1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2024

സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യ വിഷബാധ ഉണ്ടായ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ റസ്റ്ററന്റുകൾക്ക് നിയന്ത്രണവും മാർഗനിർദേശവും പുറത്തിറക്കുന്നു. പുതിയ നിർദേശം പ്രകാരം ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഉറവിടം സ്ഥാപന ഉടമയ്ക്ക് ട്രാക്ക് ചെയ്യാനാകും വിധം സംവിധാനമുണ്ടാക്കണം.

വസ്തുക്കളുടെ കാലാവധിയും സപ്ലൈയറുടെ വിശദാംശങ്ങളും ചോദിക്കുമ്പോൾ നൽകാനും ഉടമയ്ക്ക് കഴിയണം. ഇതിന് സാധിക്കും വിധത്തിൽ സ്ഥാപനത്തിൽ ക്രമീകരണമുണ്ടാക്കാനാണ് നിർദേശം. അതായത് ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കൾ എവിടെ നിന്നും എത്തിച്ചു, ആര് നൽകി, എത്ര അളവിലാണ് നൽകിയത്, പാചകം ചെയ്തത് ആരാണ് എന്നതെല്ലാം കൃത്യമായി അറിയും വിധം സംവിധാനമുണ്ടാക്കണം. സൗദി മുനിസിപ്പൽ മന്ത്രാലയത്തിന്റേതാണ് തീരുമാനം.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് റിയാദിലെ ഒരു റസ്‌റ്റോറന്റില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. റിയാദിലെ പ്രമുഖ ഹംബര്‍ഗിനി ഫാസ്റ്റ് ഫുഡ് റസ്‌റ്റോറന്റില്‍നിന്ന് ഭക്ഷണം കഴിച്ചവരെയാണ് വിഷബാധയുണ്ടായതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഭക്ഷ്യവിഷബാധയാണെന്ന കാര്യം സ്ഥിരീകരിച്ചത്.

ബോട്ടിലിസം എന്ന പേരിലുള്ള വിഷബാധയാണ് ഇവര്‍ക്കുണ്ടായതെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. വിഷബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഹംബര്‍ഗിനി ഫാസ്റ്റ് ഫുഡ് റസ്‌റ്റോറന്റിന്റെ എല്ലാ ശാഖകളും റിയാദ് മുനിസിപ്പാലിറ്റി അടപ്പിച്ചിരുന്നു.

ആറു വിദേശികളടക്കം 75 പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായതും പുതിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. 20 പേര്‍ ഐസിയുവിലാണ്. 11 പേരെ റൂമുകളിലേക്ക് മാറ്റി. 43 പേര്‍ ആശുപത്രിവിട്ടു. എല്ലാവര്‍ക്കും ഭക്ഷ്യവിഷബാധയേറ്റത് ഒരേ സ്ഥലത്ത് നിന്നാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.