സ്വന്തം ലേഖകൻ: യുകെ മലയാളികളെ തേടി മറ്റൊരു ദുരന്ത വാര്‍ത്ത കൂടി. അടുത്തകാലത്ത് എത്തിയ മലയാളി കുടുംബത്തിലെ യുവാവായ ഗൃഹനാഥന്‍ ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹാല്‍ലോ പ്രിന്‍സ് അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്‌സായ അരുണ്‍ എന്‍ കെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ യുവാവിന്റെ സഹപാഠികളുടെ നേഴ്സിങ് ഗ്രൂപ് വഴിയാണ് വിവരം എത്തിയിരിക്കുന്നത്.
കോട്ടയം സ്വദേശിയായ യുവാവ് ഒരു വര്‍ഷത്തിലേറെ മാത്രമേ ആയിട്ടുള്ളൂ യുകെയില്‍ എത്തിയിട്ട്. ലണ്ടനിലെ പ്രിന്‍സ് അലക്‌സന്ദ്ര ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി നോക്കുകയാണ്. ഏതാനും മാസം മുന്‍പാണ് ഭാര്യയും യുകെ ജീവിതത്തിലേക്ക് എത്തുന്നത്. ദമ്പതികള്‍ക്ക് രണ്ടു കൊച്ചു കുട്ടികളാണുള്ളത്.
ഇപ്പോള്‍ യുവാവ് ജോലി ചെയുന്ന ആശുപത്രിയിലേക്ക് തന്നെയാണ് മൃതദേഹം മാറ്റിയിരിക്കുന്നത്. വിവരം അറിഞ്ഞു അസ്വസ്ഥയായ ഭാര്യയെയും ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് ലഭ്യമാകുന്ന വിവരം. അടിയന്തര സാഹചര്യം ബോധ്യപ്പെട്ടതോടെ സഹപാഠികള്‍ അടക്കം ഉള്ളവര്‍ സഹായം ക്രമീകരിക്കുന്നുണ്ട്. കുട്ടികളെ താല്‍ക്കാലികമായി കുടുംബ സുഹൃത്തുക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്.
ജോലി സംബന്ധമായ ചില സാഹചര്യങ്ങള്‍ മൂലം യുവാവ് കടുത്ത മാനസിക പ്രയാസത്തില്‍ ആയിരുന്നു എന്ന വിവരം പുറത്തു വരുന്നുണ്ട്. യുകെയിലെ ജീവിത സാഹചര്യവുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കും എന്ന ബോധ്യം പുതുതായി എത്തുന്ന മലയാളി കുടുംബങ്ങള്‍ക്ക് വേണം എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നതാണ് ഹാര്‍ലോയില്‍ നിന്നുള്ള ഈ ദുരന്ത വാർത്ത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല