
സ്വന്തം ലേഖകൻ: എലിസബത്ത് ബോണിനെ ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. ജീൻ കാസ്‌ടെക്‌സിന് പകരമാണ് നിയമനം. കഴിഞ്ഞ മാസം ഇമ്മാനുവൽ മാക്രോൺ വീണ്ടും ഫ്രഞ്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ജീൻ കാസ്‌ടെക്‌സിന്റെ രാജി പ്രതീക്ഷിച്ചിരുന്നു. തിങ്കളാഴ്ച എലീസി കൊട്ടാരത്തിലെത്തി അദ്ദേഹം രാജി സമർപ്പിച്ചു.
രാജി അംഗീകരിച്ചതായി പ്രസിഡന്റിന്റെ ഓഫീസ് പിന്നീട് അറിയിച്ചു. ഫ്രാൻസിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന രണ്ടാമത്തെ വനിതയാണ് അറുപത്തിയൊന്ന് കാരിയായ ബോൺ. ഇതിന് മുൻപ് 1991 -92 ൽ എഡിത്ത് ക്രേസൺ ആണ് ഈ പദവിയിലിരുന്ന വനിത.
ബോൺ 2020 മുതൽ മാക്രോൺ സർക്കാരിൽ തൊഴിൽമന്ത്രിയായിരുന്നു. അതിന് മുൻപ് ഗതാഗതമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ജൂണിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ മാക്രോണിന്റെ പാർട്ടിയുടെയും സഖ്യകക്ഷികളുടെയും വിജയം ഉറപ്പുവരുത്തുകയാണ് എലിസബത്ത് ബേണിന്റെ ആദ്യ പ്രധാനദൗത്യം.
മാക്രോണിന്റെ പാർട്ടിക്ക് പാർലമെന്റിൽ ഭൂരിപക്ഷം ലഭിച്ചാൽ പെൻഷൻ പ്രായം ഉയർത്തുന്നതുൾപ്പെടെയുളള മാറ്റങ്ങളാണ് ഫ്രാൻസിൽ നിലവിൽ വരിക. 62 ൽ നിന്ന് 65 വയസിലേക്കാണ് വിരമിക്കൽ പ്രായം ഉയർത്തുക. ഇടതുവോട്ടർമാരും തൊഴിലാളി യൂണിയനുകളും ഈ നിർദ്ദേശത്തെ ശക്തമായി എതിർത്തിരുന്നു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട നടപടികളുടെ മേൽനോട്ടവും പ്രധാനമന്ത്രിക്കാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല