1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2018

സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ല; വിദേശ കായിക താരങ്ങള്‍ ഇന്ത്യയിലെ മത്സരങ്ങള്‍ ഒഴിവാക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന ആള്‍കൂട്ട കൊലപാതകങ്ങളും വിദേശികള്‍ക്ക് നേരെയുളള ആക്രമണങ്ങളും കൂട്ടബലാത്സംഗങ്ങളുമാണ് വിദേശതാരങ്ങളെ ഇന്ത്യയിലെ മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. ഇന്ത്യ വേദിയാകുന്ന അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റുകളില്‍ പങ്കെടുക്കാന്‍ വിദേശ കായിക താരങ്ങള്‍ മടിക്കുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ ആരംഭിച്ച ലോക ജൂനിയര്‍ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പിന് എത്തിയ സ്വിറ്റ്‌സര്‍ലന്‍ഡ് ടീമില്‍ അവരുടെ ഒന്നാം നമ്പര്‍ താരം അംബ്രേ അലിങ്ക്‌സില്ല. കാരണം ഇന്ത്യയില്‍ സുരക്ഷ ഉറപ്പില്ലെന്നും ഇന്ത്യയിലേക്ക് വരാന്‍ ഭയമാണെന്നും അംബ്രേ അലിങ്ക്‌സ് സ്വിസ് അസോസിയേഷനെ അറിയ്ക്കുകയായിരുന്നു. മാത്രമല്ല അവരുടെ മാതാപിതാക്കളും അംബ്രേ അലിങ്ക്‌സില്ലയുടെ ഇന്ത്യന്‍ യാത്ര വിലക്കുകയായിരുന്നു.

സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പ് നല്‍കാന്‍ കഴിയാത്ത രാജ്യമാണ് ഇന്ത്യയെന്ന നിഗമനമാണ് സ്വിസ് വനിതാ താരത്തിന്റെ പിന്മാറ്റത്തിന്റെ കാരണമായി കോച്ച് പാസ്‌കല്‍ ബുഹാറിന്‍ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തില്‍ ഇന്ത്യ ഒന്നാമത് എത്തിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. പിഞ്ചു കുഞ്ഞിനെ നേരെ പോലും അതിക്രമം നടക്കുന്ന രാജ്യത്തേയ്ക്ക് അയച്ച് മകളുടെ ജീവന്‍ അപകടത്തിലാക്കാന്‍ താല്‍പര്യമില്ലെന്നാണ് സ്വിസ് ജൂനിയര്‍ ഒന്നാം നമ്പര്‍ താരത്തിന്റെ രക്ഷിതാക്കള്‍ പറഞ്ഞുവെന്ന് കോച്ച് വിശദമാക്കി.

അമേരിക്ക, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വനിതാ താരങ്ങളുടെ സുരക്ഷയെച്ചൊല്ലിയും ടീം ആശങ്ക പ്രകടിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്നും അനാവശ്യമായി പുറത്തുപോകരുതെന്നും വസ്ത്രധാരണത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും താരങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ചെന്നൈയില്‍ 11 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 17 പേരെ അടുത്തിടെ അറസ്റ്റ് ചെയ്ത സംഭവവും താരങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.