1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2024

സ്വന്തം ലേഖകൻ: ജര്‍മനിയിലെ മ്യൂണിക്ക്‌ ഇംഗ്ലിഷ് ഗാര്‍ഡനിലെ ഐസ്ബാഹ് നദിയില്‍ നീന്താനിറങ്ങി കാണാതായ മലയാളി വിദ്യാര്‍ഥി നിതിന്‍ തോമസ് അലക്സിന്റെ (26) മൃതദേഹം കണ്ടെത്തി. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലായിരുന്നു. ഒടുവില്‍ മ്യൂണിക്ക് പൊലീസ് ആളെ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് ഉള്‍പ്പടെയുള്ളവ നടത്തിയിരുന്നു. ഇതിനായി സഹോദരന്റെ സഹായം തേടിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി നിതിനെ കണ്ടെത്താന്‍ വിവിധ മാര്‍ഗങ്ങളില്‍ തിരച്ചില്‍ തുടരുകയായിരുന്നു.

മൃതദേഹം നിതിന്റെ ആണെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ മരണ വാര്‍ത്ത പങ്കുവച്ചു. നിതിനെ കണ്ടെത്താന്‍ ഒരാഴ്ചയിലേറെയായി പരിശ്രമിക്കുന്ന ജര്‍മനിയിലെ മലയാളി സമൂഹത്തോടും കുടുംബാംഗങ്ങള്‍ നന്ദി അറിയിച്ചു.

ശനിയാഴ്ച ജര്‍മന്‍ സമയം രാത്രി 7 നാണ്‌ ടൂക്കര്‍ പാര്‍ക്കിന് സമീപമുള്ള അരുവിയിലെ വെള്ളത്തില്‍ ജീവനില്ലാത്ത ഒരാളെ കാല്‍നടയാത്രക്കാര്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് അവര്‍ പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ജര്‍മനിയിലുള്ള സഹോദരന്‍ ഉള്‍പ്പടെയുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.

ജൂണ്‍ 29 നാണ്‌ തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ നിതിന്‍ തോമസിനെ കാണാതായത്. ബാഡന്‍ വുര്‍ട്ടംബര്‍ഗിലുള്ള യൂണിവേഴ്സിറ്റി ഓഫ് സ്ററുട്ട്ഗാര്‍ട്ടിലെ എംഎസ് സി ഫിസിക്സ് വിദ്യാര്‍ത്ഥിയായിരുന്നു നിതിന്‍. സാഹസീക യാത്രകളും ഫൊട്ടോഗ്രഫിയും ഇഷ്ടപ്പെടുന്ന നിതിന്‍ ഒരുപറ്റം സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇംഗ്ലിഷ് ഗാര്‍ഡനിലെ ഐസ്ബാഹ് നദിയില്‍ എത്തിയത്. എന്നാല്‍ നീന്തലിനിടയില്‍ നിതിനെ കാണാതാവുകയായിരുന്നു.

നിതിനെ കാണാതായ വിവരം ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളാണ് പൊലീസിനെ അറിയിച്ചത്. അപകടസാധ്യത കണക്കിലെടുത്ത് നീന്തല്‍ നിരോധിച്ചിരിക്കുന്ന സ്ഥലത്താണ് ഇവര്‍ നീന്താന്‍ ഇറങ്ങിയത് എന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തെ അപകട സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് അടയാളങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ബര്‍ലിനിലെ എംബസിയും മ്യൂണിക്കിലെ കോണ്‍സുലേറ്റും നിതിന്റെ ബന്ധുക്കളെ വിവരമറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിതിന്റെ ഹാനോവറിലുള്ള സഹോദരനും സുഹൃത്തും മ്യൂണിക്കില്‍ എത്തിയിരുന്നു.

മാവേലിക്കര പത്തിച്ചിറ തെക്കേവീട്ടില്‍ സജി വില്ലയില്‍ അലക്സ് തോമസ്, റെയ്ച്ചല്‍ അലക്സ് എന്നിവരാണ് മാതാപിതാക്കള്‍. പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയ പള്ളി ഇടവകാംഗമാണ്. സംസ്കാരം നാട്ടില്‍ വച്ച് നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.