1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2023

സ്വന്തം ലേഖകൻ: ഇന്ത്യക്കാരുമായി നിക്കരാഗ്വയിലേക്കുള്ള വിമാനം ഫ്രഞ്ച് അധികൃതര്‍ തടഞ്ഞതോടെ പുറത്തുവരുന്നത് മനുഷ്യക്കടത്ത് ശൃംഖലയുടെ അറിയാക്കഥകള്‍. മനുഷ്യക്കടത്തിന്റെ ആസൂത്രകരെ കണ്ടെത്താനുള്ള ശ്രമം ഗുജറാത്ത് പോലീസ് ശക്തിപ്പെടുത്തി.

വിമാനത്തിലെ യാത്രക്കാരില്‍ ഭൂരിഭാഗവും ഗുജറാത്തില്‍ നിന്നുള്ളവരാണെന്ന് പോലീസ് അറിയിച്ചു; ബനസ്‌കന്ത, പാടാന്‍, മെഹ്സാന, ആനന്ദ് ജില്ലകളില്‍ നിന്നുള്ളവര്‍. യാത്രക്കാരില്‍ ബാക്കിയുള്ളവര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്.

യുഎസിന്റെ തെക്കന്‍ അതിര്‍ത്തിയിലെത്താന്‍ യാത്രക്കാര്‍ മനുഷ്യക്കടത്ത് ഏജന്റുമാര്‍ക്ക് 40 ലക്ഷം മുതല്‍ 1.2 കോടി രൂപ വരെ നല്‍കിയതായി, പോലീസ് സൂപ്രണ്ട് സഞ്ജയ് ഖരാത്ത് വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. ‘ഇവര്‍ എങ്ങനെയാണ് ഏജന്റുമാരുമായി ബന്ധപ്പെട്ടത്, നിക്കരാഗ്വയില്‍ എത്തിയതിന് ശേഷം പദ്ധതി എന്തായിരുന്നു, തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ഉള്‍പ്പെട്ട ഏജന്റുമാരെ സംബന്ധിച്ച് ഇതുവരെ നാമമാത്രമായ വിവരങ്ങളെ ലഭിച്ചിട്ടുള്ളെന്നും, യാത്രക്കാരെ ചോദ്യം ചെയ്ത ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും അദ്ദേഹം അറിയിച്ചു.

എത്ര പേരെ ഇത്തരത്തില്‍ വിദേശത്തേക്ക് കടത്തി, ആരൊക്കെയാണ് ഇങ്ങനെ യാത്ര ചെയ്തത്, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഗുജറാത്ത് പോലീസ് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് സൂപ്രണ്ട് അറിയിച്ചു.

അതേസമയം, വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ തിരിച്ചെത്തിയെന്നും, ഫ്രാന്‍സില്‍ തുടരുന്നവര്‍ക്ക് സഹായം ആവശ്യമെങ്കില്‍ കോണ്‍സുലര്‍ സഹായം നല്‍കുമെന്നും കേന്ദ്രവിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ദുബായില്‍ നിന്ന് 303 യാത്രക്കാരുമായി നിക്കര്വാഗയ്ക്കുപോയ എയര്‍ബസ് എ340 വിമാനം ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ധനം നിറയ്ക്കുന്നതിനായി കിഴക്കന്‍ ഫ്രാന്‍സിലെ വാട്രി വിമാനത്താവളത്തിലിറക്കിയത്. യാത്രക്കാര്‍ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഫ്രഞ്ച് പോലീസ് ഇടപെടുകയായിരുന്നു.

കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലില്‍ ഇവരെ പിന്നീട് ഇന്ത്യയിലേക്കയച്ചു. എന്നാല്‍, കുറച്ചുപേര്‍ ഫ്രാന്‍സില്‍ തന്നെ തങ്ങുന്നുണ്ട്. ഫ്രാന്‍സില്‍ അഭയം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.