
സ്വന്തം ലേഖകൻ: ഫ്രാൻസിലെ നീസ് നഗരത്തിൽ ഒരു സ്ത്രീയുടെ തല അക്രമി കത്തികൊണ്ട് അറുത്തുമാറ്റി. പള്ളിയിലെ രണ്ടുപേരെയും ഇയാൾ വധിച്ചു. സംഭവം ഭീകരാക്രമണം ആണെന്ന് നഗരത്തിന്റെ മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി പറഞ്ഞു. നീസ് നഗരത്തിലെ നോത്രദാം കത്തീഡ്രലിന് ഉള്ളിലോ സമീപത്തു വച്ചോ ആണ് കത്തികൊണ്ടുള്ള ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരം. അക്രമി പൊലീസ് പിടിയിലായി.
നിരവധിപ്പേർക്കു പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ഫ്രഞ്ച് ഭീകരവിരുദ്ധ വിഭാഗത്തോട് അന്വേഷണം ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആക്രമണത്തിന്റെ യഥാർഥ കാരണം വ്യക്തമായിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ പ്രവാചക കാർട്ടൂണുകൾ ക്ലാസിൽ പ്രദർശിപ്പിച്ച അധ്യാപകൻ സാമുവൽ പാറ്റിയുടെ തലയറുത്തത് ഒക്ടോബർ ആദ്യമായിരുന്നു. ഈ കേസിൽ പ്രതിയെ പൊലീസ് വെടിവച്ചുകൊന്നിരുന്നു. അധ്യാപകനെ കാട്ടിക്കൊടുത്തവരും അക്രമത്തിനു പ്രേരിപ്പിച്ചവരുമായവർ പൊലീസിന്റെ കസ്റ്റഡിയിലാണ്.
മതനിന്ദ ആരോപിച്ച് പാരീസില്‍ അധ്യാപകനെ തലയറുത്ത് കൊന്ന സംഭവത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് ഈ സംഭവവും. അധ്യാപകനെ വധിച്ച സംഭവത്തെത്തുടർന്ന് ഫ്രാൻസ് അക്രമികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ഇസ്ലാമിക വിഘടനവാദത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി 1905-ലെ ഫ്രഞ്ച് നിയമം ശക്തിപ്പെടുത്താന്‍ നിയമപരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് പറഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇസ്ലാം പ്രതിസന്ധിയിലാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടർന്ന് മക്രോണിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായി.
മക്രോണ്‍ നടത്തിയത് ഇസ്ലാം വിരുദ്ധ പ്രസ്താവനയാണെന്ന് ആരോപിച്ച് അറബ് രാഷ്ട്രങ്ങള്‍ മക്രോണിനെതിരെ വിമര്‍ശനമുയര്‍ത്തി. പാകിസ്താന്‍, ജോര്‍ദ്ദാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഫ്രഞ്ച് പ്രസിഡന്റിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി. മാക്രോണിന്റെ മനോനില പരിശോധിക്കണമെന്നാണ് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിബ് എര്‍ദൊഗാന്‍ ശനിയാഴ്ച അഭിപ്രായപ്പെട്ടത്.
മക്രോണ്‍ ഇസ്ലാം മതത്തെ അവഹേളിക്കുന്നു എന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ചത്. സിറിയ, ലിബിയ, ഗാസ മുനമ്പ് എന്നിവിടങ്ങളില്‍ ഫ്രാന്‍സിനെതിരെ പ്രതിഷേധം നടക്കുന്നുണ്ട്. ഫ്രഞ്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളും സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ ഉയരുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല