
സ്വന്തം ലേഖകൻ: ഫ്രഞ്ച് നഗരമായ നീസിലെ ക്രൈസ്തവ ദേവാലയത്തിൽ ഭീകരാക്രമണം നടത്തിയത് തുനീഷ്യൻ പൗരനെന്ന് അധികൃതർ. നോെത്ര ഡാം ബസലിക്കയിൽ ആക്രമണം നടത്തിയ അക്രമിക്ക് പൊലീസ് വെടിവെപ്പിൽ ഗുരുതര പരിക്കേറ്റുവെന്നും ഫ്രഞ്ച് അധികൃതർ അറിയിച്ചു. രണ്ടു മാസത്തിനിടെ മൂന്നാം തവണയാണ് ഈ മെഡിറ്ററേനിയൻ തീരനഗരം ഭീകരാക്രമണത്തിനു വേദിയാകുന്നത്.
1999ൽ തുനീഷ്യയിൽ ജനിച്ച കൊലയാളി കഴിഞ്ഞ സെപ്റ്റംബറിലാണ്, ലംപേദസ ദ്വീപ് വഴി ഇറ്റലിയിൽ എത്തിയത്. അവിടെനിന്ന് ഇറ്റലിയിലെതന്നെ ബാരിയിലൂടെ ഫ്രാൻസിലെത്തി. സംഭവദിവസം രാവിലെ നീസ് െറയിൽവേ സ്റ്റേഷനിലെത്തിയ അക്രമി വസ്ത്രം മാറിയ ശേഷമാണ് ചർച്ചിലെത്തിയത് എന്ന് വിഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. മൂന്നു കത്തികളുമായി അകത്തു പ്രവേശിച്ച് ആദ്യം മുന്നിൽപെട്ടവരെ കഴുത്തറുത്തു കൊല്ലുകയായിരുന്നു. 60ഉം 44ഉം വയസ്സുള്ള രണ്ടു സ്ത്രീകളും 55കാരനുമാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ പള്ളി തുറന്ന് കുർബാനയ്ക്കു ഒരുക്കങ്ങൾ നടത്തുന്നതിനിടെ, അകത്തു കടന്ന അസാവൂയി ശുശ്രൂഷിയെ കുത്തിവീഴ്ത്തുകയും പ്രാർഥനയ്ക്കെത്തിയ അറുപതുകാരിയുടെ തലയറുക്കുകയും മറ്റൊരു സ്ത്രീയെ ആക്രമിക്കുകയും ചെയ്ത സംഭവം ലോകത്തെ നടുക്കിയിരുന്നു. പൊലീസ് വെടിവച്ചുവീഴ്ത്തിയ അക്രമിയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.
സംഭവത്തിൽ പൊലീസ് ഒരാളെക്കൂടി കസ്റ്റഡിയിലെടുത്തു. ആക്രമണമുണ്ടായതിന്റെ തലേന്ന് ഇയാളുമായി ബന്ധപ്പെട്ട 47കാരനാണു പിടിയിലായത്. കൂടുതൽ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്നു മുന്നറിയിപ്പുള്ളതിനാൽ രാജ്യമെങ്ങും സുരക്ഷ ശക്തമാക്കി. ഏഴായിരത്തോളം ആരാധനാലയങ്ങൾക്കും സ്കൂളുകൾക്കും പൊലീസ് കാവൽ ഏർപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല