
സ്വന്തം ലേഖകൻ: ഫ്രാന്‍സിന്റെ മതേതരമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അവതരിപ്പിച്ച പദ്ധതികള്‍ വിവാദത്തില്‍. ഫ്രാന്‍സിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്നും മതത്തെ ഒഴിവാക്കുമെന്നതുള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ക്ക് വലിയ രീതിയിലുള്ള എതിര്‍പ്പാണ് മുസ്‌ലിം സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് ഉയര്‍ന്നു വരുന്നത്.
നേരത്തെ ഇസ്‌ലാമിക് റാഡിക്കലിസം ഫ്രാന്‍സിന്റെ മതേതര മൂല്യങ്ങള്‍ക്ക് അപകടമാണെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞിരുന്നു. ലോകത്തെല്ലായിടത്തും ഇസ്‌ലാം പ്രതിസന്ധിയിലാണെന്ന പ്രസിഡന്റിന്റെ പരാമര്‍ശവും വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
ആളുകള്‍ തെരഞ്ഞെടുക്കുന്ന മതത്തില്‍ വിശ്വാസിക്കാനുള്ള എല്ലാ അവകാശങ്ങളും ഫ്രാന്‍സിലുണ്ട്. എന്നാല്‍ സ്‌കൂളുകളിലും പൊതുഭരണവുമായി ബന്ധപ്പെട്ട ഇടങ്ങളിലും മതത്തിന്റെ ഇടപെടല്‍ ഉണ്ടാകുന്നത് മാത്രമാണ് നിരോധിക്കുക എന്നും മാക്രോണ്‍ വ്യക്തമാക്കി.
ലോകത്തെല്ലായിടത്തും ഇസ്‌ലാം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അത് ഫ്രാന്‍സില്‍ മാത്രമല്ലെന്നും മാക്രോണ്‍ പറഞ്ഞു. ഫ്രാന്‍സ് മതേതരമായ രാജ്യമാണെന്നും ഇതിനെ ശക്തിപ്പെടുത്താനുള്ള നിയമം ഡിസംബറില്‍ തന്നെ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രാന്‍സില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന റാഡിക്കലിസത്തെ ചെറുക്കാനും സഹവര്‍ത്തിത്വത്തിന് പ്രാധാന്യം നല്‍കാനുമാണ് പുതിയ നീക്കങ്ങള്‍ രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതേതരത്വമാണ് ഫ്രാന്‍സിന്റെ അടിസ്ഥാനമെന്ന് പറഞ്ഞ മാക്രോണ്‍ എല്ലാ മുസ്‌ലിം വിശ്വാസികളെയും കളങ്കപ്പെടുത്തരുതെന്നും കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സില്‍ സ്‌കൂളുകളില്‍ ഹിജാബ് ധരിക്കുന്നത് നേരത്തെ തന്നെ വിലക്കിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓഫീസുകളില്‍ ഹിജാബ് ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ മാക്രോണിന്റെ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല