1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2024

സ്വന്തം ലേഖകൻ: പ്രകൃതിദുരന്തങ്ങളും കാലാവസ്ഥ വ്യതിയാനവും മൂലം യുകെയില്‍ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും മോശം വിളവെടുപ്പ്. ഇത് ഭക്ഷ്യക്ഷാമത്തിനും ഭക്ഷ്യ വിലക്കയറ്റത്തിനും വഴിവയ്ക്കുമെന്ന മുന്നറിയിപ്പുകള്‍ വരുന്നുണ്ട്. തുടര്‍ച്ചയായുള്ള കനത്ത മഴ മൂലം ചില മേഖലകളിലെ കൃഷിയിടങ്ങളില്‍ വിളവെടുപ്പ് അസാധ്യമായത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ഭക്ഷ്യ വസ്തുക്കളുടെ ദൗര്‍ബല്യത്തിന് വഴി തെളിക്കും എന്ന് അവര്‍ പറയുന്നു.

അസാധാരണമായ അളവിലുള്ള മഴയും, 11 ഓളം ശക്തിയേറിയ കൊടുങ്കാറ്റുകളും വലിയൊരു ഭാഗം കൃഷിയിടങ്ങളെ വെള്ളത്തില്‍ മുക്കി. കഴിഞ്ഞ സെപ്റ്റംബറിനും, റെക്കോര്‍ഡ് ചെയ്യപ്പെട്ടതില്‍ ഏറ്റവുമധികം മഴ ലഭിച്ച 18 മാസങ്ങള്‍ക്കും ശേഷം ബ്രിട്ടന്റെ സ്ഥിതി ഇതാണ്. ഇപ്പോഴും കൊടുങ്കാറ്റും പേമാരിയും തുടരുന്നു.

ഗോതമ്പിന്റെ ഉത്പാദനത്തില്‍ 15 ശതമാനം കുറവുണ്ടാകുമെന്നാണ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചറല്‍ ബോര്‍ഡ് പ്രവചിച്ചിരിക്കുന്നത്. ബാര്‍ലിയുടെ ഉത്പാദനം 22 ശതമാനവും എണ്ണക്കുരുക്കളുടേത് 28 ശതമാനവും കുറയുമെന്നും അവര്‍ പറയുന്നു. ഇത് യാഥാര്‍ത്ഥ്യമായാല്‍, 1980 ന് ശേഷം ഭക്ഷ്യോത്പാദനത്തില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ കുറവായിരിക്കും ഇതെന്ന് ദി ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക മഹായുദ്ധത്തിന് ശേഷം കൃഷി ആരംഭിച്ച് ഇതാദ്യമായിട്ടാണ് വിളവെടുപ്പില്ലാത്ത ഒരു വര്‍ഷം അഭിമുഖീകരിക്കുന്നതെന്ന് പല കര്‍ഷകരും പറയുന്നു. മഴ നില്‍ക്കുകയും, തെളിഞ്ഞ കാലാവസ്ഥ വരികയും ചെയ്തില്ലെങ്കില്‍ ഈ വര്‍ഷം വിളവെടുപ്പ് ഉണ്ടാകില്ലെന്നും പറയുന്നു.

നിരവധി കര്‍ഷകര്‍ സമാനമായ സാഹചര്യങ്ങളിലൂടെ കടന്നു പോവുകയാണെന്ന് നാഷണല്‍ ഫാര്‍മേഴ്‌സ് യൂണിയനും (എന്‍ എഫ് യു) പറയുന്നു. ശരത്ക്കാലത്ത് നട്ട തൈകള്‍ വെള്ളപ്പൊക്കത്തെയും തുടര്‍ച്ചയായ കൊടുങ്കാറ്റുകളെയും അതിജീവിക്കാന്‍ ഇടയില്ല എന്നും യൂണിയന്‍ വക്താക്കള്‍ പറയുന്നു.

ഭക്ഷ്യവിളകളുടെ കുറവിനൊപ്പം ആടുകളുടെയും കുറവ് അനുഭവപ്പെടും എന്നും യൂണിയന്‍ പറയുന്നു. കാലം തെറ്റിയെത്തിയ തണുത്ത കാലാവസ്ഥ യും കനത്ത മഴയും അതിജീവിക്കാന്‍ ധാരാളം ആടുകള്‍ക്ക് കഴിയാതെ പോയതാണ് ഇതിന് കാരണം. ഭക്ഷ്യ ദൗര്‍ലഭ്യം ഇറക്കുമതി അനിവാര്യമാക്കും. ഇത് വിലക്കയറ്റത്തിന് വഴിവയ്ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.