1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 10, 2018

സ്വന്തം ലേഖകന്‍: ഫോബ്‌സിന്റെ ശക്തരായ പത്ത് ലോകനേതാക്കളുടെ പട്ടികയില്‍ മോദിയും. എഴുപത്തിയഞ്ച് പേരുടെ പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് പ്രധാനമന്ത്രി മോദി. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങാണ് ഒന്നാം സ്ഥാനത്ത്. ഇതാദ്യമായി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് പട്ടികയില്‍ ഒന്നാമതെത്തുന്നത്. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി കഴിഞ്ഞ നാലു വര്‍ഷമായി തുടരുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ രണ്ടാം സ്ഥാനത്തേക്കു തള്ളിയാണ് ഷി ചിന്‍പിങ്ങിന്റെ സ്ഥാനക്കയറ്റം.

മൂന്നാം സ്ഥാനത്ത് ഡൊണാള്‍ഡ് ട്രംപാണുള്ളത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് മോദിയെ കൂടാതെ പട്ടികയില്‍ സ്ഥാനം പിടിച്ച ഇന്ത്യക്കാരന്‍. 32 മതാണ് അംബാനി. ലോകത്ത് 7.5 ബില്ല്യണ്‍ ജനങ്ങളുണ്ടെങ്കിലും ലോകത്തെ മാറ്റിമറിക്കുന്നതില്‍ ഈ 75 പേരാണ് പങ്കുവഹിക്കുന്നതായി ഫോബ്‌സ് മാസിക പറയുന്നു.

മോദിക്കു താഴെയാണ് ഫെയ്‌സ്ബുക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ്(13), ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ (14), ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ്(15), ആപ്പിള്‍ സിഇഒ ടിം കുക്ക് (24) എന്നിവരുടെ സ്ഥാനം. മൈക്രോസോഫ്റ്റിന്റെ ഇന്ത്യന്‍ വംശജനായ സിഇഒ സത്യ നാദെല്ല നാല്‍പതാം സ്ഥാനത്തുണ്ട്. ‘ലോകത്തില്‍ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യത്ത് മോദിക്ക് ഇന്നും വന്‍ ജനസമ്മതിയാണ്’ തിരഞ്ഞെടുക്കാനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ടതായി ഫോബ്‌സ് വ്യക്തമാക്കി.

ഇന്ത്യന്‍ ടെലികോം മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്കിടയാക്കിയ റിലയന്‍സ് ജിയോയുടെ 4ജി വിജയമാണു മുകേഷ് അംബാനിക്കു പട്ടികയില്‍ ഇടംനേടിക്കൊടുത്തത്. 16 കോടി പേരാണു ജിയോയില്‍ അംഗത്വമെടുത്തിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ നാലാം സ്ഥാനത്തും ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് അഞ്ചാം സ്ഥാനത്തുമുണ്ട്.

ഫ്രാന്‍സിസ് മാര്‍പാപ്പ (6), മെക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് (7), ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ(12), ആലിബാബ തലവന്‍ ജാക്ക് മാ (21), ടെസ്‌ല ചെയര്‍മാന്‍ ഇലന്‍ മസ്‌ക് (25), യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് (31), ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍(36) എന്നിവരും പട്ടികയിലുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ (8), യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍(11), ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍(54) തുടങ്ങിയ 17 പുതുമുഖങ്ങളും പട്ടികയില്‍ ഇടംനേടി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.