സ്വന്തം ലേഖകൻ: മധ്യ വലതുപക്ഷക്കാരനായ മിഷേൽ ബാർണിയറെ പ്രധാനമന്ത്രിയായി നിയമിച്ച ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് പതിനായിരങ്ങൾ തെരുവിൽ. മാക്രോണിന്റെ രാജിക്കായി ഫ്രാൻസിലെ ഇടതുപക്ഷ ശക്തികൾ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമാണിത്. പാരിസിൽ മാത്രം 26,000 ത്തിൽ അധികം ആളുകളാണ് റാലിയിൽ പങ്കെടുത്തത്.
ഇടതു പക്ഷ ന്യൂ പോപുലർ ഫ്രണ്ട് (എൻ.എഫ്.പി) നോമിനേറ്റ് ചെയ്ത പ്രധാനമന്ത്രി ലൂസി കാസ്റ്ററ്റ്‌സിനെ പ്രധാനമന്ത്രിയായി നിയമിക്കണമെന്ന ഇടതുപക്ഷത്തിന്റെ ആവശ്യം തള്ളിയാണ് മാക്രോൺ മിഷേൽ ബാർണിയറെ പ്രധാനമന്ത്രിയായി നിയമിക്കാൻ തീരുമാനിച്ചത്.
193 സീറ്റ് നേടിയ ഇടതുപക്ഷത്തെ അവഗണിച്ച് 47 സീറ്റുകൾ മാത്രം നേടിയ റിപ്പബ്ലിക്കൻ പാർട്ടി നേതാവ് മിഷേൽ ബർണിയരെ സർക്കാരുണ്ടാക്കാൻ മാക്രോൺ തീരുമാനിക്കുകയായിരുന്നു. ഇതോടെ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ പ്രസിഡന്റ് നിരസിച്ചതിൽ രോഷാകുലരായ ട്രേഡ് യൂനിയനുകളും എൻ.പി.എഫ് അംഗങ്ങളും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ശനിയാഴ്ച രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിൽ 1,10,000 പേർ പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജൂണിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു കക്ഷിക്കും തനിച്ച് കേവല ഭൂരിപക്ഷം നേടാൻ സാധിച്ചില്ല. 289 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വണ്ടേത്. 193 സീറ്റ് നേടിയ ഇടതുപക്ഷമാണ് ഏറ്റവും വലിയ സഖ്യം. ഏറ്റവും വലിയ സഖ്യത്തെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കുന്നതിന് പകരം കുടിയേറ്റ വിഷയത്തിലടക്കം തീവ്രവലതുപക്ഷ നിലപാട് പുലർത്തുന്ന ബാർണിയറെ സർക്കാറുണ്ടാക്കാൻ ചുമതലപ്പെടുത്തിയതോടെയാണ് മാക്രോണിനെതിരെ പ്രതിഷേധമുയരാൻ കാരണം. മാക്രോണിന്റെ എൻസെമ്പിൾ അലയൻസിന് 166 സീറ്റാണ് ലഭിച്ചത്.മരീൻ ലീപെന്നിന്റെ നാഷനൽ റാലിക്ക് 142സീറ്റുകളാണ് ലഭിച്ചത്. ആദ്യഘട്ടത്തിൽ നാഷനൽ റാലിയായിരുന്നു മുന്നിൽ.
ജൂണിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പാരിസ് ഒളിമ്പിക്സിന്റെ പേരിൽ സർക്കാർ രൂപീകരണം നീട്ടിക്കൊണ്ടുപോകുകയായിരുന്നു. പാരീസ് ഒളിമ്പിക്സ് കഴിഞ്ഞ് പാരാലിമ്പിക്‌സ് ആരംഭിച്ചിട്ടും സർക്കാർ രൂപവത്കരണം നടത്താൻ യാതൊരു നീക്കവും ഉണ്ടായിരുന്നില്ല. തുടർന്നുണ്ടായ വലിയ പ്രതിഷേധത്തിനൊടുവിൽ മാക്രോൺ പ്രധാനമന്ത്രിയായി മിഷേൽ ബാർണിയറുടെ പേര് നിർദേശിക്കുകയുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല