
സ്വന്തം ലേഖകൻ: ഫ്രാൻസിൽ കോവിഡ് നാലാം തരംഗമെന്ന് ആശങ്ക. കോവിഡ് കേസുകളിൽ പൊടുന്നനെയുണ്ടായ വർദ്ധന ഫ്രാൻസിൽ നാലാമത്തെ തരംഗമാകാൻ ഇടയാക്കുമെന്ന് സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫസർ ജീൻ-ഫ്രാങ്കോയിസ് ഡെൽഫ്രെയ്‌സി പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ഡെൽറ്റ വേരിയൻ്റാണ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിന് പിന്നിലെന്നും ഡെൽഫ്രെയ്‌സി കൂട്ടിച്ചേർത്തു.
സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബർ മാസത്തോടെ ഒരു പുതിയ തരംഗം രാജ്യത്ത് എത്തുമെന്ന് ഫ്രാൻസിലെ മെഡിക്കൽ വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുകയും കർശനമായ സുരക്ഷാ നടപടികൾ ഏർപ്പെടുത്താൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ രാജ്യത്ത് വാക്സിനേഷൻ പുരോഗമിക്കുന്നത് പുതിയ കോവിഡ് തരംഗത്തിന്റെ ആഘാതം പരിമിതപ്പെടുത്താൻ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
അതിനിടെ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഷീല്‍ഡ് ഉള്‍പ്പെടെയുള്ള വാക്‌സിനുകള്‍ക്ക് ഗ്രീന്‍ പാസ് നല്‍കുന്ന കാര്യത്തില്‍ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കാമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡിന്റെ അംഗീകാരത്തിനായുള്ള അപേക്ഷ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിക്ക് തിങ്കളാഴ്ച വരെയും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യയിലെ കോവിഷീല്‍ഡിന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. അതിനാല്‍, വാക്‌സിൻ എടുത്തവര്‍ക്ക് യൂറോപ്പില്‍ തടസമില്ലാത്ത സഞ്ചാരാനുമതി നല്‍കുന്ന ‘വാക്‌സിന്‍ പാസ്‌പോര്‍ട്ടി’നായുള്ള ഗ്രീന്‍ പാസ് കോവിഷീല്‍ഡിന് ലഭിച്ചിട്ടില്ല. ഇന്ത്യന്‍ യാത്രികര്‍ക്ക് ഇത് കനത്ത തിരിച്ചടിയാകും. ഏറ്റവും ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നതെന്നും ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വാക്സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ അഡാര്‍ പൂനാവാല വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല