
സ്വന്തം ലേഖകൻ: 2019 ലെ കായിക, വിനോദ മേഖലകളില്‍ നിന്നുള്ള 100 ഇന്ത്യന്‍ പ്രമുഖരുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോബ്‌സ്. മലയാളത്തില്‍നിന്ന് രണ്ട് പേരാണ് 100 പേരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. പട്ടികയില്‍ 27-ാം സ്ഥാനത്താണ് മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി പട്ടികയില്‍ 62-ാം സ്ഥാനത്താണ്. താരമൂല്യവും വരുമാനവും കണക്കാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 64.5 കോടിയാണ് മോഹന്‍ലാലിന്റെ വരുമാനം. മമ്മൂട്ടിയുടേത് 33.5 കോടിയും.
മോഹന്‍ലാൽ ഇത് രണ്ടാം തവണയാണ് ഫോബ്‌സ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. 2017 ലെ ലിസ്റ്റില്‍ 11 കോടിയുമായിട്ടായിരുന്നു എഴുപത്തിമൂന്നാം സ്ഥാനത്ത് അദ്ദേഹമെത്തിയത്. അതേസമയം, മലയാളത്തിൽനിന്ന് ഫോബ്‌സ് പട്ടികയിലെ ആദ്യ അമ്പതിൽ കയറിയ മലയാളി താരം മമ്മൂട്ടിയാണ്. 2017 ഒക്‌ടോബർ ഒന്നു മുതൽ 2018 സെപ്‌റ്റംബർ 30 വരെയുള്ള കാലത്തെ കണക്ക് ഫോബ്‌സ് പുറത്തുവിട്ടപ്പോൾ പട്ടികയിൽ 48-ാം സ്ഥാനത്തായിരുന്നു മമ്മൂട്ടി. ഇതിൽനിന്നാണ് ഇപ്പോൾ 62-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
2016 മുതൽ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സൽമാൻ ഖാൻ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തുള്ളപ്പെട്ടു. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 252.72 കോടി രൂപയാണ് വിരാട് കോഹ്‌ലിയുടെ വരുമാനം. അക്ഷയ് കുമാറാണ് രണ്ടാം സ്ഥാനത്ത്. അമിതാഭ് ബച്ചൻ നാലാം സ്ഥാനത്തും മഹേന്ദ്ര സിങ് ധോണി അഞ്ചാം സ്ഥാനത്തുമാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഒൻപതാം സ്ഥാനത്താണ്. പട്ടകയിൽ ആദ്യ പത്തിലുള്ളത് രണ്ട് വനിതകളാണ്. എട്ടാം സ്ഥാനത്ത് ആലിയ ബട്ടും പത്താം സ്ഥാനത്ത് ദീപിക പദുക്കോണുമാണ്.
മോഹൻലാലിനെയും മമ്മൂട്ടിയെയും കൂടാതെ ദക്ഷിണേന്ത്യയിൽനിന്ന് രജനീകാന്ത്, എ.ആർ.റഹ്മാൻ, ധനുഷ്, വിജയ്, കമൽഹാസൻ, പ്രഭാസ്, സംവിധായകൻ ഷങ്കർ, മഹേഷ് ബാബു, സൈന നെഹ്‌വാൾ, പി.വി.സിന്ധു എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്. പട്ടികയിലുള്ള ആദ്യ ദക്ഷിണേന്ത്യക്കാരൻ രജനീകാന്താണ്. 13-ാം സ്ഥാനത്താണ് രജനീകാന്ത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല