1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2017

സ്വന്തം ലേഖകന്‍: ഫ്‌ളോറിഡയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഈ പാമ്പു പിടുത്തക്കാരാണ് താരം! പാമ്പിന്റെ ശല്യം തീര്‍ക്കാനായി ആരെ കിട്ടുമെന്ന് അന്വേഷിച്ച് ലോകമെങ്ങും അന്വേഷിച്ച ശേഷമാണ് ഒടുവില്‍ തമിഴ്‌നാട്ടില്‍ നിന്ന് രക്ഷകരെ കിട്ടിയത്. അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ചിലയിടങ്ങളില്‍ വര്‍ഷങ്ങളായി പെരുമ്പാമ്പുകളെ കൊണ്ട് നട്ടംതിരിഞ്ഞിരിപ്പായിരുന്നു കാട്ടുകാര്‍. വീടുകള്‍ക്കുള്ളില്‍ കയറി വരുന്ന പെരുമ്പാമ്പുകള്‍ വളര്‍ത്തു മൃഗങ്ങളെ ശാപ്പിടുന്നത് ഇവിടെ നിത്യ സംഭവമായിരുന്നു.

1,500 ഡോളറും ഐഫോണുമാണ് പെരുമ്പാമ്പുകളെ പിടിക്കുന്നവര്‍ക്ക് അവിടെ പ്രഖ്യാപിച്ച സമ്മാനം. എന്നാല്‍ പെരുമ്പാമ്പിനെ ചാക്കിലാക്കാന്‍ നാട്ടില്‍ ആരും തയ്യാറായില്ല. തുടര്‍ന്നാണ് പാമ്പുകളെ കൊല്ലാനുള്ള പദ്ധതി വന്യമൃഗ വകുപ്പ് തീരുമാനിച്ചത്. ഫ്‌ലോറിഡയില്‍ നിന്നു തുടങ്ങിയ അന്വേഷണം അവസാനിച്ചത് തമിഴ്‌നാട്ടിലെ വടിവേല്‍ ഗോപാല്‍, മാസി സദയ്യന്‍ എന്നീ ഇരുള വിഭാഗത്തില്‍ പെട്ട പാമ്പു പിടുത്തക്കാരിലും.

പരമ്പരാഗതമായി പാമ്പു പിടുത്തക്കാരായ ഇവര്‍ ദ്വിഭാഷികള്‍ക്കൊപ്പമാണ് ഫ്‌ളോറിഡയില്‍ എത്തിയത്. രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ 13 ലേറെ പെരുമ്പാമ്പുകളെയാണ് ചാക്കിലാക്കി അമേരിക്കക്കാരെ ഞെട്ടിക്കുകയും ചെയ്തു വടിവേലും മാസിയും. നായ്ക്കളുടെ സഹായത്തോടെയാണ് പെരുമ്പാമ്പുകളെ ഇവര്‍ കണ്ടെത്തിയത്.

നിലവില്‍ കീലാര്‍ഗോയിലാണ് മാസിയും വടിവേലും പാമ്പുകളെ പിടിക്കാനായി ഉള്ളത്. ഇത്തവണ പെരുമ്പാമ്പുകളെ കീഴടക്കാനായതിന്റെ സന്തോഷത്തിലാണ് ഫ്‌ളോറിഡ ഇപ്പോള്‍. ഇവരുടെ വൈദഗ്ധ്യം തങ്ങളെ അത്ഭുതപ്പെടുത്തി എന്നാണ് അധികൃതര്‍ പറയുന്നത്. 68,888 ഡോളറിന്റെ പദ്ധതിയാണ് പാമ്പ് ശല്യത്തില്‍ നിന്ന് രക്ഷപ്പെടാനായി ഇവര്‍ക്കായി ആവിഷ്‌കരിച്ചിട്ടുള്ളത്.

എന്തായാലും അമേരിക്കന്‍ പെരുമ്പാമ്പുകളെ ഒരു വഴിക്കാക്കിയേ തങ്ങള്‍ മടങ്ങൂ എന്നാണ് വടിവേലും മാസിയും പറയുന്നത്. ഫ്‌ളോറിഡ സര്‍വ്വകലാശാലയിലെ ജീവശാസ്ത്ര വിദഗ്ദ്ധര്‍ക്കൊപ്പമാണ് ഫെബ്രുവരി വരെ ഇരുവരും ജോലി ചെയ്യുക. ഒളിഞ്ഞിരിക്കുന്ന പാമ്പിനെ കണ്ടെത്താന്‍ ഇവര്‍ ഉപയോഗിക്കുന്ന തനതു രീതികള്‍ കണ്ട് വാപൊളിക്കുകയാണ് ഫ്‌ളോറിഡയിലെ പെരുമ്പാമ്പ് വിദഗ്ദ്ധര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.