1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2019

സ്വന്തം ലേഖകന്‍: മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നല്‍കുന്ന ബില്‍ രാജ്യസഭയും പാസാക്കി; എതിര്‍ത്തത് ഏഴു പേര്‍ മാത്രം. ഏഴിനെതിരെ 165 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ബില്ലില്‍ രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ ചരിത്രപരമായ ഭരണഘടനാ ഭേദഗതി നിലവില്‍ വരും. നിലവില്‍ ഒബിസി, പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് സംവരണം നല്‍കുന്നതോടൊപ്പം മുന്നോക്കക്കാര്‍ക്കും പത്ത് ശതമാനം സംവരണം സര്‍ക്കാര്‍ ജോലികളില്‍ നല്‍കേണ്ടി വരും.

ബില്‍ ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ സമവായമുണ്ടായില്ലെങ്കിലും ഉച്ചയോടെ പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ സര്‍ക്കാറിന് സാധിച്ചതോടെയാണ് ബില്‍ പാസാക്കാനുള്ള വഴി തുറന്നത്. മുസ്ലിം ലീഗ്, ആം ആദ്മി, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നായി ഏഴ് പേരാണ് ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തത്. അണ്ണാ ഡിഎംകെ അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു.

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയവും സ്വകാര്യ മേഖലയിലും സംവരണമേര്‍പ്പെടുത്തണമെന്ന ഭേദഗതി പ്രമേയത്തെയും പിന്തുണച്ചെങ്കിലും, പ്രമേയങ്ങള്‍ തള്ളിയ ശേഷമുള്ള വോട്ടെടുപ്പില്‍ ബില്ലിന് അനുകൂലമായി സിപിഐഎം വോട്ട് ചെയ്തു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തിങ്കളാഴ്ചയാണ് തീരുമാനമുണ്ടായത്. സാധാരണ ബുധനാഴ്ച ചേരാറുള്ള കേന്ദ്രമന്ത്രിസഭായോഗം തിങ്കളാഴ്ച വിളിച്ചുചേര്‍ത്തായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനം പ്രഖ്യാപിച്ചത്.

വാര്‍ഷികവരുമാനം എട്ട് ലക്ഷത്തിന് കീഴെ ഉള്ളവര്‍ക്കാണ് സംവരണത്തിന് യോഗ്യത ലഭിക്കുക. ഏറെ കാലമായി ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തികസംവരണം. 50 ശതമാനത്തിലധികം സംവരണം നല്‍കരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് പത്ത് ശതമാനം കൂടി ഉയര്‍ത്തി 60 ശതമാനമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.