1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2024

സ്വന്തം ലേഖകൻ: ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ തുടരുന്നു. യുകെയിലെ വരുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്‍പായി വ്യാപാര കരാര്‍ സാധ്യമാക്കണം എന്ന ഉദ്ദേശ്യത്തിലാണ് പ്രധാനമന്ത്രി റിഷി സുനാക് . കരാര്‍ സാധ്യമാകുന്നതില്‍ ബാക്കി നില്‍ക്കുന്ന തടസ്സങ്ങള്‍ നീക്കുവാനായി ഇന്ത്യന്‍ സംഘം കഴിഞ്ഞ ഒരാഴ്ചയായി ലണ്ടനില്‍ ചര്‍ച്ചകള്‍ നടത്തുകയാണ്.

ആറാഴ്ച നീണ്ടു നില്‍ക്കുന്ന പൊതു തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു. അഭിപ്രായ സര്‍വ്വേകള്‍ ഒട്ടുമിക്കതും നരേന്ദ്ര മോദിക്ക് സാധ്യത പ്രവചിക്കുമ്പോള്‍, ബ്രിട്ടനിലെ സ്ഥിതി വ്യത്യസ്തമാണ്. ഭരണകക്ഷിക്ക് വന്‍ പരാജയം നേരിടേണ്ടി വരുമെന്നാണ് അഭിപ്രായ സര്‍വ്വേകള്‍ കാണിക്കുന്നത്. അതുകൊണ്ടു തന്നെസുനകിന് ഈ കരാര്‍ എത്രയും പെട്ടെന്ന് സാധ്യമാക്കിയേ പറ്റൂ.

ഇനിയും തീര്‍പ്പാക്കാന്‍ ആകാത്ത വളരെ കുറച്ച് പ്രശ്നങ്ങള്‍ മാത്രമേയുള്ളു എന്നായിരുന്നു ഇന്ത്യന്‍ വാണിജ്യകാര്യ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. കരാര്‍ ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം സൂചനകള്‍ നല്‍കിയിരുന്നു.

സ്റ്റീല്‍, ഗ്ലാസ്, വളങ്ങള്‍ തുടങ്ങിയ കാര്‍ബണ്‍ അധികമായുള്ള ചരക്കുകളുടെ ഇറക്കുമതിയില്‍ അധിക നികുതി ചുമത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതിയാണ് സി ബി എ എം. ഇത് യു കെയിലെക്ക് സ്റ്റീല്‍ കയറ്റുമതി ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ ഉരുക്കു നിര്‍മ്മാതാക്കളെ പ്രതികൂലമായി ബാധിക്കും. അതേസമയം, യു കെ സ്റ്റീല്‍ നിര്‍മ്മാതാക്കളെ സംരക്ഷിക്കുന്നതിനും, കര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിനും ഉദ്ദേശിച്ചുള്ള പദ്ധതിയായതിനാല്‍, ഇന്ത്യയെ ഇതില്‍ നിന്നും ഒഴിവാക്കുന്നത് വിവാദവുമാകും.

ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി കരാറിന്മേലുള്ള ചര്‍ച്ചകള്‍ തത്ക്കാലത്തേക്ക് നിര്‍ത്തിയതായി കഴിഞ്ഞ മാസം പറഞ്ഞിരുന്നെങ്കിലും, അത് വീണ്ടും ആരംഭിക്കുകയായിരുന്നു. ഈയാഴ്ച നടന്നത് പതിനാലാം വട്ട ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വീസ ഇളവുകള്‍ നല്‍കണമെന്നും സാമൂഹ്യ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നുണ്ടെന്നും ബ്രിട്ടീഷ് വക്താവ് അറിയിച്ചു. ചര്‍ച്ചകള്‍ ഇന്നലെ ഔപചാരികമായി അവസാനിച്ചെങ്കിലും അനൗപചാരിക സംഭാഷണങ്ങള്‍ ഇനിയും തുടരുമെന്നറിയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.