ്ങളായാണ് യാത്രികരെ വിമാനങ്ങളിലേക്ക് ഇനി മുതല്‍ കയറ്റുക. അതേസമയം, വിമാനങ്ങളിലെ നടുവിലെ സീറ്റുകള്‍ ഒഴിച്ചിടുന്ന രീതി ഫലപ്രദമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.