സ്വന്തം ലേഖകന്‍: ഇമ്മാനുവല്‍ മക്രോണ്‍ തരംഗത്തിനിടെ ഫ്രാന്‍സില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയായി, അട്ടിമറി ജയത്തിനായി കോപ്പുകൂട്ടി മക്രോണും സംഘവും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഞായറാഴ്ച പൂര്‍ത്തിയായപ്പോള്‍ കഴിഞ്ഞ മാസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അട്ടിമറി വിജയം ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇമ്മാനുവല്‍ മാക്രോണിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക് ഓണ്‍ മൂവ്.
2016 ഏപ്രിലില്‍ രൂപവത്കരിച്ച റിപ്പബ്ലിക് ഓണ്‍ മൂവിന് നിലവില്‍ പാര്‍ലമെന്റില്‍ ഒറ്റ സീറ്റു പോലുമില്ല. പാര്‍ലമന്റില്‍ ഭൂരിപക്ഷം ലഭിച്ചെങ്കില്‍ മാത്രമേ സുഗമമായി മാക്രോണിന് ഭരിക്കാന്‍ സാധിക്കൂ. റിപ്പബ്ലിക് ഓണ്‍ മൂവ് 30 ശതമാനം വോട്ടുകള്‍ നേടുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്. 577 അംഗ പാര്‍ലമമെന്റ് സീറ്റില്‍ 400 സീറ്റുകള്‍ റിപ്പബ്ലിക് ഓണ്‍ മൂവ് വെട്ടിപ്പിടിക്കുമെന്നും ചില സര്‍വേകള്‍ പറയുന്നു. 577 ല്‍ 289 സീറ്റുകള്‍ എങ്കിലും നേടാനായില്ലെങ്കില്‍ അത് മക്രോണിന് കനത്ത തിരിച്ചടിയാകും.
രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് വോട്ടെടുപ്പ് നടന്നത്. 7882 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. 4.7കോടിയിലേറെ ജനങ്ങള്‍ വിധിനിര്‍ണയത്തില്‍ പങ്കാളികളായി. 2015 ലെ ഭീകരാക്രണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ് പ്രക്രിയ. രാജ്യത്തുടനീളം 50,000 പൊലീസുകാരെയാണ് വിന്യസിച്ചത്.
ഫ്രാന്‍സിലെ പരമ്പരാഗത ഇടതു വലതു പാര്‍ട്ടികളായ സോഷ്യലിസ്റ്റുകളെയും കണ്‍സര്‍വേറ്റിവ് റിപ്പബ്ലിക്കുകളെയും പിന്തുണച്ചിരുന്നവരില്‍ നല്ലൊരു പങ്കും മാക്രോണിനു വോട്ടു ചെയ്യുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. കഴിഞ്ഞ മാസം 14 നാണ് മുപ്പത്തിയൊന്‍പതുകാരനായ മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി സ്ഥാനമേറ്റത്. മക്രോണിനോട് പരാജയപ്പെട്ട മരീന്‍ ലീപെന്നിന്റെ നാഷനല്‍ ഫ്രണ്ടും സജീവമായി മത്സര രംഗത്തുണ്ട്. അടുത്ത ഞായറാഴ്ചയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല