1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2021

സ്വന്തം ലേഖകൻ: ലോകം കോവിഡ്​ ഭീതിയിൽനിന്ന്​ പതിയെ സാധാരണ ജീവിതത്തിലേക്ക്​ മടങ്ങുന്നതിനിടെ ഫ്രാൻസിൽ നാലാം തരംഗം. രാജ്യത്ത് വീണ്ടും കോവിഡ്​ വ്യാപനം ശക്​തമായതോടെ ഭരണ, പ്രതിപക്ഷങ്ങൾക്കിടയിൽ കടുത്ത വിവാദം സൃഷ്​ടിച്ച വാക്​സിൻ പാസ്​പോർട്ട്​ സംവിധാനം സർക്കാർ പ്രാബല്യത്തിലാക്കി.

50പേരിൽ കൂടുതൽ പ​ങ്കെടുക്കുന്ന പരിപാടികൾക്ക്​ നടപ്പാക്കിയ ‘ആരോഗ്യ പാസ്​’ ഇനി റസ്​റ്റൊറന്‍റുകൾ, കഫേകൾ, ഷോപ്പിങ്​ സെന്‍ററുകൾ എന്നിവിടങ്ങളിലും നിർബന്ധമാകും. ട്രെയിൻ, വിമാനം എന്നിവ വഴി ദീർഘദൂര യാത്രയും അതില്ലാതെ നടക്കില്ല. കോവിഡ്​ വാക്​സിൻ സ്വീകരിച്ചവർക്കു മാത്രം പ്രവേശനം നൽകുന്നതാണ്​ വാക്​സിൻ പാസ്​പോർട്ട്​ എന്ന പേരിൽ അറിയപ്പെടുന്ന ‘ആരോഗ്യപാസ്​’.

ഇതോടെ യാത്രകൾക്ക് അടുത്തിടെ രോഗമുക്​തി നേടിയെന്ന രേഖയെങ്കിലും വേണ്ടിവരും. രോഗ പ്രതിരോധ കുത്തിവെപ്പ്​ സ്വീകരിക്കാത്തവരിലാണ്​ പുതുതായി രോഗബാധ കൂടുതലെന്ന്​ കണ്ടാണ്​ നടപടിയെന്ന്​ അധികൃതർ പറയുന്നു. ബുധനാഴ്ച മാത്രം 24 മണിക്കൂറിനിടെ ഫ്രാൻസിൽ 21,000 പേരിലാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. കഴിഞ്ഞ മേയ്​ മാസത്തിനു ശേഷം ഏറ്റവും ഉയർന്ന കണക്കാണിത്​.

ഫ്രാൻസ്​ കോവിഡ്​ നാലാം തരംഗത്തിനു മധ്യേയാണെന്ന്​ ഫ്രഞ്ച്​ പ്രധാനമന്ത്രി ഴാങ്​ കാസ്​റ്റെക്​സ്​ പറഞ്ഞു. ഡെൽറ്റ വകഭേദമാണ്​ രാജ്യത്ത്​ കുടുതൽ അപകടം വിതക്കുന്നത്​. സർക്കാർ ആരോഗ്യ പാസ്​ ശക്​തമാക്കിയതോടെ ലൂവ്​റെ മ്യൂസിയം, ഈഫൽ ടവർ എന്നിവിടങ്ങളിലെത്തുന്നവർ​ രണ്ട്​ ഡോസ്​ വാക്​സിനെടുത്തിരിക്കണം. ചില സിനിമ തിയറ്ററുകളും നിയമം കർശനമാക്കിയിട്ടുണ്ട്​.

രാജ്യത്ത്​ ജനസംഖ്യയുടെ 46 ​ശതമാനം പേരും രണ്ടു ഡോസ്​ വാക്​സിൻ സ്വീകരിച്ചവരാണ്​. നിയമപ്രകാരം ആദ്യ ആഴ്ച രണ്ടു ഡോസ്​ വാക്​സിൻ പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ്​ കാണിക്കാത്തവരെ താക്കീത്​ ചെയ്​തുവിടും. അതുകഴിഞ്ഞ ശേഷം വാക്​സിൻ സ്വീകരിക്കാത്തവർക്ക്​ 1,500 യൂറോ പിഴ ചുമത്തും. 12-17 വയസ്സിനിടയിലുള്ള കുട്ടികൾക്ക്​ നിർബന്ധമാക്കിയിട്ടില്ല.

അതിനിടെ, വാക്​സിൻ നിർബന്ധമാക്കുന്നതിൽ പ്രതിഷേധിച്ച്​ രാജ്യത്ത്​ കടുത്ത പ്രതിഷേധവും തുടരുകയാണ്​. പ്രസിഡന്‍റ്​ മാക്രോൺ ഏകാധിപത്യം നടപ്പാക്കുകയാണെന്ന്​ ആരോപിച്ച്​ ഇവർ ​കഴിഞ്ഞ ദിവസം തെരുവിലിറങ്ങി. പൊതു ഇടങ്ങളിൽ ആരോഗ്യ പാസ്​ നിർബന്ധമാക്കുന്നതിനെതിരെ ഭരണകക്ഷിക്കിടയിലും പ്രതിഷേധം നിലനിൽക്കുന്നുണ്ട്​. വ്യക്​തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന ആരോപണവുമായി ഇടതുപക്ഷവും രംഗത്തുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.